ഇതോ മതേതര കേരളം; ഒ രാജഗോപാലിന്റെ സ്പീക്കര്‍ വോട്ടില്‍ ജാതി തിരയുന്നവരോട്...
ഉത്തരേന്ത്യയില്‍ അത് നടക്കും, ഇത് നടക്കും, എന്ത് വേണമെങ്കിലും നടക്കും. അവിടൊക്കെ ജാതിയും മതവുമല്ലേ കാര്യങ്ങള്‍ തീരുമാനിക്കുന്നത് - മലയാളിയുടെ സ്വകാര്യ അഹങ്കാരമാണിത്. എന്നാല്‍ തങ്ങള്‍ ജാതിക്കും മതത്തിനും അതീതരാണെന്ന് വമ്പ് പറയുന്ന മലയാളികള്‍ പച്ചയ്ക്ക് ജാതി പറഞ്ഞ ദിവസമായിരുന്നു ജൂണ്‍ 3 വെള്ളിയാഴ്ച. ഇതിന് മുമ്പും ഒളിഞ്ഞും മറഞ്ഞും ജാതി പറഞ്ഞിട്ടുള്ളവര്‍ പലരും മറനീക്കി തങ്ങളുട ജാതിഭ്രാന്ത് ആഘോഷിച്ചു.

ബി ജെ പി എം എല്‍ എയായ ഒ രാജഗോപാല്‍, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തങ്ങള്‍ക്ക് രാജഗോപാലിന്റെ വോട്ട് വേണ്ട എന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. എല്‍ ഡി എഫിനാണ് താന്‍ വോട്ട് ചെയ്തത് എന്നും ശ്രീരാമകൃഷ്ണന്‍ തന്റെ സുഹൃത്താണ് നല്ല മനസിന് ഉടമയാണ് എന്നും രാജഗോപാല്‍ പറഞ്ഞു. നല്ലൊരു പേരിനുടമയുമാണ് ശ്രീരാമകൃഷ്ണന്‍ എന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതുവരെ കേരളം കാണാത്ത ഒരു ജാതിചര്‍ച്ചയിലേക്കാണ് സോഷ്യല്‍ മീഡിയ ഇതിനെ കൊണ്ടുപോയത്. ഒ രാജഗോപാലിന്റെ ജാതിഭ്രാന്താണ് ശ്രീരാമകൃഷ്ണന് വോട്ട് ചെയ്യാന്‍ കാരണം എന്ന് വരെ ആളുകള്‍ പറഞ്ഞു. ഒ രാജഗോപാലും ശ്രീരാമകൃഷ്ണനും നായരാണത്രെ. ഇതുവരെ ആരും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ശ്രീരാമകൃഷ്ണന്റെ ജാതിയും ഇവിടെ ചര്‍ച്ചയായി.

ശ്രീരാമകൃഷ്ണന് എതിരെ മത്സരിച്ച സജീന്ദ്രന്‍ സംവരണ മണ്ഡലത്തില്‍ നിന്നും വന്നയാളായത് കൊണ്ടാണ് ഒ രാജഗോപാല്‍ വോട്ട് നല്‍കാതിരുന്നത് എന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു. പേരില്‍ തന്നെ രാമനും കൃഷ്ണനും ഉള്ള സ്ഥാനാര്‍ഥിയെ കണ്ടാല്‍ ഒ രാജഗോപാല്‍ പിന്നെ എങ്ങനെ വോട്ട് ചെയ്യാതിരിക്കും എന്ന് ട്രോളുകളും വന്നു. സി പി എം ശ്രീരാമകൃഷ്ണനെ ഒരു നേതാവായി കാണുമ്പോള്‍ ഒ രാജഗോപാല്‍ ശ്രീരാമനും ശ്രീകൃഷ്ണനും ആയിട്ടാണ് ടിയാനെ കാണുന്നത് എന്നും ആളുകള്‍ കളിയാക്കി.

ട്രോളുകള്‍ അവിടെ നില്‍ക്കട്ടെ എന്ന് വെക്കാം, എന്നാല്‍ സമൂഹത്തിന് അറിഞ്ഞിട്ട് ഒരാവശ്യവുമില്ലാത്ത, പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എയുടേയും വി പി സജീന്ദ്രന്‍ എം എല്‍ എയുടെയും ജാതി ചര്‍ച്ച ചെയ്ത് ആളുകളെ അറിയിച്ച മതേതര പുരോഗമന വാദികളെ എന്താണ് വിളിക്കേണ്ടത്. സവര്‍ണനായത് കൊണ്ടാണ് രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് എന്ന് പറയുന്നവരുടെ നേതാക്കള്‍ യഥാര്‍ഥത്തില്‍ ദളിത് സ്‌നേഹികളാണെങ്കില്‍ എന്തുകൊണ്ട് യു ഡി എഫിലെ സജീന്ദ്രന് വോട്ട് ചെയ്തില്ല എന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications
