സ്വന്തം ബാന്റുമായി ജാസി ഗിഫ്റ്റ്
ഒരൊറ്റ ഗാനം കൊണ്ട് കേരളത്തിലെ യുവത്വത്തെ ത്രസിപ്പിച്ച ജാസി ഗിഫ്റ്റ് ഇതാ സ്വന്തമായി സംഗീത ബാന്റ് രൂപീകരിയ്ക്കുന്നു. കേസരി ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന മുഖാമുഖത്തിലാണ് ജാസി ഗിഫ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരളീയവും ഭാരതീയവുമായ സംഗീതരൂപങ്ങള്‍ കോര്‍ത്തിണക്കിയ ഒരു മണിക്കൂര്‍ സ്റേജ് ഷോയാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്. ആദ്യം ബാന്റിന്റെ സംഗീത ആല്‍ബം പുറത്തിറക്കും. എത്നോ(വംശീയ) പോപ് സംഗീതത്തിലൂന്നിയുള്ളതായിരിക്കും തന്റെ ബാന്റെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
സോനാ സോനാ എന്ന സ്വകാര്യ ആല്‍ബം ഇതിന് മുമ്പ് പുറത്തിറക്കും.
കേരളത്തിലെ യുവാക്കള്‍ ദേശീയഗാനം പോലെ കൊണ്ടാടുന്ന ലജ്ജാവതിയേ... എന്ന ഗാനത്തിന്റെ വിജയത്തോടെ ജാസി ഗിഫ്റ്റ് അതീവ തിരക്കിലാണ്. അശോക് ആര്‍.നാഥിന്റെ ഡിസംബര്‍ എന്ന സിനിമയ്ക്കാണ് ഇപ്പോള്‍ സംഗീതസംവിധാനം ചെയ്യുന്നത്. ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയുടെ തമിഴ്, തെലുങ്ക് ഡബിംഗുകളും ജയരാജ് സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രവുമാണ് കരാറായിട്ടുള്ള മറ്റ് സിനിമകള്‍.
മെലഡിയും താളവുമാണ് ലജ്ജാവതിയേ.. എന്ന ഗാനത്തെ ഹിറ്റാക്കിയത്. ജമൈക്കന്‍ റെഗ്ഗെയുടെ താളം പിന്തുടര്‍ന്നാണ് സംഗീതം നല്കിയത്. - ജാസി ഗിഫ്റ്റ് തന്റെ വിജയരഹസ്യം പങ്കിടുന്നു.
തിരുവനന്തപുരം സ്വദേശിയായ ജാസി ഗിഫ്റ്റ് നഗരത്തിലെ പാശ്ചാത്യസംഗീതഗ്രൂപ്പുകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. നല്ലൊരു പിയാനോ വായനക്കാരനായ ജാസി ഗിഫ്റ്റ് മോബി ഡിക്ക്, ഹെല്‍ സിറ്റി എന്നീ സംഗീത ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബാന്റുകള്‍ തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളില്‍ പതിവായി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കീ ബോര്‍ഡ് വായിക്കുന്നതിന് പുറമെ പിന്നണിയിലിരുന്നുള്ള റെഗ്ഗെ ആലാപനവുമായിരുന്നു ജാസി ഗിഫ്റ്റിന്റെ പ്രധാനപരിപാടി.
റെഗ്ഗെയ്ക്കും റോക്കിനും പുറമെ പഴയ മലയാളം പാട്ടുകളും ഇളയരാജയുടെ ഗാനങ്ങളും ജാസി ഗിഫ്റ്റിന് ഇഷ്ടമാണ്. ഫ്രെഡ്ഡി മെര്‍ക്കുറിയുടെ ആരാധകനാണ്. ലജ്ജാവതിയേ ഹിറ്റായതിന് ശേഷമുണ്ടായ ഏറ്റവും സന്തോഷമുള്ള അനുഭവം ഏതാണ്? സൂര്യ ടിവി യില്‍ ഒരു ഇന്റര്‍വ്യൂവിനിടയില്‍ യേശുദാസ് ലജ്ജാവതിയേ.. എന്ന ഗാനത്തിലെ രണ്ട് വരിപാടി. അത് തന്നെ ത്രില്ലടിപ്പിച്ചുവെന്ന് ജാസി ഗിഫ്റ്റ് പറയുന്നു.












Click it and Unblock the Notifications