മോദി മാത്രമല്ല, വിഎസ് അച്യുതാനന്ദനും സൊമാലിയ എന്ന് വിളിച്ചിരുന്നു, നമ്മുടെ അട്ടപ്പാടിയെ!
കേരളത്തെ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുമായി താരതമ്യം ചെയ്തു എന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകയാണ് മലയാളികള്‍. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോമോനേമോദി എന്ന ഹാഷ്ടാഗ് ബുധനാഴ്ച ട്രെന്‍ഡിങ്ങായിരുന്നു. കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്ത് ആക്ഷേപിച്ചു എന്ന് മോദി വിമര്‍ശകരും അതല്ല, കേരളത്തിലെ ആദിവാസികളിലെ ശിശുമരണ നിരക്കിനെയാണ് മോദി സൂചിപ്പിച്ചത് എന്ന് മോദി ആരാധകരും സോഷ്യല്‍ മീഡിയയില്‍ പറയുന്നു.
കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്കിനെക്കുറിച്ച് പറഞ്ഞതാണോ മോദി ചെയ്ത തെറ്റ്. അതോ സൊമാലിയ എന്ന രാജ്യത്തിന്റെ പേര് പറഞ്ഞതോ. സൊമാലിയ എന്ന വാക്കാണ് പ്രശ്‌നമെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇതേ കാര്യം പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ ചോദിക്കുന്നത്. അട്ടപ്പാടിയെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സൊമാലിയ ആക്കി എന്നായിരുന്നു 2013 ജൂണില്‍ വി എസ് പറഞ്ഞത്.

മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ആ കസേരയില്‍ നിന്നും ഇറങ്ങി വെറും രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണോ അട്ടപ്പാടി സൊമാലിയ ആയി തോന്നിയത് എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതുവരെ അഞ്ച് വര്‍ഷം ഭരിച്ച വി എസ് അച്യുതാനന്ദനും എല്‍ ഡി എഫ് സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഒന്നുമില്ലേ. മോദിയുടെ സോമാലിയ പരാമര്‍ശം വിവാദമായപ്പോഴാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചോദ്യമൊക്കെ ഉയരുന്നത് എന്ന് മാത്രം.

കുട്ടികളെല്ലാം മരിച്ചുവീഴുന്ന സൊമാലിയയിലേതിന് തുല്യമായ സ്ഥിതിയിലേക്ക് അട്ടപ്പാടിയെ തള്ളിവിട്ടതിന് ഉത്തരവാദി - എന്നാണ് വി എസ് അന്ന് യു ഡി എഫ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇതേ കാര്യം തന്നെ മോദി പറഞ്ഞപ്പോള്‍ എങ്ങനെയാണ് അത് വിവാദമായത്. പോമോനേമോദി എന്ന് ഹാഷ് ടാഗുമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയവര്‍ക്ക് എന്തുകൊണ്ടാണ് വി എസ് അച്യുതാനന്ദന്‍ ഇതേ കാര്യം പറഞ്ഞപ്പോള്‍ അപമാനം തോന്നാതിരുന്നത് - ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.












Click it and Unblock the Notifications