പൃഥ്വിരാജിന് പൊള്ളി ... കമലിനെ തൊട്ടപ്പോഴല്ല, സിനിമയെ തൊട്ടപ്പോള്‍; നടന്‍ മാത്രമല്ല, പണമിറക്കുന്നവൻ
സിനിമ പ്രതിസന്ധിയെ കുറിച്ച് പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച പൃഥ്വിരാജ് അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്
തിരുവനന്തപുരം: തീയേറ്റര്‍ സമരം മലയാള സിനിമയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യം ആണ് ഇപ്പോഴുള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളാരും തന്നെ ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയില്ല.
എന്നാല്‍ പതിവ് പോലെ യുവ താരം പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കി. തീയേറ്റര്‍ സമരത്തില്‍ തീയേറ്റര്‍ ഉടമകളെ അതി ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
സിനിമ സമരത്തെ കുറിച്ച് വാചാലനായ പൃഥ്വിരാജ്, കമലിനെതിരെ നടന്ന 'ആക്രമണങ്ങളെ' കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല എന്നതാണ് സത്യം. എന്തായിരിക്കും ഇതിന് കാരണം? പൃഥ്വിരാജിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രത്തിന്റെ സംവിധായകന്‍ കൂടി ആയിരുന്നല്ലോ കമല്‍.

സിനിമ പ്രതിസന്ധിയെ കുറിച്ച് മുന്‍ നിര താരങ്ങള്‍ നിശബ്ദത പാലിക്കുമ്പോഴാണ് പൃഥ്വിരാജ് ശക്തമായ നിലപാട് വ്യക്തമാക്കിയത്. അതിനെ അഭിനന്ദിക്കാതെ നിര്‍വ്വാഹമില്ല

എന്നാല്‍ നിര്‍ണായകമായ ഒരു ചോദ്യം കൂടി ബാക്കിയുണ്ട്. സിനിമയില്‍ ഇത് മാത്രമാണോ പ്രശ്‌നം? സംവിധായകന്‍ കമലിനെതിരെ നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളും ചര്‍ച്ചയാവേണ്ടതും പ്രതികരണം അര്‍ഹിക്കുന്നതും അല്ലേ.

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം സിനിമ സമരത്തില്‍ എന്നതുപോലെ കമലിന്റെ വിഷയത്തിലും നശബ്ദരാണ്. തങ്ങളുടെ സേഫ് സോണില്‍ നിന്നുകൊണ്ടുള്ള നിശബ്ദതയാണ് ഇതെന്ന് പോലും പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അപ്പോള്‍ പൃഥ്വിരാജിന്റെ കാര്യത്തിലോ...

പൃഥ്വിരാജ് ഒരു നടന്‍ മാത്രമല്ല. ഓഗസ്റ്റ് സിനിമ എന്ന നിര്‍മാണക്കമ്പനിയുടെ മുതലാളിമാരില്‍ ഒരാള്‍ കൂടിയാണ്. വിതരണ രംഗത്തും ഉണ്ട് ഓഗസ്റ്റ് സിനിമ.

സിനിമ സമരത്തിന്റെ കാര്യത്തില്‍ താന്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഒപ്പം ആണെന്നാണ് പൃഥ്വിരാജ് പറയുന്നത്. നിര്‍മാതാവും വിതരണക്കാരനും കൂടിയായ പൃഥ്വിരാജ് അവര്‍ക്കൊപ്പം അല്ലാതെ ആര്‍ക്കൊപ്പം നില്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടേണ്ടത്.

മള്‍ട്ടിപ്ലക്‌സുകളിലെ സൗകര്യങ്ങളെ കുറിച്ച് പൃഥ്വിരാജ് വാചാലനാകുന്നുണ്ട്. എന്നാല്‍ ഏത് നാട്ടിലും സിനിമ വ്യവസായം നിലനിന്ന് പോകുന്നത് സാധാരണക്കാരായ പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ്. മള്‍ട്ടിപ്ലക്‌സുകള്‍ സാധാരണക്കാര്‍ക്ക് എത്രത്തോളം പ്രാപ്യമാണെന്ന കാര്യം പൃഥ്വിരാജ് ചിന്തിച്ചിട്ടുണ്ടോ എന്ന് കൂടി ഓര്‍ക്കണം.

നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും ഭാഗത്ത് നിന്ന് സംസാരിക്കാന്‍ പൃഥ്വിരാജിന് മറ്റ് മേലങ്കികളുടെ ആവശ്യം ഒന്നും ഇല്ല. താന്‍ സ്വയം ഒരു നിര്‍മാതാവും വിതരണക്കാരനും ആണെന്ന് പറഞ്ഞുകൊണ്ട് തന്നെ അഭിപ്രായം വ്യക്തമാക്കാനുള്ള എല്ലാ യോഗ്യതകളും പൃഥ്വിരാജിന് ഉണ്ട്.

മമ്മൂട്ടിയും സ്വന്തമായി വിതരണക്കമ്പനി ഉള്ള ആളാണ്. മോഹന്‍ലാലിന് പണ്ട് പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസും ഉണ്ടായിരുന്നു. രണ്ട് പേരേയും ബാധിക്കുന്ന പ്രശ്‌നമാണ് ഇപ്പോള്‍ നിലവിലുള്ളത് എങ്കിലും പ്രതികരിക്കാന്‍ നില്‍ക്കാത്തതിന്റെ കാരണം എന്തായിരിക്കും. എന്തായാലും അത്തരം കാര്യങ്ങളൊന്നും പൃഥ്വിരാജ് നോക്കിയില്ല എന്നത് സത്യം തന്നെ.

ഇപ്പോഴത്തെ പ്രതിസന്ധി നിര്‍മാതാക്കളെ മാത്രമല്ല ബാധിക്കുക. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഭിനേതാക്കളേയും ബാധിക്കും. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങള്‍ പക്ഷേ അപൂര്‍വ്വം ആണെന്ന് മാത്രം.

സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതിഫലം കിട്ടാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അക്കാര്യങ്ങളൊക്കെ നടക്കും. അതുകൊണ്ട് തന്നെ പൃഥ്വിരാജിന്റെ അഭിപ്രായ പ്രകടനത്തിന് വേറേയും മാനങ്ങളുണ്ട്.
ഇതാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോള്‍ തന്നെ ഇരുപത്തിയാറായിരത്തിലധികം ലൈക്കുകള്‍ നേടിക്കഴിഞ്ഞു ഈ പോസ്റ്റ്.


Click it and Unblock the Notifications
