ഗിന്നസ് ബുക്കിലേക്ക് ഒരു വള്ളംകളി
ഇതാ ഗിന്നസ് ബുക്കിലേക്ക് വേണ്ടി ഒരു വള്ളംകളി തയ്യാറാവുന്നു. തിരുവനന്തപുരത്ത് സപ്തംബറില്‍ നടക്കുന്ന വള്ളംകളിയില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ എത്രയെന്നോ?-200.
സപ്തംബര്‍ രണ്ടിന് കരമനയാറ്റില്‍ നടക്കുന്ന വള്ളംകളിയില്‍ കട്ടമരം, ചുണ്ടന്‍വള്ളം, നാടന്‍വള്ളം, ചരക്കുവള്ളം- തുടങ്ങി എല്ലാതരം വള്ളങ്ങളും പങ്കെടുക്കും. പോര്‍വിളി മുഴക്കി, വായ്ത്താരിയുടെ താളത്തില്‍, തിരമുറിച്ച് 200 വള്ളങ്ങള്‍ ഒന്നിച്ച് പായുമ്പോള്‍ അത് ഗിന്നസ് ബുക്കില്‍ മറ്റൊരു റിക്കാര്‍ഡാകും. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുത്ത വള്ളംകളി.
തിരുവനന്തപുരം ജലോത്സവം കമ്മിറ്റിക്കാര്‍ കൈകള്‍ കോര്‍ത്ത് ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നു- ഈ വള്ളംകളി മുടക്കം കൂടാതെ നടക്കേണമേയെന്ന്. ഈ വള്ളംകളിയെപ്പറ്റി കഴിഞ്ഞ വര്‍ഷം സമിതി ഗിന്നസ് ബുക്ക് അധികൃതരെ അറിയിച്ചിരുന്നു. പക്ഷെ അറിയിപ്പ് വൈകിപ്പോയതിനാല്‍ ഗിന്നസ് ബുക്കില്‍ നിന്നും ആരുമെത്തിയില്ല. ഇക്കുറി കൂടുതല്‍ ഫൊട്ടോഗ്രാഫുകളും മത്സരത്തിന്റെ വിശദാംശങ്ങളും ഗിന്നസ് ബുക്കധികൃതര്‍ക്ക് നല്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ തിരുവല്ലം ഭാസി പറഞ്ഞു.
ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ നടക്കുന്ന ഒരു വള്ളംകളിയാണ് ലോകത്തിലെ ഏറ്റവും വലിയ വള്ളംകളിയായി ഗിന്നസ് ബുക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നടന്‍ കമലഹാസന്‍ മുഖ്യാതിഥിയായെത്തുന്ന ഈ വള്ളംകളിയ്ക്ക് ഇക്കുറി അഞ്ച് ലക്ഷം കാണികളെയെങ്കിലും പ്രതീക്ഷിയ്ക്കുന്നു. വിദേശികളും എത്തും. കരമനയാറ്റില്‍ നിന്ന് തുടങ്ങുന്ന വള്ളംകളി തിരുവല്ലത്ത് അവസാനിയ്ക്കും.












Click it and Unblock the Notifications