പ്രദീപിന്റെ ചിത്രം; ഗ്രാമം പ്രചോദനം
പ്രദീപ് പുത്തൂര്‍ എന്ന ചിത്രകാരന് യുഎസ് പെയിന്ററായ ജാക്സണ്‍ പൊള്ളോക്കിന്റെ പേരിലുള്ള ഫെലോഷിപ്പ് ലഭിച്ചതില്‍ അമിതാഹ്ലാദമില്ല. കാരണം അംഗീകാരങ്ങള്‍ ഈ യുവകലാകരന് പുത്തരിയല്ല.
1994ല്‍ ഇന്റര്‍നാഷണല്‍ പോസ്റര്‍ അവാര്‍ഡും 1997ല്‍ ബ്രിട്ടീഷ് റോയല്‍ ഓവര്‍സീസ് അവാര്‍ഡും പ്രദീപിന് ലഭിച്ചിട്ടുണ്ട്. പൊള്ളോക്ക് ഫൗണ്ടേഷന് തന്റെ തിരഞ്ഞെടുത്ത ഏതാനും ചിത്രങ്ങള്‍ പ്രദീപ് അയച്ചുകൊടുത്തു. അവര്‍ വൈകാതെ പ്രദീപിനെ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുകയായിരുന്നു.
എന്താണ് പ്രദീപിന്റെ ചിത്രങ്ങള്‍ക്ക് പ്രചോദനം? കേരളത്തിന്റെ ഗ്രാമഭംഗി തന്നെ. കൊല്ലം ജില്ലയിലെ പുത്തൂര്‍ എന്ന സ്ഥലത്താണ് പ്രദീപ് ജനിച്ചത്. പുത്തൂര്‍ ഒരു തനിനാട്ടിന്‍പുറമാണ്. ഈ നാടിന്റെ ഗ്രാമീണക്കാഴ്ചകളാണ് തന്റെ ബ്രഷിനെയും ഭാവനയെയും ഉണര്‍ത്തുന്നതെന്ന് പ്രദീപ് കരുതുന്നു.
പ്രദീപിനെ പൊള്ളോക്ക് ഫെലോഷിപ്പിന് അര്‍ഹമാക്കിയ ഒരു രചന ഇതാണ്: നിലാവില്‍ അച്ഛന്റെ ഗ്രാമം. ഇത് ഓയില്‍ പെയിന്റ് ചിത്രമാണ്. ഗ്രാമത്തില്‍ നിലാവിന്റെ മനോഹാരിതയെന്തെന്ന് പ്രദീപ് ഈ ചിത്രത്തില്‍ വരച്ചിടുന്നു. ഇത് വെറുമൊരു ലാന്‍ഡ് സ്കേപ്പല്ലെന്ന് പ്രദീപ് പറയുന്നു. പകരം നിലാവുള്ള രാത്രിയില്‍ ഗ്രാമത്തിന്റെ നിഷ്കളങ്കത ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും പ്രദീപ് വിശദമാക്കുന്നു.
എന്റെ പ്രിയപ്പെട്ട പുലി എന്ന ചിത്രത്തില്‍ കാട് നഷ്ടമായ ആധുനിക ലോകത്തിന്റെ വ്യഥയാണ് ചിത്രീകരിക്കുന്നത്. ഇവിടെ പുലി മനുഷ്യന്റെ തന്നെ പ്രതീകമാണ്. കാട് വിട്ടിറങ്ങി വരുന്ന ചിത്രത്തിലെ പുലി കോണ്‍ക്രീറ്റുകാടുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ ജീവിക്കുന്ന മനുഷ്യന്റെ പ്രതിരൂപം തന്നെയാണെന്നും പ്രദീപ് പറയുന്നു.
കുന്നുകളുടെ ചരിത്രം എന്ന മറ്റൊരു ചിത്രത്തില്‍ രാഷ്ട്രീയമാണ് വിഷയം. കാഴ്ചനഷ്ടപ്പെട്ട അണികളുടെ പിന്തുണയോടെ എങ്ങിനെയാണ് പാര്‍ട്ടികള്‍ വളരുന്നതെന്നാണ് ഈ ചിത്രത്തില്‍ വിശദീകരിയ്ക്കുന്നത്.
തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് അക്കാദമിയില്‍ നിന്നും 1987ല്‍ അപ്ലൈഡ് ആര്‍ട്സില്‍ ബിരുദം നേടിയ കലാകാരനാണ് പ്രദീപ് പുത്തൂര്‍.












Click it and Unblock the Notifications