'മിന്നല്‍പ്പിണറായി' വിജയന്‍ തിടമ്പേറ്റി ആനപ്പുറത്ത്, ചിത്രം വൈറൽ; മിണ്ടാട്ടം മുട്ടി സൈബര്‍ സഖാക്കള്‍
തൃശ്ശൂര്‍ പൂരത്തിന് ആനയെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് വലിയ തോതില്‍ ആത്മരോഷം കൊണ്ടവരാണ് ഓണ്‍ലൈനില്‍ സി പി എം അണികള്‍. പൂരത്തിന് ആനയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന പൊതുവികാരത്തിന് ചേരുന്നതായിരുന്നു ഈ ക്യാംപെയ്‌നുകള്‍. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായ പിണറായി വിജയന്റെ ചിത്രം ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ചിത്രം കണ്ട് അന്തിച്ചുനില്‍ക്കുകയാണ് സൈബര്‍ സഖാക്കള്‍.
കൂറ്റനാട് 96ആം ബൂത്ത് എന്നെഴുതിയ ബാനറുകളുമായി രണ്ട് ആനകളെ തിടമ്പേറ്റി എഴുന്നള്ളിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. തങ്ങളുടെ തീപ്പൊരി നേതാവിനെ തിടമ്പേറ്റി എഴുന്നള്ളിക്കുമ്പോള്‍ ആനകളെ പീഡിപ്പിക്കുകയാണ് എന്ന് തോന്നുന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയ സി പി എമ്മിനോട് ചോദിക്കുന്നത്. അതോ സ്വന്തം കാര്യം വരുമ്പോള്‍ ആനയെ പീഡിപ്പിക്കാം എന്നാണോ.

അതേസമയം, ഇത് പഴയ ചിത്രമാണ് എന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ഒരു ശ്രമം നടത്തുന്നവരും സി പി എം അനുഭാവികളില്‍ ഉണ്ട്. ഫോട്ടോഷോപ്പാണ് എന്ന് പറഞ്ഞാണ് മറ്റ് ചിലര്‍ ഇതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഫോട്ടോഷോപ്പല്ല എന്ന് ചിത്രം പ്രചരിപ്പിക്കുന്നവര്‍ അടിവരയിട്ട് പറയുന്നു. ഇതിപ്പോള്‍ സി പി എമ്മിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ല, എല്ലാ പാര്‍ട്ടിക്കാരും ചെയ്യുന്നതാണ് എന്ന് പറയുന്നവരും സൈബര്‍ സഖാക്കളുടെ കൂട്ടത്തിലുണ്ട്.
പിണറായി വിജയന്റെ അനുമതിയോടെയാണോ ഈ എഴുന്നള്ളത്ത് നടന്നത് എന്ന് പോലും ആര്‍ക്കും നിശ്ചയമില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഈ ചിത്രം ചര്‍ച്ചയാകുന്നത് സി പി എമ്മിനെയും പിണറായി വിജയനെയും പ്രതിരോധത്തിലാക്കും. ഒരു കമ്യൂണിസ്റ്റിന്റെ അന്തസ്സ് പാലിക്കണം എന്ന് പറഞ്ഞ നേതാവിനോട് അണികള്‍ ഇങ്ങനെ ചെയ്യാന് പാടില്ലായിരുന്നു എന്ന് പരിതപിക്കുന്നവരെയും കാണാനുണ്ട്.


Click it and Unblock the Notifications
