രാഹുൽ ഈശ്വറും ജിയാ ഇറാനിയും ബിഗ് ബോസ് സീസൺ 4 ലേക്ക്?; ഞെട്ടിക്കുമോ ഇവർ? ചർച്ചയായി ഈ പേരുകൾ
കൊച്ചി; ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് സീസൺ ഫോർ വരുമെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. മാർച്ചിലായിരിക്കും ഷോ ആരംഭിച്ചേക്കുക. ഇതിനോടനുബന്ധിച്ചുള്ള ഷോയുടെ ലോഗോ ഏഷ്യാനെറ്റ് പുറത്തുവിട്ട് കഴിഞ്ഞു. ഇനി ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. അടുത്ത മത്സരാർത്ഥികൾ ആരൊക്കെയാണമെന്ന നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ അടുത്ത സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള പ്രവചനം നടത്തുകയാണ് യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്സ്. പ്രേക്ഷകർക്ക് ഏറെ പരിചിതരായതും അതേസമയം തന്നെ അത്രയും പരിചിതരല്ലാത്ത ചില മുഖങ്ങളും സീസൺ 4 ൽ ഉണ്ടായേക്കുമെന്നാണ് മല്ലു ടോക്സിൽ പറയുന്നത്. ആദ്യത്തെ പേരായി പറയുന്നത് യുട്യൂബ് വീഡിയോയിലൂടെ സജീവമായ പാലാ സജിയുടെ പേരാണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ടിക് ടോക്കില്‍ തന്റെതായ ആരാധകരെ കണ്ടെത്തിയ താരമാണ് പാലാ സജി. റിട്ടയേഡ് എസ് ഐയാണ് അദ്ദേഹം. പല സിനിമാ താരങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ സജിക്കുണ്ട്. ബിഗ് ബോസിൽ സജി ഉണ്ടാകുമെന്ന് 50 ശതമാനം ഉറപ്പായെന്നാണ് വീഡിയോയിൽ പറയുന്നത്.

രണ്ടാമതായി പറയുന്ന പേര് മോഡലും നടനുമായ ജിയ ഇറാനിയുടേതാണ്. ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുടെ സുഹൃത്തെന്ന നിലയ്ക്കായിരുന്നു പ്രേക്ഷകർക്ക് ജിയയെ പരിചയം. ഋതുവുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി ജിയ സോഷ്യൽ മീഡിയയിൽ ഇരുവരുടേയും ചിത്രങ്ങൾ പുറത്തുവിട്ടതോടെയായിരുന്നു ഷോയ്ക്കൊപ്പം ജിയയും ചർച്ചയായത്.

അന്ന് ചിത്രങ്ങൾ പുറത്തുവിട്ട ജിയയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രോഷം ഉയർന്നരുന്നു. എന്നാൽ നിലവിൽ വലിയ പിന്തുണ ജിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഉണ്ട്. ബിഗ് ബോസ് സ്ഥിരമായി കാണാറുള്ള ആളാണ് താനെന്നും അവസരം ലഭിച്ചാൽ ഷോയിൽ പങ്കെടുക്കുമെന്നും മത്സരിച്ച് കപ്പടിക്കുമെന്നും ജിയ നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം മൂന്നാമത്തെ പേര് സന്തോഷ് പണ്ഡിറ്റിന്റേതാണ്. മലയാളി ഹൗസിൽ തിളങ്ങി നിന്ന, നേരെ നോക്കി സംസാരിക്കുന്ന, ഇമേജ് കോൺഷ്യസ് അല്ലാത്ത, എവിടേയും എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് സന്തോഷ് പണ്ഡിറ്റെന്നും ഈ പേരും ഏറെ കുറേ ഉറപ്പാണെന്നും മല്ലു ടോക്സിൽ പറയുന്നു.

വാവ സുരേഷിന്റെ പേരും വീഡിയോയിൽ പറയുന്നുണ്ട്. അടുത്തിടെ പാമ്പ് കടിയേറ്റ വാവ സുരേഷ് ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിന് ശേഷമായിരുന്നു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തുടർന്നും താൻ പാമ്പ് പിടുത്തം തുടരുമെന്നായിരുന്നു ആരോഗ്യനില വീണ്ടെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ആശുപത്രി വിട്ട ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് സാധ്യത ഉണ്ടെന്നുള്ള തോന്നൽ ഉണ്ടായിരുന്നുവെന്നും വന്നാൽ ഇമേജ് പോകുമോയെന്നുള്ള ഭയമില്ലാത്ത ആളാണെന്നും വീഡിയോയിൽ പറയുന്നു. കോമഡി സ്റ്റാർസിൽ ഉള്ള തങ്കച്ചൻ വിദുരയുടെ പോരാണ് മറ്റൊരു സാധ്യതയായി പറയുന്നത്. കഴിഞ്ഞ തവണ നോബി വന്നത് പോലെ തങ്കച്ചൻ വന്നേക്കുമെന്നാണ് പ്രവചനം.

മാധ്യമങ്ങളിൽ ചാനൽ ചർച്ചകളിൽ സജീവമായ രാഹുൽ ഈശ്വർ ഈ സീസണിൽ ഉണ്ടായേക്കുമെന്നാണ് പ്രവചനം. നേരത്തേ സീസൺ ഒന്നിൽ രാഹുൽ പങ്കെടുത്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത്തരത്തിലൊരു ചർച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും രാഹുലിന്റെ പേര് ചർച്ചയാകുകയാണെന്ന് വീഡിയോയിൽ പറയുന്നത്.

മുകളിൽ പറഞ്ഞ പേരുകൾ എല്ലാം തന്നെ ഇമേജ് കോൺഷ്യസ് ആകാത്ത ആളുകളാണ്. പുറത്ത് നെഗറ്റീവ് ഇമേജായാലും പോസിറ്റീവ് ഇമേജായാലും ബിഗ് ബോസിൽ വന്നാൽ എന്താകുമെന്ന് പറയാനാകില്ല, അത്രമാത്രം അപ്രതീക്ഷിതമാണ് ഷോയെന്നും വീഡിയോയിൽ പറയുന്നു. എന്തായാലും ഈ പ്രവചനങ്ങൾ ഫലിക്കുമോ അതോ ഇക്കുറിയും ചാനലിന്റെ അണിയറ പ്രവർത്തകർ ഞെട്ടിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications