വയലിനില്‍ ആതിരയ്ക്ക് റെക്കോഡ്
തിരുവനന്തപുരം: ആതിര കോടമ്പള്ളി എന്ന 16കാരി പെണ്‍കുട്ടി ലോകറെക്കോഡിനുടമയായി. തുടര്‍ച്ചയായി 32 മണിക്കൂര്‍ നേരം വയലിന്‍ വായിച്ചാണ് ആതിര റെക്കോഡ് സ്ഥാപിച്ചത്. ഒരു സംഗീത ഉപകരണം ഏറ്റവും കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിച്ചതിനാണ് ആതിര കോടമ്പള്ളിയ്ക്ക് റെക്കോഡ്.
സൂര്യ ഫെസ്റിവലിനോടനുബന്ധിച്ചായിരുന്നു ആതിരയുടെ ഈ സംഗീത പ്രകടനം. ടാഗോര്‍ തിയറ്ററില്‍ നിറഞ്ഞു നിന്ന ആസ്വാദകസദസ്സിന് മുമ്പിലായിരുന്നു ആതിരയുടെ പ്രകടനം.
എട്ട് മണിക്കൂര്‍ കൂടുമ്പോള്‍ 15 മിനിറ്റ് നേരം മാത്രം വിശ്രമം. അങ്ങിനെ 32 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ 15 മിനിറ്റ് നേരം വീതമുള്ള ഇടവേളയൊഴിച്ചാല്‍ ആതിരയുടെ വിരലുകള്‍ വയലിന്‍ കമ്പികളില്‍ ഒഴുകി നടക്കുകയായിരുന്നു.
വാതാപി ഗണപതിം എന്ന കീര്‍ത്തനത്തില്‍ തുടങ്ങിയ കച്ചേരി പഞ്ചാരത്നകീര്‍ത്തനാലാപത്തോടെയാണ് അവസാനിച്ചത്. 101ല്‍ പരം കീര്‍ത്തനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ആതിര വായിച്ചു. 25ഓളം പേര്‍ മാറി മാറി ആതിരയ്ക്ക് പക്കവാദ്യം വായിച്ചു.
നവമ്പര്‍ 11 ചൊവാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കച്ചേരി അവസാനിച്ചത്. ആദ്യം സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ ആതിരയെ ഹാരമണിയിച്ച് സ്വീകരിച്ചു. ആതിരയ്ക്ക് ഒരു ലക്ഷം രൂപ ധനസഹായവും മന്ത്രി പ്രഖ്യാപിച്ചു. ആതിരയുടെ അച്ഛന്‍ ചേമ്പേള്ളി കൃഷ്ണനെയും അമ്മ ലീലയെയും വേദിയില്‍ ആദരിച്ചു.












Click it and Unblock the Notifications