മാതൃഭൂമിയുടെ മരണമണി മുഴങ്ങുന്നോ...?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് മാതൃഭൂമി ദിനപത്രത്തിന്റെ ചരിത്രവും. കേരളത്തില്‍ സമരതീക്ഷ്ണമായ ആ ദിനങ്ങള്‍ സൃഷ്ടിച്ചതില്‍ അഞ്ച് രൂപ ഓഹരി സമാഹരിച്ച് രൂപീകരിച്ച ആ പത്രത്തിന്റെ സ്ഥാനം വളരെ വലുതായിരുന്നു.

ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണം എന്നായിരുന്നു മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടത്. അദ്ദേഹം ഒരു പക്ഷേ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ആ ആവശ്യം മാതൃഭൂമിയെ കുറിച്ച് പോലും പറഞ്ഞുപോയേനെ.

കേരളത്തിന്റെ പത്രവായനാ സംസ്‌കാരത്തെ ഏറെ നിര്‍ണയിച്ച മാധ്യമങ്ങളില്‍ ഒന്ന് തന്നെയാണ് എന്നും മാതൃഭൂമി. പരസ്യവാചകം കടമെടുക്കുകയാണെങ്കില്‍ 'പത്രത്തോടൊപ്പം പ്രചരിപ്പിയ്ക്കുന്നു, ഒരു സംസ്‌കാരം കൂടി' എന്ന് പറയാം. പല പ്രധാന സംഭവങ്ങളും മലയാളി അറിഞ്ഞത് മാതൃഭൂമിയിലൂടെ തന്നെ ആയിരുന്നു.

Mathrubhumi

സമര തീക്ഷ്ണമായിരുന്നു മാതൃഭൂമിയുടെ വളര്‍ച്ചയും. തൊഴിലാളി സമരം അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയില്‍ എത്തിയപ്പോള്‍ പത്രം ലോക്കൗട്ട് പോലും നേരിട്ടു. മാസങ്ങളോളം അടച്ചിടേണ്ടിവന്നിട്ടും വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോള്‍ മാതൃഭൂമിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

എന്നാല്‍ എന്ന് മുതലാണ് മാതൃഭൂമി വീണ്ടും വിവാദങ്ങളുടെ ഭാഗമായത്. രാഷട്രീയ വിവാദങ്ങള്‍ക്കപ്പുറത്ത്, തൊഴിലാളി വിരുദ്ധ നടപടികള്‍ മാതൃഭൂമിയെ വിവാദത്തിലാക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ അധികമായിട്ടില്ല. പത്രസ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കുന്നതിന് വേണ്ടി ജസ്റ്റിസ് മജീദി മജീദിയുടെ നേതൃത്വത്തിലുള്ള വേജ് ബോര്‍ഡ് സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമുതലായിരുന്നു അത്.

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ നിന്ന് എല്ലാ പത്രമുതലാളിമാരേയും പോലെ മാതൃഭൂമിയും പിറകിലേയ്ക്ക് പോവുകയായിരുന്നു. എന്നാല്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി തൊഴില്‍ അവകാശത്തിന് വേണ്ടി വാദിച്ച മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിയ്ക്കുന്ന രീതിയായിരുന്നു മാതൃഭൂമിയില്‍.

Mathrubhumi News

മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ മലമ്പുഴ സമ്മേളനത്തോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായത്. വേജ് ബോര്‍ഡിന് പകരം എന്ന രീതിയില്‍ താത്കാലികമായി ഉയര്‍ത്തിയ നല്‍കിയ ശമ്പളത്തുക തിരിച്ച് നല്‍കാന്‍ അന്നത്തെ സമ്മേളനത്തില്‍ തീരുമാനമായി. ഇക്കാര്യം നോണ്‍ജേര്‍ണലിസ്റ്റുകളുടെ സംഘടനയുമായിക്കൂടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാന്‍ മാറ്റി വച്ചു.

എന്നാല്‍ ഇതോടെ മാതൃഭൂമി മാനേജ്‌മെന്റ്, സ്ഥാപനത്തില്‍ തൊഴില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരോ അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കുകയോ ചെയ്തവരെ ശത്രുക്കളായി പ്രഖ്യാപിച്ചു.

പിന്നീടങ്ങോട് കൂട്ട സ്ഥലം മാറ്റങ്ങളുടെ ഘോഷയാത്രയായിരുന്നു. രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം ബ്യൂറോകള്‍ സൃഷ്ടിയ്ക്കപ്പെട്ടു. തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ഇടങ്ങളിലേയ്ക്ക് പോലും മാധ്യമ പ്രവര്‍ത്തകരെ സ്ഥലം മാറ്റി. പ്രൊബേഷനിലുണ്ടായിരുന്ന ഒരു സംഘം മാധ്യമ പ്രവര്‍ത്തകരുടെ പ്രൊബേഷന്‍ അനിശ്ചിതമായി നീട്ടി. ഒരാളെ പിരിച്ചുവിട്ടു.

ഇതെല്ലാം വലിയ വിവാദം സൃഷ്ടിച്ചെങ്കിലും മാതൃഭൂമിയ്ക്കുള്ളിലെ സമരങ്ങളുടെ തീക്ഷ്ണ സ്വഭാവമെല്ലാം അവസാനിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കഴിയാത്തവണ്ണം അകലത്തിലായി. ശേഷിയ്ക്കുന്നവരില്‍ ഭൂരിപക്ഷവും നിശബ്ദരായി. ഇതോടെ മാനേജ്‌മെന്റിനെ അനുകൂലിയ്ക്കുന്ന ഒരു സംഘത്തിന്റെ കൈയ്യിലായി ജേര്‍ണലിസ്റ്റ് യൂണിയന്‍.

ഇതിന്റെ തുടര്‍ച്ചയാണ് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ മുന്‍ സെക്രട്ടറിയും കോട്ടക്കല്‍ യൂണിറ്റിലെ ചീഫ് സബ് എഡിറ്ററും ആയ സി നാരായണനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. ന്യൂസ് എഡിറ്ററുമായി ഉണ്ടായ അഭിപ്രായ വ്യത്യാസവും തര്‍ക്കവും ആണ് ഈ പിരിച്ചുവിടലിന് കാരണമായി മാനേജ്‌മെന്റ് പറയുന്നത്.

സി നാരായണനെ പിരിച്ചുവിട്ടപ്പോള്‍ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഓണ്‍ലൈന്‍ മീഡിയകളില്‍ നിന്നും വലിയ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ എവിടെ നിന്നാണോ യഥാര്‍ത്ഥ പ്രതിഷേധം ഉയരേണ്ടിയിരുന്നത്- മാതൃഭൂമിയില്‍ നിന്ന്- അവിടെ നിന്ന് ഒരു അനക്കം പോലും ഉണ്ടായില്ല.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ പിന്തുണ ഉണ്ടായിരുന്നില്ല. ചരിത്രത്തില്‍ ആദ്യമായിട്ടായിരിയ്ക്കും ഒരു സ്ഥാപനത്തിലെ തൊഴിലാളിയെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പരിപാടിയില്‍ ആ സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ പോലും പങ്കെടുക്കാതിരിയ്ക്കുന്നത്!

എന്നും മാതൃഭൂമിയുടെ ശക്തി അവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു. ലോക്കൗട്ടില്‍ നിന്ന് സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ പത്രം എന്ന രീതിയിലേക്ക് തിരിച്ചെത്തിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ. എന്നാല്‍ ഒത്തൊരുമയും വര്‍ഗ്ഗ സ്‌നേഹവും ഇല്ലാത്ത ഒരു സമൂഹത്തില്‍ നിന്ന് ആ സ്ഥാപനം കൂടുതലെന്തെങ്കിലും പ്രതീക്ഷിയ്ക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നാണ് സംശയം.

കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ എല്ലാ സ്ഥാപനം വരുത്തേണ്ടതാണ്. എന്നാല്‍ അസ്ഥിവാരം ഇടിച്ച് താഴ്ത്തി പുതിയ കെട്ടിടം കെട്ടിപ്പൊക്കിയതുപോലെ ആയിരുന്നു മാതൃഭൂമി വാര്‍ത്താ ചാനല്‍ തുടങ്ങിയത്. പത്രത്തിലെ ജീവനക്കാരെ മുഴുവന്‍ അടച്ചാക്ഷേപിച്ച് പുതുതലമുറ മുതലാളിയുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രസ്ഥാനം ഇപ്പോഴും എവിടേയും എത്തിയിട്ടില്ല. അവിടേയും തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ രൂക്ഷമായിത്തുടങ്ങിയിരിയ്ക്കുന്നു.

ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിയെ ഏറ്റെടുക്കാന്‍ നീക്കം നടത്തിയപ്പോള്‍ അതിനെതിരെ സേവ് മാതൃഭൂമി എന്ന കാമ്പയിന്‍ നടത്തിയ ആളാണ് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാര്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ ടൈംസ് ഓഫ് ഇന്ത്യയുമായി വാണിജ്യ ഉടമ്പടികള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിയ്ക്കുന്നു.

പത്രത്തിന്റെ ഭരണം വീരേന്ദ്ര കുമാറില്‍ നിന്ന് മകന്‍ ശ്രേയാംസ് കുമാറിലേയ്ക്ക് പതിയെ കൈമറിയുമ്പോള്‍ ഒരു പക്ഷേ ശീലിച്ചുവന്ന ഒരു പതിഞ്ഞ രീതി പൂര്‍ണമായും നഷ്ടപ്പെട്ടേക്കുമെന്നാണ് ജീവനക്കാര്‍ കരുതുന്നത്. ദേശീയ സോഷ്യലിസ്റ്റ് എന്ന ഭാവത്തില്‍ നിന്ന് എസ്റ്റേറ്റ് മുതലാളിയുടെ ധാര്‍ഷ്ട്യത്തിലേക്ക് മുതലാളിയുടെ ഭാവം മാറുന്നതോടെ ചരിത്രത്തിന്റെ ശേഷിപ്പ് മാത്രമായി മാതൃഭൂമി പത്രം മാറുമോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+