മന്‍മോഹന്‍ നെഹ്‌റുവിനേക്കാള്‍ മിടുക്കന്‍

അമേരിക്കന്‍ അനുകൂല നയം സ്വീകരിച്ച മന്‍മോഹന്‍സിംഗ് ഇന്ത്യയെ ലോകത്തിനായി തുറന്നുകൊടുത്തെന്നും ദേശീയതാല്പര്യങ്ങള്‍ ഹനിക്കാതെ നമ്മെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചെന്നും കുശ്‌വന്ത് സിംഗ് ചൂണ്ടിക്കാട്ടുന്നു.
'അബ്‌സല്യൂട്ട് കുഷ്‌വന്ത്: ദി ലോ ഡൗണ്‍ ഓണ്‍ ലൈഫ്, ഡെത്ത് ആന്‍ഡ് മോസ്റ്റ് തിംഗ്‌സ് ഇന്‍ ബിറ്റ്‌വീന്‍' എന്ന തന്റെ പുതിയ പുസ്തകത്തിരാണ് 95കാരനായ കുശ്‌വന്ത് സിംഗ് ഇന്ത്യകണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങെന്ന് പറയുന്നത്.
മന്‍മോഹന്റെ ആര്‍ജവത്തിന് ഉദാഹരണമായി ഒരു സംഭവവും പുസ്തകത്തില്‍ കുശ്‌വന്ത് സിംഗ് അനുസ്മരിക്കുന്നു. '1999-ല്‍ സൗത്ത് ഡല്‍ഹിയില്‍നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍സിംഗ് പരാജയപ്പെട്ടപ്പോഴായിരുന്നു ആ സംഭവം. പ്രചാരണത്തിനായി ചെലവഴിക്കാന്‍ അധികം പണമില്ലാതിരുന്ന മന്‍മോഹന്‍സിംഗ് അദ്ദേഹത്തിന്റെ മരുമകന്‍ വഴി എന്നോടു രണ്ടുലക്ഷം രൂപ കടം ചോദിച്ചു.
പ്രചാരണത്തിന് കാര്‍ വാടകയിനത്തില്‍ നല്‍കാനായിരുന്നു ഈ തുക. തെല്ലൊന്ന് അന്ധാളിച്ചെങ്കിലും ഞാന്‍ പണം നല്‍കി. തെരഞ്ഞെടുപ്പു കഴിഞ്ഞു, മന്‍മോഹന്‍സിംഗ് പരാജയപ്പെടുകയും ചെയ്തു. ഒരു ദിവസം എന്നെ അദ്ദേഹം കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു.
ഞാന്‍ ചെന്നപ്പോള്‍ ആദ്യം മന്‍മോഹന്‍ എനിക്കു നേരെ ഒരു പായ്ക്കറ്റ് നീട്ടിത്തന്നു. രണ്ടു ലക്ഷം രൂപയുടെ നോട്ടുകെട്ടായിരുന്നു അത്. പ്രചാരണത്തിനായി താനീ പണം ഉപയോഗിച്ചില്ലെന്നു പറഞ്ഞാണ് മന്‍മോഹന്‍ അത് എനിക്കു മടക്കി നല്‍കിയത് -കുശ്‌വന്ത് സിംഗ് അനുസ്മരിച്ചു.
ജനങ്ങളും നേതാക്കളും ആര്‍ജവത്തെക്കുറിച്ച് വാതോരാതെ പറയുമ്പോള്‍ ഞാന്‍ പറയുന്നു, പ്രതിബദ്ധതയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യത്തെ ഏറ്റവും വലിയ പദവി ഇന്ന് അലങ്കരിക്കുന്നതെന്ന്- സിംഗ് എഴുതുന്നു.
പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കാളും മികച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗെന്നു പറയാനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു.
'നെഹ്‌റുവിന് ദീര്‍ഘവീക്ഷണവും സ്വാധീനശക്തിയുമുണ്ടായിരുന്നു. ഇതോടൊപ്പം ചില തെറ്റുകളും അദ്ദേഹത്തിലുണ്ടായിരുന്നു. തികഞ്ഞ അമേരിക്കന്‍ വിരോധിയും അന്ധമായ സോവ്യറ്റ് യൂണിയന്‍ സ്‌നേഹിയുമായിരുന്നു നെഹ്‌റു.
പലപ്പോഴും ജനങ്ങളോട് അദ്ദേഹം അസഹിഷ്ണുതയോടെയാണ് വര്‍ത്തിച്ചത്. എന്നാല്‍, മന്‍മോഹനാകട്ടെ തുറന്ന മനസുള്ള വ്യക്തിയാണ്. നിഷ്‌കളങ്കനുമാണ്. സ്വജനപക്ഷപാതത്തിന്റെ കണികപോലും ഇദ്ദേഹത്തിലില്ല. ഇന്ദിരയ്ക്കും നെഹ്‌റുവിനും സ്വജനപക്ഷപാതമുണ്ടായിരുന്നു. -കുശ്‌വന്ത് സിംഗ് പറയുന്നു.
പ്രമുഖ കോളമെഴുത്തുകാരന്‍ ഹുംറാ ഖുറേഷിയുമായി ചേര്‍ന്നാണ് കുശ്‌വന്ത് സിംഗ് ഈ പുസ്തകം എഴുതിയത്. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.


Click it and Unblock the Notifications