'സ്മൃതി ഇറാനിയെ കാണാനില്ല'; പോസ്റ്റർ പങ്കിട്ട് കോൺഗ്രസ്, മറുപടിയുമായി മന്ത്രി
ഗുസ്തി താരങ്ങളുടെ സമരത്തിൽ മൗനം തുടരുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് കോൺഗ്രസ്. മന്ത്രിയെ കാണാനില്ലെന്ന പോസ്റ്റർ ട്വിറ്ററിൽ പങ്കിട്ട് കൊണ്ടായിരുന്നു സ്മൃതിക്കെതിരായ കോൺഗ്രസ് പരിഹാസം. ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഒളിച്ച് വെയ്ക്കുകയാണ് സ്മൃതി ചെയ്യുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
മന്ത്രി സ്മൃതി ഇറാനി, മീനാക്ഷി ലേഖി എന്നിവരുടെ ചിത്രങ്ങളാണ് ട്വീറ്റിൽ കോൺഗ്രസ് പങ്കിട്ടിരിക്കുന്നത്. ഒരാൾ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ചിച്ച ചോദ്യങ്ങൾ ഒളിച്ച് വെയ്ക്കുമ്പോൾ മറ്റൊരാൾ ഓടി രക്ഷപ്പെടുകയാണന്ന് കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ ഓടി പോകുന്ന മീനാക്ഷി ലേഖിയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുന്നുണ്ട്. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ട്വീറ്റ്. അതേസമയം കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സ്മൃതി ഇറാനി രംഗത്തെത്തി.
'സിർസിര ഗ്രാമം, വിദാൻ സൗധ സലൂൺ, ദുരൻപു എന്നീ സ്ഥലങ്ങൾ പിന്നിടുന്നതേയുള്ളൂ. ഇനി മുൻ എംപിയെയാണ് നിങ്ങൾ തിരയുന്നതെങ്കിൽ യുഎസിലേക്ക് വിളിക്കൂ', എന്നായിരുന്നു സ്മൃതിയുടെ ട്വീറ്റ്. അതിനിടെ ഗുസ്തി താരങ്ങളുടെ സമരത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും പ്രതികരിച്ചു. ഡൽഹി പോലീസ് അന്വേഷണം പൂർത്തിയാക്കുന്നത് വരെ ഗുസ്തി താരങ്ങൾ സമാധാനം പാലിക്കണമെന്നായിരുന്നു താക്കൂർ പറഞ്ഞത്. കേന്ദ്രസർക്കാർ ഗുസ്തി താരങ്ങൾക്കൊപ്പമാണെന്നും താക്കൂർ പറഞ്ഞു. അതേസമയം സമരത്തിന് ലഭിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയെ മന്ത്രി വിമർശിച്ചു. നേരത്തേ തങ്ങളുടെ സമരപന്തൽ രാഷ്ട്രീയ. വേദിയാക്കില്ലെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ദിനം പ്രതിയെന്നോണമാണ് രാഷ്ട്രീയ നേതാക്കൾ സമരത്തിന് എത്തുന്നത് എന്നായിരുന്നു താക്കൂറിന്റെ വിമർശനം.
അതേസമയം ബ്രിജ് ഭൂഷണിനെതിരായ സമരവുമായി മുന്നോട്ട് പോകാനാണ് കായിക താരങ്ങളുടെ തീരുമാനം. ഇനിയും 5 ദിവസമാണ് കേന്ദ്രസർക്കാരിന് നൽകിയത്. എന്നിട്ടും നടപടിയെടുക്കാൻ തയ്യാറായില്ലങ്കിൽ സമരം ശക്തമാക്കുമെന്നാണ് കായിക താരങ്ങൾ വ്യക്തമാക്കിയത്. അതിനിടെ താൻ ഒരു തെറ്റും ചെയ്തില്ലെന്നാണ് ബ്രിജ് ഭൂഷണിന്റെ വാദം. താൻ തെറ്റുകാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യാൻ തയ്യാറാണെന്നും ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു. അതേസമയം വിഷയത്തിൽ ഇപ്പോഴും മൗനം തുടരുകയാണ് ബിജെപി.












Click it and Unblock the Notifications