'10 മിനിറ്റ് മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായിരിക്കും, അയാള്‍ കയറിപ്പിടിച്ചു'; കാസ്റ്റിംഗ് കൗച്ച് അനുഭവം
സിനിമ ഓഡിഷനെത്തിയപ്പോഴുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി യുവ നടി മാളവിക ശ്രീനാഥ്. ഒരു സിനിമയുടെ ഓഡിഷന് എത്തിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. ഡ്രെസിംഗ് റൂമില്‍ കയറിയപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടയാള്‍ കയറിപ്പിടിച്ചെന്ന് മാളവിക പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്നുപറയുന്നത്. അന്ന് അവിടെ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും മാളവിക തുറന്നുപറയുന്നു. മാളവികയുടെ വാക്കുകളിലേക്ക്....
സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മാളവികയുടെ മറുപടി. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. ഞാന്‍ കാസ്റ്റിംഗ് കൗച്ചിന്റെ ഒരു വിക്ടിം ആണെന്ന് വേണമെങ്കില്‍ പറയാം. ഇതിനെ കുറിച്ച് ഞാന്‍ വേറെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. കുറേകാലത്തിന് മുമ്പായിരുന്നു ആ സംഭവമെന്ന് മാളവിക പറയുന്നു.

ഇപ്പോള്‍ എനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സ്‌പേസ് ഉണ്ട്. അതുകൊണ്ട് എനിക്ക് ധൈര്യമായി പറയാലോ. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഞ്ജു വാര്യരുടെ ഒരു സിനിമയ്ക്ക് വേണ്ടിയിട്ടാണ് എന്ന് പറഞ്ഞാണ് വിളിക്കുന്നത്. ഇതില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള ഒരു അവസരമുണ്ട്. ആരായാലും ഇത് കേട്ടാല്‍ വീണു പോകും. ഞാനും ഫ്‌ളാറ്റായി. മഞ്ജു ചേച്ചിയെ ഒന്ന് കാണാലോ എന്ന് വിചാരിച്ചെങ്കിലും നമ്മള്‍ പോകും.
അന്ന് നമുക്ക് സിനിമയില്‍ കോണ്ടാക്ട് ഇല്ല, ഇത് ജെനുവിനാണോ എന്ന് നമുക്ക് നോക്കാന്‍ സാധിക്കില്ല. എന്നാലും അന്ന് ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര്‍ എനിക്ക് വേണ്ടി ഇന്നോവ കാറൊക്കെ വിട്ടു. അന്ന് ഞാനും അമ്മയെയും അനിയത്തിയെയും കൂട്ടിയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. നമ്മളെ കൊണ്ടു പോയി.
ഒരു ചില്ലിട്ട മുറിയായിരുന്നു, ഞാന്‍ അതില്‍ നിന്ന് ഓഡിഷന്‍ ചെയ്യുകയാണ്. അര മണിക്കൂറോളം ഇയാള്‍ എന്നെ ഓഡിഷന്‍ ചെയ്യിക്കുന്നുണ്ട്. ഈ ചില്ലിട്ട മുറിയിലൂടെ എനിക്ക് കാണാം പുറത്ത് അമ്മയും അനിയത്തിയും ഇരിക്കുന്നത്. ഞാന്‍ ഭയങ്കര ഹാപ്പിയായി. കുറേ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇയാള്‍ എന്നോട് പറഞ്ഞു, മാളവിക മുടി കുറച്ച് പാറിയിട്ടുണ്ട്. അവിടെ ഡ്രസിംഗ് റൂം ഉണ്ട്, ഒന്ന് ശരിയാക്കി വരൂ എന്ന്.
ഓക്കെ സാര്‍ എന്ന് പറഞ്ഞ്, ഞാന്‍ ആ റൂമിലേക്ക് പോയി. അവിടെ നിന്ന് ഹെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഇയാള്‍ പെട്ടെന്ന് എന്നെ ബാക്കില്‍ വന്ന് പിടിച്ചു. അത്യാവശ്യം നല്ല പൊക്കവും തടിയൊക്കെയുള്ള ആളായിരുന്നു. എത്ര തട്ടിമാറ്റിയിട്ടും അയാള്‍ പോകുന്നുണ്ടായിരുന്നില്ല. ആ സമയത്ത് റിയാക്ട് ചെയ്യാനാകാതെ വിറങ്ങലിച്ച് നിന്നുപോയി. അന്ന് ഞാന്‍ ഇതിലും ചെറുതായിരുന്നു.
ആ സമയത്ത് അയാള്‍ എന്റെ അടുത്ത് പറഞ്ഞു. ഇപ്പോ ഒന്ന് മനസ് വെച്ചാല്‍ മഞ്ജു വാര്യരുടെ മോളായായിട്ടായിരിക്കും സ്‌ക്രീനില്‍ മാളവികയെ കാണുക. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. കരയാന്‍ തുടങ്ങിയ ഞാന്‍ അയാളുടെ ക്യാമറ തട്ടിത്താഴെയിടാന്‍ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാന്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നെന്ന് മാളവിക പറഞ്ഞു.












Click it and Unblock the Notifications