എനിക്ക് ചെയ്യാൻ സാധിക്കുന്നത് ഇത്രയേയുള്ളൂ; സ്ത്രീധന വിഷയത്തിൽ പ്രതികരണം ചോദിച്ചവരോട് ആര്യ
സ്ത്രീധനത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങളാണ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ചത് എന്നതുകൊണ്ട് തന്നെ സ്ത്രീധനത്തിനെതിരെയാണ് ആളുകൾ രംഗത്തെത്തിയത്
കൊല്ലത്ത് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയയാണ് കഴിഞ്ഞ രണ്ട് ദിവസമായി മലയാളികൾ ഏറെ ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന്. സമൂഹമാധ്യമങ്ങളിലടക്കം നിരവധി ആളുകളാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇതിൽ സെലിബ്രറ്റികൾ മുതൽ സാധാരണക്കാർ വരെയുണ്ട്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങളാണ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ചത് എന്നതുകൊണ്ട് തന്നെ സ്ത്രീധനത്തിനെതിരെയാണ് ആളുകൾ രംഗത്തെത്തിയത്.

സ്ത്രീധനം എന്ന സമ്പ്രദായം ഒഴിവാക്കണമെന്നും ഭർതൃവീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അത് തുറന്നു പറയാൻ തയാറാകണമെന്നും പലരും ഇത്തരം പ്രതികരണങ്ങളിൽ ആവശ്യപ്പെട്ടു. ഇപ്പോഴിത ബിഗ് ബോസ് മത്സരാർഥികൂടിയായിരുന്ന നടിയും അവതാരികയുമായ ആര്യയും വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.

സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളെകുറിച്ച് എന്താണ് ഒന്നും പറയാത്തതെന്ന് ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് താനിപ്പോൾ ഇത് പറയുന്നതെന്ന് വ്യക്തമാക്കികൊണ്ടാണ് ആര്യ ആരംഭിച്ചത്. എന്താ ഒന്നും പ്രതികരിക്കാത്തത്, എന്താണ് ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് കുറെ പേര്‍ എത്തുന്നു. ഈ റിയാലിറ്റി എന്താണെന്ന് അറിയാത്ത മനുഷ്യരൊന്നുമല്ല ഈ നാട്ടില് ജീവിക്കുന്നത്. അറിഞ്ഞോണ്ട് ഇത് ചെയ്യുന്ന ആള്‍ക്കാരാണെന്ന് ആര്യ പറയുന്നു.

'നമ്മള് ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് അങ്ങനത്തെ ആളുകള്‍ക്ക് എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നുളളത് എനിക്കറിയില്ല. ഇതില്‍ ഇപ്പോ എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം ഒന്ന് മാത്രമേയുളളൂ. ഞാന്‍ മനസിലാക്കിയ ഇടത്തോളം പല പെണ്‍കുട്ടികളും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നുണ്ട്. അത് ചെയ്യരുത്. നിങ്ങള്‍ ഇതൊന്നും സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. അത് നിങ്ങള്‍ മനസിലാക്കണം', ആര്യ പറഞ്ഞു.

ആരെയാ നിങ്ങള് പേടിക്കുന്നത്?. നിങ്ങളുടെ തന്നെ വീട്ടുകാരെയോ?, അതിന്‌റെ ആവശ്യമില്ലെന്ന് ആര്യ പറഞ്ഞു. 'നമുക്ക് ഒരു വ്യക്തിത്വമുണ്ട്. ഇത്രയും വര്‍ഷങ്ങളായിട്ട് നമ്മള് കഷ്ടപ്പെട്ട് ഈ ഒരു ലെവലില് എത്തിയിട്ടുണ്ട്. ചിലപ്പോ ജോലി ചെയ്യുന്ന കുട്ടികളായിരിക്കാം. ജോലി ചെയ്യാത്തവരായിരിക്കാം. നല്ലോണം പഠിച്ച കുട്ടികളായിരിക്കാം. എന്തിന് നിങ്ങളിതൊക്കെ സഹിക്കണം? ആര്യ ചോദിച്ചു. ദയവായി ശബ്ദമുയർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Recommended Video

ആര്‍ക്കെങ്കിലും ഇതുപോലെയുളള എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കില്‍ തന്‌റെ ഇന്‍ബോക്‌സില്‍ മെസേജ് അയക്കാമെന്നും തന്നെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കാമെന്നും ആര്യ അറിയിച്ചു. "ഇങ്ങനെയുളള എന്തെങ്കിലും കാര്യങ്ങളെ ഒകെ നിങ്ങള് നേരിടുന്നെങ്കില്‍ തുറന്ന് സംസാരിക്കൂ. സ്വന്തം ആള്‍ക്കാരോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റാരോടെങ്കിലും സംസാരിക്കാന്‍ ശ്രമിക്കൂ. ഞാന്‍ ഉണ്ട് ഇവിടെ. എനിക്ക് അതേ ചെയ്യാന്‍ പറ്റൂളളൂ." ആര്യ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications