സഹോദരനെ നഷ്ടപ്പെട്ടത് പോലെയെന്ന് മോഹൻലാൽ...അനുശോചിച്ച് മലയാള സിനിമാ ലോകം
കൊച്ചി; കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍
അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖരായ സിനിമ പ്രവര്‍ത്തകര്‍ എല്ലാവരും പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് രംഗത്തെത്തി.

പുനീതിന്റെ വിയോഗം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മോഹൻലാൽ പ്രതികരിച്ചു. എനിക്ക് ഇപ്പോഴും ഈ വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്. എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ഞാൻ അടുത്ത ബന്ധം പങ്കിടുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ ഓർത്താണഅ എന്റെ പ്രാർത്ഥനകളും ചിന്തകളും. ഈ നികത്താനാവാത്ത നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തിയും മനോബലവും അവർക്ക് ലഭിക്കട്ടെ, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ കന്നഡ ചിത്രം 'മൈത്രി'യിൽ അതിഥി വേഷത്തിൽ പുനീതും അഭിനയിച്ചിരുന്നു. 2015 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പുനീതിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് മോഹൻലാലിന് ഉള്ളത്.

പുനീതിന്റെ വിയോഗം ഹൃദയം തകർക്കുന്ന വേദനയാണ് നൽകുന്നത്. സിനിമാലോകത്തിന് ഇതൊരു വലിയ നഷ്ടമാണ്. പുനീതിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം, മമ്മൂട്ടി കുറിച്ചു.
ഏറെ വേദനിപ്പിക്കു..റെസ്റ്റ് ഇൻ പീസ് സൂപ്പർ സ്റ്റാർ..കുടുംബത്തിനും സുഹൃത്തുക്കൾക്കും ദശലക്ഷക്കണക്കിന് ആരാധകർക്കും ഈ ദുഖത്തിൽ നിന്ന് കരകയറാൻ ശക്തിയുണ്ടാകട്ടെ!-പൃഥ്വിരാജ്

വികാരനിര്‍ഭരമായ കുറിപ്പാണ് നടി ഭാവന പങ്കുവെച്ചത്.അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും നിലനിൽക്കുക. പുനീതിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഭാവന കുറിച്ചു. നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും ഇങ്ങനെ തന്നെ നിലനിൽക്കും. നിങ്ങളെ ഞാൻ വല്ലാതെ മിസ് ചെയ്യു. ഇത്ര നേരത്തേ പോയല്ലേ, ഭാവന കുറിച്ചു. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍


Click it and Unblock the Notifications