രാജക്കണ്ണ് മിസ്സിങ് കേസ്-1993 V/S ജയ് ഭീം-2021: യഥാര്‍ത്ഥ കഥയിലെ നായകന്‍ ചന്ദ്രു പറയുന്നു

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത പുതിയ ചിത്രം, ജയ് ഭീം വളരെ മികച്ച അഭിപ്രായം നേടി മുന്നോട്ട് പോവുകയാണ്. 1993 ല്‍ തമിഴ്നാട്ടിലെ ഉള്‍ഗ്രാമമായ കമ്മാപുരത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ അന്ന് കേസ് വാദിച്ച ചന്ദ്രുവെന്ന അഭിഭാഷകനായി എത്തുന്നത് സൂര്യയാണ്. ജയ് ഭീം പുറത്തിറങ്ങിയതോടെ യഥാര്‍ത്ഥ സംഭവം വീണ്ടും ചര്‍ച്ചയാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

സാധാരണ ഗതിയില്‍ യഥാര്‍ത്ഥ കഥകള്‍ പറയുന്ന പല ചിത്രങ്ങളിലും സിനിമയ്ക്ക് വേണ്ടിയുള്ള ചില മസാലകള്‍ കൂട്ടിച്ചേര്‍ക്കാറുണ്ടെങ്കില്‍ ജയ് ഭീമില്‍ അത്തരം അനാവശ്യമായ ഏച്ചുകെട്ടലുകള്‍ ഒന്നും ഇല്ലാതിരുന്നു, എന്നിട്ടും ജനം അതേറ്റെടുത്തു എന്നുള്ളിടത്താണ് ഈ ചിത്രത്തിന്റെ വിജയം എന്നാണ് സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ 'ചന്ദ്രു വക്കീല്‍' അഭിപ്രായപ്പെടുന്നത്. അഭിഭാഷകനായ ചന്ദ്രു പിന്നീട് മദ്രാസ് ഹൈക്കൊടതിയില്‍ നിന്നും ജഡ്ജിയായിട്ടായിരുന്നു വിരമിച്ചത്. യഥാര്‍ത്ഥ സംഭവ കഥയും അത് സിനിമയായി മാറിയതിനെ കുറിച്ചു റിട്ട. ജസ്റ്റിസ് ചന്ദ്രു സംസാരിക്കുന്നു.

രാജാക്കണ്ണ് മിസ്സിങ് കേസ് 1993

രാജാക്കണ്ണ് മിസ്സിങ് കേസ് 1993

28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ നടക്കുന്നത്. 1993 ല്‍ ഒരു യോഗത്തിനായി നെയ്‌വേലി അടുത്തുള്ള ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ തന്റെ ഭര്‍ത്താവിനെ കാണിനില്ലെന്ന പരാതിയുമായി രാജാക്കണ്ണിന്റെ ഭാര്യ എന്റെ അടുത്ത് വരികയായിരുന്നു. അതേ തുടര്‍ന്ന് ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഞാന്‍ ഹൈക്കോടതിയില്‍ നല്‍കി. രാജക്കണ്ണിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ സഹോദരിയുടെ മക്കളായ രണ്ട് പേരെയും കാണാനില്ലായിരുന്നു. കോടതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സ്വീകരിച്ചതോടെ മൂന്ന് പേരും സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെ വാദം.

പ്രതികള്‍ എന്ന് ആരോപിക്കപ്പെട്ട മൂന്ന് പേരും സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടുവെന്നുള്ളതിന് ചില കള്ളസാക്ഷികളേയും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ പൊലീസ് വാദങ്ങളെല്ലാം തെറ്റാണെന്ന് സ്ഥാപിക്കാന്‍ സാധിച്ചു. സാക്ഷികളെ വിസ്താരിക്കുന്ന ഘട്ടത്തില്‍ ഏറ്റവും പ്രയാസമേറിയത് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട രാജക്കണ്ണിന്റെ സഹോദരി മക്കളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുക എന്നുള്ളതായിരുന്നു. ഒടുവില്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ വീട്ടു ജോലിക്കാരായി നിന്നിരുന്ന അവരെ കണ്ടെത്തി കോടതിയില്‍ എത്തിച്ച് വിസ്താരം നടത്തിയപ്പോഴാണ് രാജക്കണ്ണ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടെതാണെന്നും ഇതൊരു കൊലാപതക കേസ് ആണെന്നും വ്യക്തമാവുന്നത്.

