കേന്ദ്രമന്ത്രിയെ കാണാന്‍ പോയ പിണറായി എന്തിന് ജോണ്‍ ബ്രിട്ടാസിനെ കൂടെ കൂട്ടി, ചര്‍ച്ച മുറുകുന്നു!
മുഖ്യമന്ത്രിയുടെ അടുത്തയാള്‍ എന്നു പറഞ്ഞു ചില അവതാരങ്ങള്‍ വരും അവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമേറ്റ ഉടന്‍ പറഞ്ഞത്. ഇവര്‍ അഴിമതിയുടെ ഭാഗമാണ്, ഇത്തരക്കാരെ സൂക്ഷിക്കണം എന്ന് പറഞ്ഞ പിണറായി വിജയന്‍ ചെറുതല്ലാത്ത കൈയ്യടിയും നേടി. മുഖ്യമന്ത്രിയുടെ പേരും പറഞ്ഞ് ആര്‍ക്കും ആരെയും മുതലെടുക്കാന്‍ പറ്റില്ല എന്ന പിണറായിയുടെ മുന്നറിയിപ്പ് ശരിക്കും ഒരു കയ്യടി അര്‍ഹിച്ചിരുന്നു എന്നത് തന്നെയാണ് സത്യം.
എന്നാല്‍ അതിന് തൊട്ടുപിന്നാലെ പിണറായി വിജയന്‍ തന്നെ തന്റെ വാക്കുകളുടെ വില കളഞ്ഞല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയായ ശേഷം ദില്ലിയിലേക്ക് പോയ പിണറായി വിജയന്‍ തനിക്കൊപ്പം കൈരളി ചാനല്‍ മേധാവിയായ ജോണ്‍ ബ്രിട്ടാസിനെ കൂട കൂട്ടിയതാണ് വിഷയം. വെറുതെ ദില്ലിയിലേക്ക് കൊണ്ടുപോകുകയല്ല, കേന്ദ്ര ധനമന്ത്രി അടക്കമുള്ളവരോട് പിണറായി നടത്തിയ ഔദ്യോഗിക ചര്‍ച്ചകളിലും ജോണ്‍ ബ്രിട്ടാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

കേരളത്തിലേക്കുള്ള ഫണ്ടുകളെക്കുറിച്ച് ധനമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുമ്പോള്‍ അവിടെ ഒരു ചാനല്‍ മേധാവി മാത്രമായ ജോണ്‍ ബ്രിട്ടാസിന് എന്താണ് കാര്യം എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ആഭ്യന്തര മന്ത്രിയുമായും പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസിന് എന്തെങ്കിലും ഔദ്യോഗിക പദവികള്‍ ഉള്ളതായി അറിവില്ല. എന്നിരിക്കേ പാര്‍ട്ടി ആഭിമുഖ്യമുള്ള ഒരു ടി വി ചാനലിന്റെ തലവന്‍ മാത്രമായ ജോണ്‍ ബ്രിട്ടാസ് അതീവ നിര്‍ണായകമായ ഈ ചര്‍ച്ചകളില്‍ എങ്ങനെ ഇടംകണ്ടെത്തി?
മുഖ്യമന്ത്രി പിണറായി വിജയന് ഭാഷാസഹായിയായിട്ടാണെങ്കില്‍, ജോണ്‍ ബ്രിട്ടാസിനെയല്ലല്ലോ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളെയല്ലേ കൊണ്ടുപോകേണ്ടത്. കേന്ദ്രമന്ത്രിമാരുമായി സംസ്ഥാന മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക ചര്‍ച്ചകളിലെ വിവരങ്ങള്‍ ഒരു ടി വി ചാനല്‍ മേധാവിക്ക് കിട്ടുന്നത് ശരിയാണോ. ഔദ്യോഗിക കാര്യങ്ങള്‍ കര്‍ത്തവ്യങ്ങളുടെ നിര്‍വഹണത്തിന് അല്ലാതെ പുറത്ത് വിടില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയല്ലേ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് എന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ആളുകള്‍ ചോദിക്കുന്നു.


Click it and Unblock the Notifications
