ഞാന്‍ ഉറക്കെ അലറി...!! അയാള്‍ വേഗം സോറി പറഞ്ഞു; മാളിലുണ്ടായ അനുഭവം പറഞ്ഞ് നടി ജോമോള്‍
കൊച്ചി: ബോള്‍ഡായി പെരുമാറാന്‍ പഠിക്കേണ്ടത് ഇക്കാലത്ത് ഓരോ വ്യക്തിയും ആര്‍ജിച്ചെടുക്കേണ്ട ഗുണമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. പിന്നാക്കം വലിയുന്ന പ്രവണത പലപ്പോഴും കൂടുതല്‍ പ്രതിസന്ധിയിലേക്കും ഭാവി സുന്ദരമായി കെട്ടിപ്പടുക്കുന്നതിലുള്ള വിഘാതത്തിലേക്കുമെത്തിക്കും. സമീപകാലത്ത് സെലിബ്രിറ്റികളില്‍ ചിലര്‍ പ്രകടിപ്പിക്കുന്ന പക്വതയാര്‍ന്ന അഭിപ്രായങ്ങളും മറ്റും യുവ തലമുറയെ സ്വാധീനിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അനാവശ്യമായ പെരുമാറ്റം ആരുടെ ഭാഗത്തു നിന്നുണ്ടായാലും വേണ്ട സമയത്ത് പ്രതികരിക്കണമെന്ന് സൂചിപ്പിക്കുന്നതാണ് നടി ജോമോളുടെ അനുഭവം. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്...

മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകികുട്ടി, നിറം തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോമോള്‍. കോഴിക്കോട്ടുകാരിയായ ഈ താരം വിവാഹ ശേഷം സിനിമാ രംഗത്ത് സജീവമല്ല. കുടുംബ ജീവിതം നയിക്കുന്ന അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യുവതാരങ്ങളില്‍ ടൊവിനോ, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ, ആസിഫലി തുടങ്ങിയവരുടെ അഭിനയമെല്ലാം ആകര്‍ഷിച്ചിട്ടുണ്ടെന്ന് ജോമോള്‍ പറഞ്ഞു.

നല്ല ക്ഷമയുള്ള വ്യക്തിയാണ് താന്‍ എന്ന് സൂചിപ്പിച്ച ജോമോള്‍, എല്ലാത്തിനും പരിധിയുണ്ടെന്ന് പറയുന്നു. ഈ വേളയിലാണ് ലുലു മാളില്‍ വച്ചുണ്ടായ ഒരു അനുഭവം അവര്‍ വിവരിച്ചത്. കുടുംബത്തോടൊപ്പം സിനിമ കാണാന്‍ പിവിആറില്‍ പോയതായിരുന്നു. കിയോസ്‌കിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരുത്തന്‍ വന്ന് തട്ടിയിട്ട് നടന്നുപോയി...

നല്ല തിരക്കായിരുന്നു. മൂന്ന് പേര് നടന്നുപോകുന്നു. അതിലൊരാള്‍ ആവശ്യമില്ലാത്ത വിധം തന്നെ തട്ടിയിട്ട് പോയി. തൊടേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. ഈ വേളയില്‍ ഞാന്‍ അവരുടെ മുമ്പില്‍ പോയി നിന്നു. എന്നിട്ട് അലറി. ഉച്ചത്തില്‍ അവരെ ചോദ്യം ചെയ്തു. എന്ത് ഉദ്ദേശത്തിലാണ് തന്നോട് അങ്ങനെ ചെയ്തത് എന്ന് ഞാന്‍ ചോദിച്ചുവെന്നും ജോമോള്‍ പറയുന്നു.

അവിടെ മൊത്തം നിശ്ചലമായി. അറിയാതെ തട്ടിപ്പോയതാണെങ്കില്‍ അവര്‍ അക്കാര്യം പറയുമായിരുന്നു. എന്നാല്‍ മറിച്ചാണുണ്ടായത്. ചോദിച്ച ഉടനെ സോറി മാഡം എന്ന പ്രതികരണമാണ് അവരില്‍ നിന്നുണ്ടായത്. ഇനി ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. ഈ സമയം മക്കള്‍ കുറച്ച് അകലെയായിരുന്നു. രണ്ടു ഫ്‌ളോറും സൈലന്റായി പോയെന്ന് മകള്‍ ആര്യ അടുത്ത് വന്ന് പറഞ്ഞുവെന്നും ജോമോള്‍ സരസമായി വിശദീകരിച്ചു.

ഗോസിപ്പുകള്‍ക്ക് ചെവി കൊടുക്കാറില്ലെന്നും ഒരാള്‍ രഹസ്യമായി പറയുന്ന കാര്യങ്ങള്‍ മറ്റാരോടും പറയാറില്ലെന്നും ജോമോള്‍ പറയുന്നു. താരങ്ങളോടുള്ള ഇഷ്ടം ഓരോ സിനിമയിലെ അവരുടെ അഭിനയം കാണുമ്പോഴാണെന്നും നടി പ്രതികരിച്ചു. നടന്‍ കുഞ്ചാക്കോ ബോബന്‍ ആദ്യകാലത്ത് തിളങ്ങി നിന്ന വേളയിലാണ് ജോമോളും സിനിമയില്‍ സജീവമായിരുന്നത്. മയില്‍പീലിക്കാവ്, നിറം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചു.


Click it and Unblock the Notifications
