ഒഴിവുദിവസത്തെ 'ചളി' എന്ന് ഇന്ദു മേനോന്റെ ആക്ഷേപം.. ലക്ഷ്യം കഥാകൃത്തോ?
2015 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. ഒഴിവുദിവസത്തെ ചളി അതോ ചതിയോ എന്ന പേരില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഇന്ദു മേനോന്‍ ചിത്രത്തെ ഇകഴ്ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞയാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്.
ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ കഥ ഇതേ പേരില്‍ സനല്‍ കുമാര്‍ ശശിധരന്‍ സിനിമയാക്കുകയായിരുന്നു. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ മികച്ച അഭിപ്രായം നേടിയ ഒഴിവുദിവസത്തെ കളി എന്ന സ്വതന്ത്രചിത്രം പല തീയറ്ററുകളിലും പ്രേക്ഷകര്‍ മുന്‍കൈയെടുത്താണ് പ്രദര്‍ശനം നടത്തുന്നത്.

സാഹിത്യ സിനിമാ രാഷ്ട്രീയ നക്‌സല്‍ നായകര്‍ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേ ദിവസമായ് കാണൂ കാണൂ മികച്ച ഈ പടം എന്ന് കൂവിയത് കൊണ്ടാണ് താന്‍ ചിത്രം കാണാന്‍ മുതിര്‍ന്നതെന്നാണ് ഇന്ദു മേനോന്‍ പറയുന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. അടുത്ത കാലത്ത് കണ്ട ഏറ്റവും ലൗഡായ, കലാമൂല്യമോ പൊളിറ്റിക്കല്‍ മൂല്യമോ ഇല്ലാത്ത ഒരു കള്ളനാണയമാണ് ചിത്രം.
ഇന്ദുമേനോന്റെ സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സിനിമയ്ക്ക് പുറത്തുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇന്ദുമേനോന്‍ ഇത്തരത്തില്‍ ചിത്രത്തെ എഴുതിയിരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. ഇന്ദു മേനോന്റെ ലക്ഷ്യം സിനിമയല്ല, സിനിമയ്ക്ക് കഥയെഴുതിയ ആളാണ്, അദ്ദേഹത്തോട് ഇവര്‍ക്ക് നേരത്തെ ദേഷ്യമുണ്ട് എന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പറയുന്നു. ചിത്രത്തെപ്പറ്റി ഇന്ദു മേനോന്റെ അഭിപ്രായത്തോട് യോജിക്കുന്നവരും ഉണ്ട്.












Click it and Unblock the Notifications