നാണമുണ്ടോ മാതൃഭൂമീ... സ്വന്തം ഓഫീസ് തകര്‍ത്തവരുടെ പേരും ഫോട്ടോയുമെങ്കിലും കൊടുത്തൂടേ...
അമ്പതോളം പേര്‍ തങ്ങളുടെ കോട്ടക്കല്‍ ഓഫീസിലെത്തി ആക്രമിച്ചു എന്ന് മാതൃഭൂമിയിലെ വാര്‍ത്ത. വന്നവരില്‍ ഇരുപതോളം പേര്‍ ഓഫീസിനകത്ത് കയറി വ്യാപക നഷ്ടമുണ്ടാക്കുകയും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു എന്നും ഒന്നാം പേജില്‍ നല്‍കിയ ആറ് കോളം വാര്‍ത്തയില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തെ അപലപിച്ച് ഒന്നാം പേജില്‍ തന്നെ മുഖപ്രസംഗവും എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണങ്ങള്‍ വേറെ.
എന്നാല്‍ ഒന്നാം പേജിലെ ഈ വാര്‍ത്തയില്‍ എവിടെയും ആരാണ് ആക്രമിച്ചത് എന്ന് മാതൃഭൂമി പറയുന്നില്ലല്ലോ എന്നാണ് വായനക്കാരുടെ ചോദ്യം. മണിക്കൂറുകളോളം അക്രമികള്‍ തല്ലിത്തകര്‍ത്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഒരാളുടെ പോലും ചിത്രം പ്രസിദ്ധീകരിച്ചിട്ടില്ല. പത്രത്തില്‍ കൊടുത്തത് തകര്‍ന്നുകിടക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങള്‍ മാത്രം. ആരാണ് ഓഫീസ് തകര്‍ത്തത് എന്നില്ല.

നാട്ടിലെ ഏത് സംഭവത്തിന്റെയും വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ജനങ്ങളില്‍ എത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനം, സ്വന്തം ഓഫീസിന് നേരെ നടന്ന ആക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണ് എന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നുണ്ട്. ഓഫീസിലെ സി സി ടി വിയില്‍ നിന്നും, അക്രമം നടത്തിയ പത്തോളംപേരെ കൃത്യമായി പോലീസ് തിരിച്ചറിഞ്ഞു എന്നും വാര്‍ത്തയില്‍ ഉണ്ടെങ്കിലും ഇവരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. എന്നാല്‍ മാതൃഭൂമി ചാനലില്‍ ഈ ദൃശ്യങ്ങളെല്ലാം വ്യക്തമായി കാണിക്കുകയും ചെയ്തിരുന്നു.
മാതൃഭൂമിയുടെ മലപ്പുറം എഡിഷന്റെ ആസ്ഥാനമാണ് കോട്ടക്കലെ ഓഫീസ്. ഓഫീസിന് മുന്നില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചതെത്തുടര്‍ന്നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫറെയും ചിലര്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാതൃഭൂമി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിലെ ചില്ലുകളും ഉപകരണങ്ങളും അടിച്ച് തകര്‍ത്ത അക്രമികള്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.


Click it and Unblock the Notifications