രാജക്കണ്ണ് കൊലപാതക കേസ് -1993

രാജക്കണ്ണ് കൊലപാതക കേസ് -1993

രാജക്കണ്ണിനെ കാണാതായതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും തെളിയക്കപ്പെട്ടതോടെ കോടതി രാജക്കണ്ണിന്റെ ഭാര്യക്ക് നഷ്ടപരിഹാരം കൊടുക്കാനും അവരുടെ ഗ്രാമത്തിലൊരു വീട് വെച്ചുകൊടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. അതോടൊപ്പം തന്നെ ഐജി പെരുമാള്‍ സ്വാമിയുടെ നേതൃത്വത്തില്‍ ഒരു സ്പെഷ്യല്‍ അന്വേഷണ സംഘത്തെ കോടതി നിയമിക്കുകയും ചെയ്തു. മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. തുടര്‍ന്ന് രാജക്കണ്ണിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് ഐജി പെരുമാള്‍ സ്വാമി കോടതിയില്‍ സമര്‍പ്പിച്ചു. പിന്നീട് കേസ് സെഷന്‍ വിചാരണയ്ക്ക് കടലൂര്‍ കോടതിയിലേക്ക് മാറ്റുകയും വിചാരണയ്ക്ക് ഒടുവില്‍ പൊലീസുകാരായ എല്ലാ പ്രതികള്‍ക്കും ശിക്ഷ വിധിക്കുകയും ചെയ്തു. 1995 ഓടെ കേസ് പൂര്‍ത്തിയാവുകയും ചെയ്തു.

ജയ് ഭീം എന്ന സിനിമയിലേക്ക്

ജയ് ഭീം എന്ന സിനിമയിലേക്ക്

ജഡ്ജിയായി വിരമിച്ചതിന് ശേഷം പല അഭിമുഖങ്ങളിലും, വക്കീല്‍ ജീവത്തിനിടയില്‍ വാദിച്ച ഏറ്റവും പ്രമാദമായ ഒരു കേസ് എന്ന നിലയില്‍ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരിക്കല്‍ നെയ്‌വേലിയില്‍ നടക്കുന്ന ഒരു പുസ്തകമേളയിലേക്ക് ഞാനും സംവിധായകന്‍ ജ്ഞാനവേലുവും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഈ കഥ ഞാന്‍ അദ്ദേഹത്തോടെ പറയുന്നത്. അപ്പോള്‍ ജ്ഞാനവേലാണ് ചോദിച്ചത് എന്തുകൊണ്ട് ഇതൊരു സിനിമയാക്കിക്കൂടായെന്ന്. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ എല്ലാം ശേഖരിച്ച് അദ്ദേഹം ഒരു സ്റ്റോറി ലൈന്‍ തയ്യാറാക്കുകയായിരുന്നു.

ഒരു സിനിമ എടുക്കുമ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടണം, അല്ലാതെ വെറുതെ ഒരു ക്രൈം സ്റ്റോറി പറഞ്ഞ് പോയതുകൊണ്ട് കാര്യമില്ല. അങ്ങനെയാണ് ഇരുളരുടെ വിഷയം എന്തുകൊണ്ട് സിനിമയിലുടെ ശ്രദ്ധയില്‍ കൊണ്ടുവന്നുകൂടാ എന്ന് ആലോചിച്ചത്. അങ്ങനെയാണ് ഇരുളരുടെ ജീവിതത്തെ കുറിച്ച് ഇതില്‍ കൂടുതലായി പറഞ്ഞത്. കഥ തയ്യാറായപ്പോള്‍ ആര് ചിത്രം നിര്‍മ്മിക്കും എന്നായി ആലോചന. ഒരു സിനിമ എടുക്കുന്നതിന് അതിന്റെതായ ചിലവുണ്ട്. ലോ ബഡ്ജറ്റില്‍ എടുക്കുകയാണെങ്കില്‍ ഇതൊരു ഡോക്യുമെന്ററി പോലെയായി മാറിപ്പോവുമായിരുന്നു.

സൂര്യയിലേക്ക് സിനിമയെത്തുന്നു

സൂര്യയിലേക്ക് സിനിമയെത്തുന്നു

കൊമേഴ്ഷ്യല്‍ ബാനറില്‍ തന്നെ ചിത്രം പുറത്തിറങ്ങണം എന്ന തീരുമാനത്തില്‍ മുന്നോട്ട് പോവുകയും അവസാനം നിര്‍മ്മാണം സൂര്യ ഏറ്റെടുക്കുകയുമായിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ഞാന്‍ തന്നെ അഭിനയിക്കാമെന്ന് ഇങ്ങോട്ട് പറയുകയായിരുന്നു. 95 ശതമാനവും യഥാര്‍ത്ഥ കഥയോട് നീതി പുലര്‍ത്തി എന്നുള്ളതാണ് ജയ് ഭീമിന്റെ വിജയം. ചില കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എന്നുള്ളത് മാത്രമാണ് വ്യത്യാസം.

സിനിമയുടെ വിജയങ്ങള്‍

സിനിമയുടെ വിജയങ്ങള്‍

യഥാര്‍ത്ഥ കഥ എന്നുള്ളതാണ് ഈ സിനിമയുടെ ആദ്യ വിജയം. അതിനപ്പുറം ഇരുളര്‍ എന്ന ഒരു ജനവിഭാഗത്തെക്കുറിച്ച് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പലര്‍ക്കും അവരുടെ ജീവിത്തതെ കുറിച്ച് അറിയില്ലായിരുന്നു. എലിയെ ഭക്ഷിക്കുമോയെന്നൊക്കെ വലിയ ആശ്ചര്യത്തോടെയാണ് പലരും ചോദിച്ചത്. എന്നാല്‍ ഈ കൊറോണ കാലത്ത് അടക്കം അവരുടെ ജീവിതം നിലനിര്‍ത്തി പോന്നത് ഇത്തരം ഭക്ഷണം രീതിയാണ്. ഏറ്റവും പ്രധാനമായി എടുത്ത് പറയേണ്ട മറ്റൊരു കാര്യം രാജക്കണ്ണിന്റെ ഭാര്യയെ കുറിച്ചാണ്. ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി അതീവ ദാരിദ്രം നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് അവര് വന്നത്. ഭര്‍ത്താവിനെ കണ്ട് പിടിക്കണമെന്ന ഉറച്ച് നിശ്ചയദാര്‍ഢ്യത്തിലായിരുന്നു അവര്‍.

അതിനായി ഒരുപാട് കഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ പ്രതികളായ പൊലീസുകാര്‍ ഒരു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിട്ടും ഒരു പൈസ പോലും വാങ്ങാന്‍ അവര്‍ തയ്യാറായാല്ലി. ഒരു നൂറ് രൂപ പോലും സമ്പാദിക്കാന്‍ തന്നെക്കൊണ്ട് കഴിയാത്ത സാഹചര്യത്തിലാണ് അവര്‍ അത്തരമൊരു തീരുമാനം എടുത്തതെന്ന് ഓര്‍ക്കണം. സിനിമ പുറത്തിറങ്ങിയതോടെ അവരുടെ ആ ധീരത എല്ലാവരിലേക്കും എത്തി. ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും നിയമത്തിന്റെ വഴിക്ക് പോയാല്‍ അവസാനം നീതി ലഭിക്കുമെന്ന ഒരു പ്രതീക്ഷ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നുള്ളതും ഈ സിനിമയുടെ പ്രധാന വിജയങ്ങളില്‍ ഒന്നാണ്.

തമിഴ് സിനിമയില്‍ മാറ്റം ഉണ്ടാക്കും

ഹൈക്കോടതിയില്‍ അന്ന് നടന്ന സംഭവങ്ങള്‍ എല്ലാം, യാതൊരു നാടകീയതയും ഇല്ലാതെ അതുപോലെ തന്നെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയാവുമ്പോള്‍ പാട്ടും ഡാന്‍സും അല്‍പം മസാലയൊക്കെ വേണമെന്ന ഒരു തെറ്റായ ധാരണയുണ്ട്. നായകന്‍ ഒരു ഹീറോ ആയിരിക്കണം എന്നുള്ളതാണ് ഇതില്‍ പ്രധാനം. എന്നാല്‍ അതൊന്നും ഒന്നുമല്ല എന്നൊരു ചിന്ത ജയ് ഭീം കൊണ്ടുവന്നു. ഇത് തമിഴ് സിനിമയില്‍ വലിയൊരു മാറ്റം ഉണ്ടാക്കും. മലയാളത്തില്‍ ഇത്തരം പടങ്ങള്‍ നിരവധി വന്നിട്ടുണ്ടാക്കും. എന്നാല്‍ തമിഴ് സിനിമയില്‍ ഇതൊരു പുതിയ ട്രെന്‍ഡാണ്. ഇനിയൊരു നല്ല കഥ വന്നാലും അതൊരു സിനിമയായി മാറ്റാനുള്ള ആത്മവിശ്വാസം സിനിമാക്കാരില്‍ ഉണ്ടാവും. ഏറ്റവും അവസാനമായി ഇതൊരു യഥാര്‍ത്ഥ എന്നുള്ളത് തന്നെയാണ് വിജയം.

സംവിധായകന്റെ രണ്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമ. സെന്‍സറിന് അയച്ചപ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന സ്ഥിതിയായി. അല്ലെങ്കില്‍ ഒരുപാട് ഭാഗങ്ങള്‍ കട്ട് ചെയ്യേണ്ടി വരും. അങ്ങനെയാണ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. സധാരണ ജനങ്ങളിലേക്ക് സിനിമ എത്തുന്നതില്‍ നിന്നും അത് തടസ്സമാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ആ ആശങ്കള്‍ എല്ലാം അസ്ഥാനത്തായി. ഒടിടിയില്‍ റിലീസ് ചെയ്തതിന്റെ ആദ്യ ദിവസം തന്നെ അതിന്റെ ഒരു റീച്ച് മനസ്സിലായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികരണം ലഭിച്ചു. തിയേറ്ററില്‍ നിന്ന് ഇത് ലഭിക്കില്ല. ഏതായാലും ചിത്രം ഉടന്‍ തന്നെ തിയേറ്ററിലും എത്തും.

സിനിമ പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രതികരണം

സിനിമ പുറത്തിറങ്ങിയതിന് ശേഷം പലര്‍ക്കും ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പലരും അതേ കുറിച്ച് ഫേസ്ബുക്കിലും മറ്റും എഴുതിയിട്ടുണ്ട്. ഇത്തരം ചില കാര്യങ്ങളും കേസുകളും എടുക്കാന്‍ മറ്റുള്ളവര്‍ക്കും തോന്നിയിരിക്കുന്നുവെന്നാണ് എനിക്ക് വന്ന പല സന്ദേശകളും വ്യക്തമാക്കുന്നത്. സിനിമയില്‍ നിന്നും ലഭിച്ച പണത്തിന്റെ ഒരു വിഹിതം ഇരുളര്‍ക്ക് കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. അതേ തുടര്‍ന്ന് ഒരു കോടി രൂപയുടെ ചെക്ക് സൂര്യ എന്റെ കൈവശമാണ് നല്‍കിയത്. അത് ഞാന്‍ അവര്‍ക്ക് കൈമാറി. ഇരുളരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു ശ്രദ്ധ വീണ്ടും ഈ പടത്തേ തുടര്‍ന്ന് ഉണ്ടായിരിക്കുന്നു. അത് അവര്‍ക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ കിട്ടാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷ. സിനിമയില്‍ അവസാന രംഗത്ത് രാജക്കണ്ണിന്റെ മകളും ചന്ദ്രുവും ഇരിക്കുന്ന ഒരു സീനുണ്ട്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ രാജാക്കണ്ണിന്റെ മകള്‍ എന്നെ വിളിച്ച് അത് ഞാനാണോയെന്ന് ചോദിച്ചിരുന്നു.

Recommended Video

cmsvideo
    Ayan movie special birthday remake tribute | Oneindia Malayalam
    വിദ്യാര്‍ത്ഥി ജീവിതം, ഇടതുപക്ഷം

    വിദ്യാര്‍ത്ഥി ജീവിതം, ഇടതുപക്ഷം

    വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴെ സമര മുഖത്ത് ഉണ്ടായിരുന്ന ഒരാളാണ് ഞാന്‍. എസ് എഫ് ഐ, സി പി എം സംസ്ഥാന കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി ഐ ടിയുവിന്റെയും ഭാഗമായിരുന്നു. സമരങ്ങളെ തുടര്‍ന്ന് ജയിലില്‍ പോവേണ്ടിയും വന്നിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം കിട്ടിയ ഒരു അനുഭവം വക്കീല്‍ ജീവിതത്തിലും പിന്നീട് ജഡ്ജിയായിരുന്നപ്പോഴും പല വിധത്തില്‍ എനിക്ക് ഉപയോഗം ആയിരുന്നുണ്ട്. എല്ലാവര്‍ക്കും അത്തരത്തിലുള്ള അനുഭവം ഇല്ല. എന്റെ ധാരണകളും ചിന്തകളും അറിവും വളരെയേറെ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം അരവിന്ദ് കെജ്രിവാള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. എഎപി സംസ്ഥാന അധ്യക്ഷനാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. എന്നാല്‍ ഒരു ആശയത്തില്‍ വിശ്വസിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍. പിന്നീട് അത് വിട്ട് വക്കീലും ജഡ്ജിയുമൊക്കെയായി. എന്നാലും മറ്റൊരു പാര്‍ട്ടിയിലേക്ക് പോവുന്നതിനെ കുറിച്ച് ചിന്തിച്ചില്ല. അതിനാല്‍ തന്നെ അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം നിരസിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+