ജിഷ കൊലപാതകത്തില്‍ നടന്‍ തസ്‌ലിക് എന്തുപിഴച്ചു, ഫേസ്ബുക്ക് പറയും ഉത്തരം!
തസ്‌ലിക് കെ വൈ എന്ന് ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്തു നോക്കൂ. അമ്പതിനായിരത്തോളം പേര്‍ ഇതേക്കുറിച്ച് സംസാരിക്കുന്നു എന്ന ഫേസ്ബുക്ക് സന്ദേശമാണ് ആദ്യം കിട്ടുക. പെരുമ്പാവൂരില്‍ മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടതില്‍ പിന്നെയാണ് പറവൂരിലെ തുണിക്കടയിലെ സെയില്‍സ്മാനും സിനിമാ നടനുമായ തസ്‌ലികിനെക്കുറിച്ച് ആളുകള്‍ സംസാരിച്ച് തുടങ്ങിയത്.
പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിലെ സാമ്യമാണ് തസ്‌ലികിന് വിനയായത്. ഫേസ്ബുക്കും വാട്‌സ് ആപ്പിലും പറന്നുനടക്കുകയാണ് തസ്‌ലികിന്റെ ചിത്രങ്ങള്‍. കഥയെന്താണ് എന്ന് അറിയാത്തവര്‍ പോലും ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്. അവസാനം സഹികെട്ട് തസ്‌ലിക് തന്നെ ഫേസ്ബുക്കിലൂടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്ത് ഇക്കാര്യം പറയുകയായിരുന്നു.

ജിഷയുടെ കൊലപാതകി എന്ന് പറഞ്ഞാണ് ആളുകള്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് ഇതിലെ സങ്കടകരമായ കാര്യം. അങ്ങനെ ചെയ്യാനായി ഈ ഷെയര്‍ ചെയ്യുന്ന പക്കലുള്ള തെളിവാകട്ടെ പോലീസ് പുറത്തുവിട്ട രേഖാചിത്രവും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് എടുത്തുപറഞ്ഞ പല്ലുകള്‍ക്കിടയിലെ വിടവും തസ്‌ലിക്കിന്റെ കാര്യത്തില്‍ ശരിയാകുന്നുണ്ട് എന്ന് വരെ സോഷ്യല്‍ മീഡിയയിലെ 'അന്വേഷണ ഉദ്യോഗസ്ഥര്‍' കണ്ടെത്തുന്നു.
പോലീസ് ഒരു രൂപരേഖ തയ്യാറാക്കി എന്ന് കരുതി അതുമായി സാദൃശ്യമുള്ളവരെയെല്ലാം ഇങ്ങനെ ക്രൂശിക്കാമോ എന്ന് ചോദിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. തസ്‌ലിക് ജോലി ചെയ്യുന്ന കടയുടമയുടെ ബന്ധുവായ ഒരാള്‍ ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തസ്‌ലിക് സ്വമേധയാ പോലീസ് സ്‌റ്റേഷനില്‍ പോയി തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം എഴുതുന്നു. സമൂഹമാധ്യമങ്ങളിലൂടെ എങ്ങനെയാണ് കിംവദന്തികള്‍ പ്രചരിക്കുന്നത് എന്നതിന് മറ്റൊരൂ തെളിവാകുകയാണ് ഈ സംഭവം.












Click it and Unblock the Notifications