അറബി സംഗീതം മഹത്തരം
ബഹ്റിന്‍: സംഗീതപ്രേമികളും ഗവേഷകരും അറബിക് ശാസ്ത്രീയസംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കോട്ടയത്തെ ശ്രുതി സ്കൂള്‍ ഒഫ് ലിറ്റര്‍ജികല്‍ മ്യൂസിക് ഡയറക്ടര്‍ ഫാ. എം. പി. ജോര്‍ജ് പറഞ്ഞു.
അറബിക്-ഇന്ത്യന്‍ സംഗീതങ്ങള്‍ തമ്മില്‍ മികച്ച ബന്ധമുണ്ടാക്കാന്‍ സംഗീതജ്ഞര്‍ ശ്രമിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ബഹ്റിനില്‍ എത്തിയത്. കേരളത്തില്‍ കര്‍ണാടക സംഗീതത്തലിലും യുകെയില്‍ പാശ്ചാത്യ സംഗീതത്തിലും റഷ്യയില്‍ പൗരസ്ത്യസംഗീതത്തിലും പരിശീലനം നേടിയിട്ടുള്ള ഫാ. ജോര്‍ജ് പൗരസ്ത്യ-പാശ്ചാത്യ സംഗീതമേഖലകളില്‍ പ്രഗത്ഭനാണ്.
സംഗീതത്തില്‍ ആഴമേറിയ ഗവേഷണം നടത്തുകയും അതിലൂടെയുള്ള അറിവ് പുതിയ തലമുറക്ക് കൈമാറുകയും ചെയ്യേണ്ടതുണ്ട്. എല്ലാ രാജ്യത്തിനും അതിന്റെ ഭാഷയോടും സംസ്കാരത്തോടും ചേര്‍ന്നുനില്‍ക്കുന്ന സംഗീതമുണ്ട്- ജോര്‍ജ് പറഞ്ഞു.
സംഗീതം വിശുദ്ധമായ കലയാണ്. സൃഷ്ടിയില്‍ ഒളിഞ്ഞിരിയ്ക്കുന്ന അത്ഭുതങ്ങളില്‍ ഒന്നാണത്. ലയത്തിന്റെയും ശ്രുതിയുടെയും സംയോജനം എന്നാണ് ഭാരതീയപാരമ്പര്യം സംഗീതത്തിന് നല്കുന്ന നിര്‍വചനം. ഓരോ രാജ്യത്തിനും അവരുടേതായ സംഗീതമുണ്ട്. അത് അവരുടെ ഭാഷ, സംസ്കാരം, ആ ജനതയുടെ തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ത്യന്‍ സംഗീതവും അറബി സംഗീതവും മെലഡിയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. വിവിധരാഗങ്ങളിലൂടെയാണ് ഇരുസംഗീതശാഖകളും ജനങ്ങളിലേക്കെത്തിയത്. - അദ്ദേഹം പറഞ്ഞു.
പാശ്ചാത്യസംഗീതം വിവിധസ്വരങ്ങളുടെ മനോരഞ്ജകമായ കൂടിച്ചേരലിലാണ് ഊന്നല്‍ നല്കിയത്. എന്തായാലും ഭാരതീയ-അറബി സംഗീതത്തില്‍ ഗവേഷണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ഗവേഷണത്തിലൂടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും കഴിയും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications