അയ്യപ്പപ്പണിക്കര്‍ക്ക് വള്ളത്തോള്‍ പുരസ്കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം കവി അയ്യപ്പപ്പണിക്കര്‍ക്ക്. വള്ളത്തോള്‍ സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ആയുഷ്കാലം മുഴുവന്‍ നല്‍കിയ സംഭാവനകളെ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് വള്ളത്തോള്‍ സാഹിത്യ സമിതി പ്രസിഡന്റ് ആര്‍. രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.
കവിതയില്‍ നവീനമായ ഒരു സംവേദനശൈലി ആവിഷ്കരിക്കുകയും കവിതാസരണിയില്‍ സമഗ്രമായ വ്യതിയാനം വരുത്തുകയും ചെയ്ത കവിയാണ് അയ്യപ്പപ്പണിക്കരെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. ഡോ. എം. ലീലാവതി, പി. നാരായണക്കുറുപ്പ്, മേലത്ത് ചന്ദ്രശേഖരന്‍, നിലമ്പേരൂര്‍ മധുസൂദനന്‍നായര്‍, ഡോ. കവടിയാര്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ആര്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications