കെഎസ്ആര്‍ടിസി ബ്ലോഗ് പൂട്ടണമെന്ന് എംഡിയുടെ നോട്ടീസ്... പ്രതിഷേധം കനക്കുന്നു!
കെഎസ്ആര്‍ടിസിബ്ലോഗ്.കോം പൂട്ടണമെന്ന് കെ എസ് ആര്‍ ടി സി എം ഡിയുടെ നോട്ടീസ്. കെ എസ് ആര്‍ ടി സി ബ്ലോഗ് - ആനവണ്ടി എന്ന ബ്ലോഗ് നടത്തുന്ന സുജിത് ഭക്തനാണ് കെ എസ് ആര്‍ ടി സി എം ഡിയുടെ വകയായി നോട്ടീസ് കിട്ടിയിരിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ ട്രേഡ് മാര്‍ക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നു എന്ന് കാണിച്ചാണ് നോട്ടീസ്. കെഎസ്ആര്‍ടിസിബ്ലോഗ്.കോമിലെ ഉള്ളടക്കം വഴി കെ എസ് ആര്‍ ടി സിയുടെ ഇമേജിന് കോട്ടം തട്ടുന്നതായും എം ഡിക്ക് പരാതിയുണ്ട്.
കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്ലോഗില്‍ നിന്നും ഒഴിവാക്കണമെന്നും കെ എസ് ആര്‍ ടി സിയുടെ പേര് ഡൊമൈനില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ എസ് ആര്‍ ടി സിയെക്കുറിച്ച് നെഗറ്റീവ് ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അനുസരിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജൂണ്‍ 27 ന് അയച്ച നോട്ടീസില്‍ പറയുന്നു.

കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ബ്ലോഗാണ് കെഎസ്ആര്‍ടിസിബ്ലോഗ്.കോം. ഫേസ്ബുക്കില്‍ ഈ പേജിന് 5 ലക്ഷത്തിലധികം ലൈക്കുകളുണ്ട്. കെ എസ് ആര്‍ ടി സി ബസ്സുകളുടെ സമയവും അപ്‌ഡേറ്റുകളും വിവരങ്ങളും വാര്‍ത്തകളും ബ്ലോഗില്‍ ലഭ്യമാണ്. കെ എസ് ആര്‍ ടി സിക്ക് ഈ ബ്ലോഗ് വഴി കിട്ടുന്ന പബ്ലിസിറ്റി ചെറുതല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നിരിക്കേ കെഎസ്ആര്‍ടിസിബ്ലോഗ്.കോം പൂട്ടണമെന്നാവശ്യപ്പെട്ട എം ഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.
കെ എസ് ആര്‍ ടി സി എന്ന പേര് പോലും കര്‍ണാടകക്കാര്‍ കൊണ്ടുപോയ കേരള കെ എസ് ആര്‍ ടി സിക്ക് ഇങ്ങനെ ഒരു നോട്ടീസ് അയക്കാന്‍ എന്ത് അധികാരമാണ് ഉള്ളതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ ചിത്രങ്ങള്‍ ബ്ലോഗില്‍ ഉപയോഗിക്കാന്‍ ബ്ലോഗുടമയ്ക്ക് നേരത്തെ സര്‍ക്കാര്‍ അനുവാദം കൊടുത്തിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്ത് വന്നാലും ബ്ലോഗിന്റെ പ്രവര്‍ത്തനം നിര്‍ത്തരുത് എന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications