എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു; ഉംറ നിര്‍വഹിച്ച സന്തോഷം പങ്കിട്ട് നടി സഞ്ജന ഗല്‍റാണി
സൗദി അറേബ്യയിലെ മക്കയിലെത്തി ഉംറ നിര്‍വഹിച്ച സന്തോഷത്തിലാണ് നടി സഞ്ജന ഗല്‍റാണി. മക്കയിലെ യാത്ര, താമസം എന്നിവ അവര്‍ ഫേസ്ബുക്കില്‍ വിവരിച്ചു. യാത്ര ഒരുക്കിയവര്‍, കൂടെയുണ്ടായിരുന്നവര്‍ എന്നിവരെ കുറിച്ചെല്ലാം സഞ്ജന ഗല്‍റാണി വിശദീകരിക്കുന്നുണ്ട്. ഭര്‍ത്താവ് ഡോ. അസീസ് പാഷയും മകനും ബന്ധുക്കളും ഉംറയ്ക്കുണ്ടായിരുന്നു.
കഷ്ടത അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ വച്ച് പ്രാര്‍ഥിച്ചുവെന്ന് സഞ്ജന ഗല്‍റാണി പറയുന്നു. തന്റെ മക്ക യാത്രകള്‍ വിവരിച്ച് അവര്‍ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. കഅബക്ക് അടുത്ത് നിന്നുള്ള ചിത്രങ്ങളും മറ്റും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഭര്‍ത്താവിനും മകനും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

(Photo courtesy- Sanjjanaa Galrani FB)
ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സഞ്ജന ഗല്‍റാണി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഹിജാബ് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും അവര്‍ പങ്കുവച്ചു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ വളരെ മോശമായ രീതിയിലാണ് ഇതിനെതിരെ രംഗത്തുവന്നത്. ഹിന്ദുമതം ഉപേക്ഷിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
ഹിന്ദുമതത്തില്‍ ജനിച്ച താന്‍ ക്രിസ്ത്യന്‍ സ്‌കൂളുകളിലാണ് പഠിച്ചതെന്നും പിന്നീട് ഇസ്ലാം സ്വീകരിച്ചുവെന്നും സഞ്ജന വിശദീകരിക്കുന്നു. ശേഷമായിരുന്നു വിവാഹം. മതംമാറ്റത്തെ കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ സഞ്ജന പരസ്യമായി പറഞ്ഞത് അടുത്തിടെയാണ്. ''മൂന്ന് വര്‍ഷം മുമ്പ് വളരെ പ്രതിസന്ധിയിലൂടെ കടന്നുപോയ വേളയില്‍ തീരുമാനിച്ചതാണ്, വിദേശത്തേക്ക് ഇനി പോകുകയാണെങ്കില്‍ ആദ്യം മക്കയിലേക്ക് ആയിരിക്കും'' എന്ന് സഞ്ജന പറയുന്നു.
മതംമാറ്റം സ്വന്തമായി എടുത്ത തീരുമാനമാണ്. ആരും വിമര്‍ശിക്കേണ്ടതില്ല. എല്ലാ മതങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. ഏത് മതം സ്വീകരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. തന്റെ സ്വകാര്യ തീരുമാനങ്ങളെ പൊതു വിഷയമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. മറ്റുള്ളവര്‍ സെക്യുലറാണോ അല്ലയോ എന്ന് നിര്‍ണയിക്കേണ്ട ആവശ്യം എനിക്കില്ലെന്നും സഞ്ജന വിശദീകരിക്കുന്നു.
നിരവധി കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നടി സഞ്ജന ഗല്‍റാണി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കിങ് ആന്റ് കമ്മീഷണര്‍, കാസനോവ എന്നീ ചിത്രങ്ങളിലും സഞ്ജന വേഷമിട്ടു. ചോരന്‍, ചില നേരങ്ങളില്‍ ചിലര്‍ എന്നീ മലയാള സിനിമകള്‍ ഇറങ്ങാനിരിക്കുകയാണ്. പ്രമുഖ തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണി സഹോദരിയാണ്.












Click it and Unblock the Notifications