ഫോണിൽ നിരന്തരം വിളിച്ച് ചീത്ത വിളി, അത് ഷിയാസ് കരീം അല്ല, വിശദീകരിച്ച് ടിനി ടോം
കൊച്ചി: നടനും മിമിക്രി താരവുമായ ടിനി ടോമിനെ മാസങ്ങളോളം ഫോണില്‍ ശല്യപ്പെടുത്തിയ ആളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഷിയാസ് എന്ന ആളാണ് തന്നെ ശല്യപ്പെടുത്തിയത് എന്ന് ടിനി ടോം പറഞ്ഞിരുന്നു.
അതിന് ശേഷം നടനും മോഡലുമായ ഷിയാസ് കരീം ആണ് അതെന്ന തരത്തില്‍ പ്രചാരണം നടക്കുകയുണ്ടായി. ഇതോടെ സത്യാവസ്ഥ വ്യക്തമാക്കി ടിനിം ടോം വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ടിനി ടോമിനെ ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കണ്ണൂരില്‍ വെച്ചാണ് റൂറല്‍ ജില്ലാ സൈബര്‍ പോലീസ് പിടികൂടിയത്. മൂന്ന് മാസത്തോളം ഫോണ്‍ ശല്യം നീണ്ടു. ടിനി ടോം ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തുവെങ്കിലും പിന്നീട് മറ്റ് നമ്പറുകളില്‍ നിന്ന് വിളിച്ച് ശല്യം തുടര്‍ന്നു. ഇതോടെ ടിനി ടോം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കി.

ഉടനെ തന്നെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ മാനസിക പ്രശ്‌നമുളള ആളാണെന്ന് വ്യക്തമായതോടെ ടിനി ടോം പരാതി പിന്‍വലിക്കുകയായിരുന്നു. സൈബര്‍ പോലീസിന് നന്ദി പറഞ്ഞ് ടിനി ടോം ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഷിയാസ് എന്ന് പേരുളള ആള്‍ കണ്ണൂരില്‍ നിന്ന് പല നമ്പറുകളില്‍ നിന്നായി വിളിച്ച് ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് ടിനി ടോം പറഞ്ഞു.

ടിനി ടോമിന്റെ വാക്കുകൾ: ''ഒരു നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ മറ്റൊന്നില്‍ നിന്ന് വിളിക്കും. തന്നെ പ്രകോപിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. താന്‍ തിരിച്ച് ചീത്ത വിളിക്കുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടിയാണിത്. മുകേഷേട്ടനൊക്കെ അത് ഫേസ് ചെയ്തിട്ടുളളതാണ്. താന്‍ വളരെ പക്വതയോടെ തന്നെ പെരുമാറി. ഒന്നും ചോദിക്കാന്‍ നിന്നില്ല. കുറേ ഉപദ്രവമായപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പത്ത് മിനുറ്റിനുളളില്‍ ആളെ തിരിച്ചറിഞ്ഞു.

''സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോള്‍ ആള്‍ക്ക് ചെറിയ മാനസിക പ്രശ്‌നമുളളതായി മനസ്സിലായി. അതുകൊണ്ട് താന്‍ കേസ് പിന്‍വലിക്കുകയാണ്. ബാഹ്യമായ ഇടപെടല്‍ ഇല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച പോലീസ് കേരളാ പോലീസ് തന്നെയാണ്. അക്കാര്യത്തിന് താന്‍ ഒരു സല്യൂട്ട് കൊടുക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്നു. ട്രോളുകള്‍ ആവാം, പക്ഷേ ഉപദ്രവിക്കരുത്, അത് ക്രൈം ആണ്''.

സൈബര്‍ സെല്ലിന്റെ ഓഫീസിലിരുന്നായിരുന്നു ടിനി ടോമിന്റെ ലൈവ് വീഡിയോ. ഈ വീഡിയോ പുറത്ത് വന്നതോടെ ഷിയാസ് കരീം ആണ് ടിനി ടോമിനെ വിളിച്ച് ശല്യപ്പെടുത്തിയത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി ടിനി ടോം രംഗത്ത് വന്നത്. തന്നെ വിളിച്ച് ശല്യപ്പെടുത്തിയ ഷിയാസ് നടന്‍ ഷിയാസ് കരീം അല്ലെന്ന് ടിനി ടോം ലൈവ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

എന്നെ ഫോണില്‍ വിളിച്ച് ചീത്ത വിളിച്ച ആളുടെ പേര് ഷിയാസ് എന്നാണ് പറഞ്ഞിരുന്നത്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരന്‍ ആണ്. അതുകൊണ്ട് ആരും തെറ്റിദ്ധരിക്കരുത്. ഷിയാസ് കരീം എന്ന് പറയുന്ന, മോഡല്‍ ആയിട്ടുളള, സ്റ്റാര്‍ മാജികിലുളള എന്റെ സഹോദരന്‍ അല്ല ചീത്ത വിളിച്ചത്, ടിനി ടോം ലൈവ് വീഡിയോയില്‍ പറഞ്ഞു.. ഈ വീഡിയോ ഷിയാസ് കരീമും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അത് ഞാന്‍ ഇല്ല, നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത് എന്ന കുറിപ്പോട് കൂടിയാണ് ഷിയാസ് കരീം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.












Click it and Unblock the Notifications