ബിഗ് ബോസ് താരം രജിത് കുമാറിനെ ആദരിച്ച് മന്ത്രി അടക്കമുളളവർ, വിമർശിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നിരവധി തവണ വിവാദത്തിലായ ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിനെ ആദരിക്കുന്ന പരിപാടിയില്‍ മന്ത്രിയും വനിതാ കമ്മീഷന്‍ അംഗവും എംഎല്‍എയും അടക്കമുളളവര്‍ പങ്കെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പ്രസ് മലയാളം ചാനല്‍ രജിത് കുമാറിന് അംഗീകാരം സമര്‍പ്പിക്കുന്ന ചടങ്ങിലാണ് മന്ത്രിയടക്കമുളളവര്‍ പങ്കെടുത്തത്.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, നൗഷാദ് എംഎല്‍എ, വനിതാ കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ എന്നിവര്‍ ചേര്‍ന്നാണ് രജിത് കുമാറിന് പുരസ്‌ക്കാരം കൈമാറിയത്. ഈ ചിത്രം രജിത് കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്.

അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ നടത്തിയ നിരവധി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിട്ടുളളതാണ്. അത്തരമൊരു സ്ത്രീവിരുദ്ധനെയാണ് വനിത കമ്മീഷന്‍ അംഗമടക്കം ആദരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നത്. ഇത്തരമൊരു പരിപാടിയില്‍ വനിതാ മന്ത്രി അടക്കമുളളവര്‍ ക്ഷണിച്ചാലും പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ യാത്രയില്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വെച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയാണ് രജിത് കുമാര്‍ വിവാദനായകനായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രജിത് കുമാറിന്റെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ആര്യ എന്ന വിദ്യാര്‍ത്ഥിനി കൂവി ഇറങ്ങിപ്പോയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയ രജിത് കുമാര്‍ രേഷമ് എന്ന മോഡലിന്റെ കണ്ണില്‍ മുളക് തേച്ചതും വിവാദമായിരുന്നു.


Click it and Unblock the Notifications