ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി, കേരള സ്റ്റോറിയും റോക്കി ഓര്‍ റാണി കി പ്രേം കഹാനിയും പട്ടികയിൽ?
ന്യൂ ഡല്‍ഹി: 2024ലെ ഓസ്‌കര്‍ പുരസ്‌ക്കാരത്തിന് ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക എൻട്രിയായ ചിത്രം തിരഞ്ഞെടുക്കാനുളള നടപടി ക്രമങ്ങള്‍ക്ക് തുടക്കം. വിവേക് അഗ്നിഹോത്രിയുടെ വിവാദ ചിത്രം കേരള സ്‌റ്റോറി അടക്കമുളളവ ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കപ്പെടാൻ സാധ്യതയുളള ചിത്രങ്ങളുടെ പട്ടികയിലുണ്ട് എന്നാണ് പുറത്ത് വരുന്ന സൂചന.
കപില്‍ ശര്‍മയുടെ സ്വിഗാറ്റോ, കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി , ബലഗാം എന്നിവയും പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്ത പ്രകാരം 17 അംഗ കമ്മിറ്റിയാണ് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ചിത്രം തിരഞ്ഞെടുക്കുന്നത്. സംവിധായകന്‍ ഗിരീഷ് കാസറവള്ളിയാണ് കമ്മിറ്റി തലവന്‍.

വിവിധ ഭാഷകളില്‍ നിന്നായി 22 ചിത്രങ്ങളാണ് കമ്മിറ്റിക്ക് മുന്നിലെത്തിയിരിക്കുന്നത് എന്നാണ് വിവരം. ചെന്നൈയില്‍ വെച്ചാണ് കമ്മിറ്റിക്ക് വേണ്ടി ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നത്. ഓസ്‌കാറിനുളള ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കപ്പെടാനായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്നിലെത്തിയ ചിത്രങ്ങളില്‍ ദ സ്റ്റോറി ടെല്ലര്‍ (ഹിന്ദി), മ്യൂസിക് സ്‌കൂള്‍ (ഹിന്ദി), മിസിസ്സ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ (ഹിന്ദി), 12ത് ഫെയില്‍ ( ഹിന്ദി), വിടുതലൈ പാര്‍ട്ട് 1 (തമിഴ്), ദസറ (തെലുഗു) എന്നിവയും ഉണ്ടെന്നാണ് വിവരം.
മറാത്തി ചിത്രമായ വാല്‍വി, ഹിന്ദി ചിത്രമായ ഗദ്ദര്‍ 2, അബ് തോ സബ് ഭഗവാന്‍ ഭറോസെ, മറാത്തി ചിത്രമായ ബാപ് ല്യോക് എന്നിവയും പട്ടികയില്‍ ഇടം പിടിച്ചേക്കാം. ഈ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഫീസ് അടക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് എന്നുമാണ് ഫിലിം ഫെഡറേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രം പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications