'ഇടതുവിരുദ്ധ സെലിബ്രിറ്റികള്‍' തോറ്റമ്പിയ തിരഞ്ഞെടുപ്പ്... ആരൊക്കെ തോറ്റു?
തിരഞ്ഞെടുപ്പാകുമ്പോള്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുന്ന പരിപാടി നമ്മുടെ നാട്ടില്‍ ഇപ്പോഴാണ് കൂടുതല്‍ പ്രചാരം നേടുന്നത്. പണ്ടൊക്കെ തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒക്കെയായിരുന്നു ഈ പരിപാടി.
തമിഴകത്തും തെലുങ്ക് നാട്ടിലും ക്ലച്ച് പിടിച്ച ആ പരിപാടി പക്ഷേ നമ്മുടെ നാട്ടില്‍ ഇതുവരെ കാര്യമായി ക്ലിക്ക് ആയിട്ടില്ല. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളും നല്‍കുന്നത് ആ സൂചന തന്നെ.
മത്സരിയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയ താരങ്ങളില്‍ മിക്കവരും കാലിടറി വീണു. അതില്‍ ഭൂരിപക്ഷവും ഇടതുവിരുദ്ധ സ്ഥാനാര്‍ത്ഥികളായിരുന്നു എന്നതാണ് രസകരം. ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച ഒരാള്‍ ജയിക്കുകയും ചെയ്തു.

സെലിബ്രിറ്റി തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിവിന് വിപരീതമായി സെലിബ്രിറ്റികള്‍ ഏറെയാണ് മത്സരരംഗത്തുണ്ടായിരുന്നത്. തങ്ങളുടെ പ്രശസ്തി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പലരും രംഗത്തിറങ്ങിയത്. എന്നാല്‍ മിക്കവര്‍ക്കും തുടക്കത്തിലേ കാലിടറി

വീണ എസ് നായര്‍
ടെലിവിഷന്‍ അവതാരകയായ വീണ എസ് നായര്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശാസ്തമംഗലത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ നേരിട്ട് രംഗത്തിറങ്ങിയിട്ടും വീണയ്ക്ക് തോല്‍ക്കാനായിരുന്നു വിധി. സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു ശ്രീകുമാറാണ് വീണയെ തോല്‍പിച്ചത്.

അലി അക്ബര്‍
സംവിധായകന്‍ അലി അക്ബര്‍ ഇത്തവണയും മത്സര രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി വടകരയില്‍ മത്സരിച്ച ആളാണ് അലി അക്ബര്‍. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലാണ് മത്സരിച്ചത്. കിട്ടിയത് വെറും 396 വോട്ടുകള്‍ മാത്രം.

സോണിയ ജോസ്
സിനിമ-സീരിയല്‍ താരമായ സോണിയ ജോസ് ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായാണ് രംഗത്തിറങ്ങിയത്. കോട്ടംകാരിയാണെങ്കിലും കൊച്ചി കോര്‍പ്പറേഷനിലേയ്ക്കാണ് മത്സരിച്ചത്. 33 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മമ്മി സെഞ്ച്വറി
സിനിമ നിര്‍മാതാവായ മമ്മി സെഞ്ച്വറിയായിരുന്നു മറ്റൊരു സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി. ഇടതുമുന്നണിയ്ക്ക് വേണ്ടി എന്‍സിപി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ചത്. പക്ഷേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു.

ഹെന്ന മരിയ കെന്നഡി
കിസ്സ് ഓഫ് ലവ് സമരനായികയാണ് മോഡല്‍ ആയ ഹെന്ന മരിയ കെന്നഡി. അന്ന് ആ സമരത്തിനെതിരെ രംഗത്ത് വന്നവരില്‍ പ്രമുഖര്‍ ബിജെപിക്കാര്‍ ആയിരുന്നു. എന്നാല്‍ ആ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഹെന്ന കളമശ്ശേരി നഗരസഭയിലേയ്ക്ക് മത്സരിച്ചത്. പക്ഷേ കിട്ടിയത് വെറും 47 വോട്ടുകള്‍ മാത്രം.

ദലീമ
ഇടതുപക്ഷത്തിനാണ് സെലിബ്രിറ്റികളുടെ കാര്യത്തില്‍ അല്‍പമെങ്കിലും അഭിമാനിയ്ക്കാവുന്നത്. മമ്മി സെഞ്ച്വറി തോറ്റെങ്കിലും ഗായികയായ ദലീമ വിജയിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേയ്ക്കാണ് ദലീമ ഇടത് സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറിയത്.












Click it and Unblock the Notifications