അര്‍ണാബ് ഗോസ്വാമിയെ നടുവിരല്‍ കാണിച്ചത് ശരിയോ?
രജനീകാന്തിനും രാഹുല്‍ ഗാന്ധിക്കും ശേഷം സോഷ്യല്‍ മീഡിയ സൈറ്റുകളിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന കഥകളിലെ നായകനാണ് അര്‍ണാബ് ഗോസ്വാമി. ചൈനയിലെ വന്‍മതിലും അര്‍ണാബിന്റെ ശബ്ദവും മാത്രമേ ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണാനും കേള്‍ക്കാനും പറ്റൂ എന്നാണ് വാട്‌സാപ്പ് കഥകളിലൊന്ന്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ന്യൂസ് അവര്‍ പ്രോഗ്രാമിന്റെ അവതാരകനെ വിമര്‍ശിക്കുന്നവരും കുറവല്ല.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സംസാരിക്കാന്‍ സമ്മതിക്കില്ല എന്നതാണ് അര്‍ണാബിനെതിരായ ഒരു പരാതി. ആരെന്ത് പറഞ്ഞാലും ഇടയില്‍ കയറി പറയുന്ന അര്‍ണാബിനെ കളിയാക്കാനും ഉണ്ട് ഒരു വാട്‌സ് ആപ്പ് കഥ. പറയുന്നതിന് മുമ്പേ വാക്കുകള്‍ പൂരിപ്പിക്കുന്ന കാര്യത്തില്‍ അര്‍ണാബ് ഗൂഗിളിനെ കടത്തിവെട്ടും എന്നാണിത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടൈംസ് നൗവിലെ 9 മണി ന്യൂസ് അവര്‍ വന്‍ ഹിറ്റാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ആരോടും എന്ത് ചോദ്യവും ചോദിക്കാനും തട്ടിക്കയറാനും മടിയില്ലാത്ത പ്രകൃതമാണ് ന്യൂസ് അവറില്‍ അര്‍ണാബ് ഗോസ്വാമിയുടേത്. നേഷന്‍ വാണ്ട്‌സ് ടു നോ എന്ന അര്‍ണാബിന്റെ ചോദ്യവും ഏറെ പ്രശസ്തമാണ്. ആറ് ദിവസം കൊണ്ട് ഭൂമി നിര്‍മിച്ച ദൈവം തെറ്റും ശരിയും ആര് നിശ്ചയിക്കും എന്ന് കരുതി ആലോചിച്ച് അവസാനം അതിനായി അര്‍ണാബ് ഗോസ്വാമിയെ നിര്‍മിച്ചു എന്നാണ് അര്‍ണാബ് സീരിസിലെ കഥകളിലൊന്ന്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മാഹ്വ മോയിത്ര ന്യൂസ് അവറില്‍ അര്‍ണാബിനോട് നിയന്ത്രണം വിട്ട് പെരുമാറിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അര്‍ണാബ് ഗോസ്വാമിയുടെ തുടര്‍ച്ചയായ ചോദ്യങ്ങളില്‍ പ്രകോപിതയായ മോയിത്ര അര്‍ണാബിനെ കള്ളം പറയുന്നവനെന്ന് വിളിക്കുകയും നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയുമായിരുന്നു. ഒരു ദേശീയ ടി വി ചാനലില്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവ് ഇങ്ങനെ പെരുമാറിയത് ശരിയായില്ല എന്ന് പറയുന്നവരാണ് ഏറെ. പണ്ട് ശ്രീശാന്തിന് തല്ല് കിട്ടിയപ്പോള്‍ പറഞ്ഞത് പോലെ അവനത് കിട്ടേണ്ടതായിരുന്നു എന്ന് പറയുന്നവരും ഉണ്ട് കൂട്ടത്തില്‍.


Click it and Unblock the Notifications