'ചെക്കന്‍ കുട്ടിയാണ്, അവളൊരു ഇത്താത്തയും'; നൂറിന്‍ ഷെരീഫിന് നേരെ അധിക്ഷേപം, ചുട്ടമറുപടിയുമായി വ്‌ളോഗര്‍
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫ്. അഡാര്‍ ലവിന് ശേഷം ഒരുപാട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീജിയയില്‍ സജീവമായ നൂറിന്‍ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങള്‍ മുമ്പാണ് നൂറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരന്‍.

ഒട്ടേറെ നാളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ വീഡിയോകള്‍ക്ക് താഴെ പതിവ് പോലെ സിനിമ താരങ്ങള്‍ നേരിടുന്ന അധിക്ഷേപ കമന്റുകളുമായി ഒരു കൂട്ടം രംഗത്തെത്തി.

രണ്ട് പേരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിലര്‍ ബോഡി ഷെയ്മിംഗ് കമന്റുകളും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇത്തരം കമന്റുകള്‍ പങ്കുവച്ചവരെ പേരെടുത്ത് വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് വ്‌ളോഗിംഗ് ചാനലായ സീക്രട്ട് ഏജന്റ്. ചുട്ടമറുപടിയായാണ് അദ്ദേഹം വീഡിയോയില്‍ രംഗത്തെത്തിയിരിക്കുന്നത്.

ഓരോരുത്തരും പങ്കുവച്ച കമന്റ് എടുത്ത് പറഞ്ഞാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. അമ്മയും മോനെയും പോലെ തോന്നുന്നുണ്ടെന്നാണ് സന്തോഷ് എന്നയാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ഇത്തരം ആളുകള്‍ ഒരുപാടുണ്ട്. ഏതെങ്കിലും കല്യാണത്തിന്റെ വീഡിയോയ്ക്ക് താഴെ ചെക്കന പ്രായം കൂടുതലാണ്, കുറവാണ് എന്നൊക്കെ പറഞ്ഞുവരും.

നിങ്ങള്‍ക്കൊക്കെ സ്വന്തം ജീവിതത്തില്‍ സ്വന്തം ലുക്ക് എങ്ങനെ, നമ്മളും നമ്മളുടെ കപ്പിളും പോകുന്ന സമയത്ത് ബാക്കിയുള്ളവര്‍ എന്തെങ്കിലും പറയുമോ എന്നുള്ളതൊക്കെ ചിന്തിച്ചാല്‍ പോരെ. എന്തിനാണ് ബാക്കിയുള്ള ആളുകളെ കാണുന്ന സമയത്ത് അമ്മയും മകനും ചേച്ചിയും അനിയനും. ഇതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് സുഖമാണ് കിട്ടാന്‍ പോകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

വീഡിയോയ്ക്ക് താഴെ വന്ന മറ്റൊരു കമന്റ് ചേര്‍ച്ചയില്ല എന്നാണ്. എന്താ ചേര്‍ച്ച വേണമെന്ന് നിര്‍ബന്ധമുണ്ടോ എന്ന് വ്‌ളോഗര്‍ ചോദിക്കുന്നു. ചേര്‍ച്ച ഇല്ലെന്ന് അവന് തോന്നിയെങ്കില്‍ തോന്നി, ആ കമന്റിന് താഴെ എന്തിനാണ് 13 പേര്‍ ലൈക്കടിച്ചതെന്ന് അദ്ദേഹം ചോദിച്ചു. നിനക്ക് ചേരണ്ട. അവര് ചേര്‍ന്നല്ലോ. ഇങ്ങനെയുള്ള ആള്‍ക്കാര്‍ ഒരുപാടുണ്ട്.

എത്ര കൊല്ലം ഭാര്യ ഭര്‍തൃ ഗ്യാരന്റി ഉണ്ടാകുമോ എന്ന് കണ്ടറിയാം എന്നായിരുന്നു മറ്റൊരു കമന്റ്. ഈ കമന്റ് ചെയ്ത ആളോട് സ്വന്തം ജീവിതത്തിന് വല്ല ഗ്യാരന്റിയുണ്ടോ എന്ന് നോക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ബാക്കിയുള്ളവന്റെ ജീവിതത്തിലേക്ക് ഗ്യാരന്റിയുണ്ടോ എന്ന് നോക്കി നടന്നാല്‍ പോരെ. സ്വന്തം ജീവിതത്തെ കുറിച്ച് ഒരു ബോധമില്ലാത്തവരാണ് ഇങ്ങനെ കമന്റ് ചെയ്യുന്നതെന്ന് വ്‌ളോഗര്‍ വീഡിയോയില്‍ പറഞ്ഞു.

ചെക്കന്‍ കുട്ടിയാണ്, അവള്‍ ഒരു ഇത്താത്തയാണ്, എനിക്ക് അങ്ങനെ തോന്നി, നിങ്ങള്‍ക്കോ എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. നിങ്ങള്‍ക്ക് അവര്‍ നിക്കുമ്പോള്‍ ഇത്താത്തയും കൊച്ചുപയ്യനുമൊക്കെയായി തോന്നും. അത് നിങ്ങളുടെ തോന്നലാണ്. അത് നിങ്ങള്‍ ഇവിടെ പറയുന്നുമുണ്ട്. എന്തിനാണ് ബാക്കിയുള്ളവര്‍ക്കോ എന്നൊരു ചോദ്യം ചോദിച്ചത്- വ്‌ളോഗര്‍ പറഞ്ഞു.

ഇതിന് പിന്നാലെ വന്ന കമന്റുകള്‍ ഇരുവരുടെയും ഉയരത്തെ കുറിച്ചായിരുന്നു. ഭാര്യയ്ക്ക് നീളം കൂടിയാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ആണുങ്ങള്‍ക്ക് മാത്രമേ എപ്പോഴും നീണ്ടുനില്‍ക്കാന്‍ പാടുണ്ടോ എന്നുണ്ടോ. അതുതന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ഡോമിനേറ്റ് സൈഡാണ്.

പെണ്ണ് ആണിനേക്കാള്‍ നീളം കൂടിയാണ് അത് വന്‍ വിവാദമാണ്. ഈ പ്രശ്‌നം കുറേ പേര്‍ അനുഭവിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നൂറിന്‍ തട്ടമിടാത്തതാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചത്. തട്ടം ഇട്ടില്ലെങ്കില്‍ നൂര്‍ എന്ന പേര് മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അവരുടെ ഇഷ്ടങ്ങളിലേക്ക് നിങ്ങള്‍ എന്തിനാണ് ഇടപെടുന്നതെന്ന് വ്‌ളോഗര്‍ ചോദിക്കുന്നു. എന്തായാലും എല്ലാ സിനിമ താരങ്ങളും നേരിടുന്ന അധിക്ഷേപങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നൂറിന്‍ ഷെരീഫും നേരിട്ടത്.












Click it and Unblock the Notifications