ചെങ്കൊടിയ്ക്ക് മുന്നില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന സൂര്യ; 'ജയ് ഭീം' ട്രെയ്‌ലറിൽ സിപിഎം കൊടിയോ...
സൂര്യ നായകനാകുന്ന 'ജയ് ഭീം' എന്ന സിനിമയുടെ ടീസര്‍ പുറത്ത് വന്നുകഴിഞ്ഞു. മണിക്കൂറുകള്‍ക്കകം ദശലക്ഷക്കണക്കിന് ആളുകളാണ് ആ ടീസര്‍ യൂട്യൂബില്‍ മാത്രം കണ്ടത്. അതിലെ ചില ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍, രണ്ടിടത്താണ് അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടി ദൃശ്യമാകുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത പതാക, സിപിഎമ്മിന്റേതാണ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന സിനിമ എന്നാണ് 'ജയ് ഭീമി' നെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

അടുത്തിടെയായി തമിഴ് മുഖ്യധാരാ സിനിമകള്‍ ദളിത്, ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ദളിത് രാഷ്ട്രീയത്തേയും സ്വത്വത്തേയും ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന മുഖ്യധാരാ സിനിമകള്‍ ഒരുപക്ഷേ, ഇന്ത്യയിലെ അന്യഭാഷകളില്‍ അസംഭവ്യമെന്ന് തന്നെ വിലയിരുത്താവുന്ന ഒന്നാണ്. വിജയ് നായകനായി എത്തിയ 'കത്തി' എന്ന സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച ജീവ എന്ന കഥാപാത്രം ഒരു കമ്യൂണിസ്റ്റുകാരനും ആയിരുന്നു. എന്താണ് കമ്യൂണിസം എന്നത് ലളിതമായി വിശദീകരിക്കുന്ന ഒരു ഡയലോഗ് ഏറെ വൈറല്‍ ആവുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സൂര്യയുടെ സിനിമയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരം ഒരു നിര്‍ണായക വിഷയമായി വരുന്നു എന്ന രീതിയില്‍ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. അത്രയേറെ പ്രാധാന്യം ഉള്ളതുകൊണ്ടാണ് ടീസറില്‍ തന്നെ രണ്ടിടത്ത് ഇത് കൃത്യമായി ഉള്‍ക്കൊള്ളിച്ചത് എന്നാണ് പലരുടേയും വിലയിരുത്തല്‍. എന്തായാലും കൊടി സിപിഎമ്മിന്റെ തന്നെ ആണോ എന്നറിയാന്‍ സിനിമ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടിവരും.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ എന്നാണ് പറയുന്നത്.റിട്ടയേര്‍ഡ് ജസ്റ്റിസ് കെ ചന്ദ്രു, ഒരു അഭിഭാഷകനായിരിക്കെ നടത്തിയ നിയമ പോരാട്ടത്തിന്റെ കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1993 ല്‍ ആണ് ഈ സംഭവം നടക്കുന്നത്. ഇരുളര്‍ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയ്ക്ക് വേണ്ടിയായിരുന്നു ആ പോരാട്ടം. സിനിമയുടെ പേരും, പ്രമേയവും എന്തായിരിക്കും സിനിമയുടെ രാഷ്ട്രീയം എന്ന് വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ പ്രമേയമായ ഇരുളര്‍ വിഭാഗവുമായി ബന്ധപ്പെട്ട് 1993 ല്‍ സിപിഎം തമിഴ്‌നാട്ടില്‍ എന്തെങ്കിലും സമരം നയിച്ചിരുന്നോ എന്നത് സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. സിനിമയുടെ കഥയില്‍ സിപിഎമ്മിനോ മറ്റേതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ നിര്‍ണായകമായ സ്ഥാനമുണ്ടോ എന്നത് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വിശദീകരിച്ചിട്ടും ഇല്ല. എന്നല്‍ തമിഴ്‌നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ നവോത്ഥാന മുന്നേറ്റങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുള്ളവയാണ്.

ദളിതര്‍ക്കും, ആദിവാസികള്‍ക്കും വേണ്ടി തമിഴ്‌നാട്ടില്‍ വലിയ സമരങ്ങള്‍ നയിച്ചിട്ടുണ്ട് സിപിഎം- ഇപ്പോഴും അത്തരം വിഷയങ്ങളില്‍ ഏറ്റവും ഫലപ്രദമായി ഇടപെട്ടുകൊണ്ടിരിക്കുന്നതും സിപിഎമ്മും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആണ്. പലപ്പോഴും ഇത് ദേശീയ ശ്രദ്ധയും ആകര്‍ഷിച്ചിട്ടുണ്ട്. കീള്‍വെണ്‍മണി സംഭവവും. വചതി കേസും, ജാതിമതിലിനെതിരെയുള്ള പോരാട്ടവും, ക്ഷേത്ര പ്രവേശന സമരവും എല്ലാം ഉദാഹരണങ്ങളാണ്. ഒരു കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറയും ഉണ്ടായിരുന്നു. പെരിയാര്‍ ഇവി രാമസ്വാമി നായ്ക്കര്‍ ഒരു കടുത്ത ഇടതുപക്ഷ വിശ്വാസി ആയിരുന്നു. എന്നാല്‍ ദ്രാവിഡ പാര്‍ട്ടികളുടെ ഉദയത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം തമിഴകത്ത് കുറഞ്ഞു.

ജയ് ഭീം റിലീസ് ചെയ്യുമ്പോള്‍, തമിഴകത്ത് പുതിയൊരു കമ്യൂണിസ്റ്റ് സെന്റിമെന്റസ് ഉദയം ചെയ്യുമോ എന്ന ചോദ്യവും ഇപ്പോള്‍ പലരും ഉന്നയിക്കുന്നുണ്ട്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ സഖ്യത്തിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. സിപിഎമ്മിനും സിപിഐയ്ക്കും ലോക്‌സഭയില്‍ ഏറ്റവും അധികം എംപിമാര്‍ ഉള്ളതും തമിഴ്‌നാട്ടില്‍ നിന്ന് തന്നെയാണ്- രണ്ട് വീതം.

നവംബര്‍ 2 ന് ആണ് ആമസോണ്‍ പ്രൈമില്‍ 'ജയ് ഭീം' റിലീസ് ചെയ്യുന്നത്. ടിജെ ജ്ഞാനവേല്‍ ആണ് സിനിമയുടെ സംവിധായകന്‍. സൂര്യയും ജ്യോതികയും ആണ് നിര്‍മാതാക്കള്‍. പ്രകാശ് രാജ് സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജോമോള്‍ ജോസ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications