സ്ഥാനമേല്‍ക്കും മുമ്പേ കോടികളുടെ ഒന്നാം പേജ് പരസ്യം, ഇത് ശരിയോ പിണറായി സഖാവേ?
കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റ് 18 മന്ത്രിമാരും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു സി പി എം നയിച്ച പ്രചാരണത്തിലെ പ്രധാന മുദ്രാവാക്യം.
കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട സര്‍ക്കാരായിരിക്കും ഈ എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നാണ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വളരെ നല്ല കാര്യം. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കണ്ട, അവശ്യ ജോലികള്‍ മാത്രം ചെയ്താല്‍ മതി എന്ന് നിര്‍ദേശം നല്‍കിയും പിണറായി കയ്യടി നേടി. എന്നാല്‍ സത്യപ്രതിജ്ഞാ ദിവസം പുറത്തുവന്ന പത്രങ്ങളില്‍ എല്ലാം പിണറായി സ്ഥാനമേല്‍ക്കുന്നതിന്റെ ഫുള്‍പേജ് പരസ്യം. മലയാളം ഇംഗ്ലീഷ് എന്നൊന്നും വേണ്ട എല്ലാ പത്രങ്ങളിലും... കാണൂ...

ഇങ്ങനെയോ ചെലവ് ചുരുക്കല്‍
ചെലവ് ചുരുക്കല്‍ എന്ന് പറഞ്ഞ് മന്ത്രിമന്ദിരത്തിന്റെ പണികള്‍ പോലും വേണ്ട എന്ന് വെച്ച സര്‍ക്കാരാണോ കോടികള്‍ ചെലവഴിച്ച് പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യം കൊടുത്തത്. രണ്ടും അങ്ങോട്ട് ചേരുന്നില്ലല്ലോ

പാര്‍ട്ടിയോ സര്‍ക്കാരോ
സ്ഥാനമേല്‍ക്കും മുമ്പേ പാര്‍ട്ടി പരസ്യം പോലും തോല്‍ക്കുന്ന വിധത്തിലാണ് സത്യപ്രതിജ്ഞയുടെ പരസ്യം നല്‍കിയിരിക്കുന്നത്. ഇതിന് പണം മുടക്കിയിരിക്കുന്നതോ പബ്ലിക് റിലേഷന്‍ വകുപ്പും. സത്യ പ്രതിജ്ഞ ജനങ്ങളെ അറിയിക്കാന്‍ പി ആര്‍ ഡി പരസ്യം നല്‍കാറുണ്ട്. അത് പക്ഷേ സത്യപ്രതിജ്ഞയുടെ വിശദാംശങ്ങളാണ് എന്ന് മാത്രം.

എന്തിനാണീ പരസ്യം
ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ എന്ന കാര്യം എല്ലാ പത്രങ്ങളും ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ചാനലുകളും ആഘോഷിക്കുന്നു. പിന്നെ ആരെ അറിയിക്കാന്‍ വേണ്ടിയാണ് കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള ഈ ധൂര്‍ത്ത്.

സുഖിപ്പിച്ചതാണോ
തിരഞ്ഞെടുപ്പ് തീയതി വരെ പ്രതികൂലിച്ചും അനുകൂലിച്ചും എഴുതിയ മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുളള ടിപ്പാണോ ഈ പരസ്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിണറായി വിജയന്റെ അപദാനങ്ങള്‍ എഴുതുന്നതില്‍ മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങള്‍ മത്സരിക്കുന്ന കാര്യവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ടോ

കാണാഞ്ഞിട്ടാണോ?
അഥവാ ഇനി പിണറായി വിജയൻ കാണാതെയോ ശ്രദ്ധയിൽ പെടാതെയോ ആണോ ഈ പരസ്യം പോയിട്ടുണ്ടാകുക, എങ്കിൽ അതും ചർച്ച ചെയ്യപ്പേടേണ്ട കാര്യമാണ്. ഉമ്മൻ ചാണ്ടിയും മറ്റും കൊടുത്തിട്ടുണ്ടാകും, അത് പോലെ ഞങ്ങളും എന്ന് പറഞ്ഞ് പിടിച്ചുനിൽക്കാൻ പറ്റുമോ.


Click it and Unblock the Notifications