പ്രിയനടന്‍ മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍; ചെറിയ ആഘോഷം, അദ്ദേഹം പുതിയ ഒരുക്കത്തിലാണ്
മലയാളത്തിലെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. ആശംസയര്‍പ്പിച്ച് ഒട്ടേറെ പ്രമുഖര്‍. അഭിനയ രംഗം കടന്ന് സംവിധാനത്തിലേക്ക് കൂടി കൈവയ്ക്കുന്ന വേളയിലാണ് താരം. ചെന്നൈയിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം ഒത്തുകൂടിയ ചെറിയ ആഘോഷം. കൊറോണ കാരണം തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ ആണ്. അതിവേഗമാണ് ഇവിടെ രോഗ വ്യാപനം. ഈ സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളൊന്നുമില്ല. 1980ല്‍ തുടങ്ങിയ ആ അഭിനയ ജീവിതം എന്നും മലയാളികള്‍ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. വിശേഷങ്ങള്‍ ഇങ്ങനെ....

ഒത്തുചേരുന്നത് ഇവര്‍
ഇത്തവണയും ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. കാര്യമായ ആഘോഷമൊന്നുമില്ല. അടുത്ത സുഹൃത്തുക്കള്‍ ഒത്തുചേരും. ഒപ്പും കുടുംബാംഗങ്ങളും. കൊറോണയുടെ വ്യാപനമാണ് എല്ലാ ആഘോഷങ്ങളും ലളിതമാക്കാന്‍ കാരണം.

ആ തുടക്കം ഇങ്ങനെ
1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ സിനിമാ രംഗത്തെത്തിയത്. നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നക്ഷത്രമാണ് അദ്ദേഹം. പല ഭാവങ്ങളും രൂപങ്ങളും ലാലിലൂടെ മലയാളികളും മാനവ ലോകവും കണ്ടു.

സംവിധാനത്തിലേക്ക്
300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച മോഹന്‍ലാലില്‍ നിന്ന് ഹൃദയസ്പര്‍ശിയായ എത്രയോ കഥാപാത്രങ്ങള്‍ രൂപപ്പെട്ടു. ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇന്നും ആ യാത്ര തുടരുകയാണ്. നടന്‍ എന്നതില്‍ അപ്പുറത്തേക്ക് സംവിധാനത്തിലേക്ക് കൂടി കടക്കുകയാണ് താരം.

ഇനി വരാനുള്ള ആദ്യ ചിത്രം
ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച ദൃശ്യം2 ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പതിപ്പും വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് ഇനി പുറത്തിറങ്ങാന്‍ പോകുന്നത്.

പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍
ബറോസ് ആണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം. അതിന്റെ പണിപ്പുരയിലാണ് താരം. ആദ്യഘട്ട ചിത്രീകരണം ഗോവയില്‍ പൂര്‍ത്തിയായി. ബറോസ് എന്ന ഭൂതത്തിന്റെ കഥയാണിത്. ഭൂതമായി എത്തുന്നത് മോഹന്‍ലാല്‍ തന്നെ. ആ കഥാപാത്രത്തിന്റെ ലുക്കില്‍ താടി നീട്ടി വളര്‍ത്തിയാണ് താരം ഇപ്പോഴുള്ളത്.

പൃഥ്വിരാജിന്റെ ആശംസ
മോഹന്‍ലാലിന് ആശംസകളുമായി ഒട്ടേറെ പേരാണ് എത്തുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ അബ്രാം, ഹാപ്പി ബര്‍ത്ത്‌ഡെ സ്റ്റീഫന്‍, ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ എന്നാണ് പൃഥ്വിരാജിന്റെ ആശംസ. ലൂസിഫര്‍ സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു ഫോട്ടോയും പൃഥ്വി പങ്കുവച്ചിട്ടുണ്ട്.

എമ്പുരാന്‍ വരും
ലൂസിഫറിന്റെ ആദ്യ ദിനത്തിലെടുത്തതാണ് ഈ ചിത്രം. മഹാമാരി വന്നില്ലായിരുന്നു എങ്കില്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുകയായിരിക്കും ഇപ്പോള്‍. ആ സിനിമ ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്റെ എത്രാം പിറന്നാളാണ് എന്നാണ് മിക്ക മലയാളികളുടെയും ചോദ്യം. 61ാം പിറന്നാളാണ് അദ്ദേഹം ഇന്ന് ആഘോഷിക്കുന്നത്.












Click it and Unblock the Notifications