പ്രതിഷേധം തള്ളി നാദിര്‍ഷ; 'ഈശോ'യുടെ പേര് മാറ്റില്ല, എന്റെ സ്വന്തം താല്‍പ്പര്യമല്ല, പ്രതികരണം ഇങ്ങനെ
കൊച്ചി: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേര് മാറ്റില്ല. പിസി ജോര്‍ജും കത്തോലിക്കാ കോണ്‍ഗ്രസും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കിയത്. പ്രതിഷേധത്തിന്റെ കാരണം എന്താണ് അറിയില്ലെന്നും പ്രതിഷേധം ഉയരേണ്ട ഒന്നും സിനിമയിലില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ട പേരല്ല ഈശോ. നായകന്‍, നിര്‍മാതാവ് എന്നിവരുടെ അംഗീകാരത്തോടെ ഇട്ടതാണ്. അനാവശ്യമായ വിവാദമുണ്ടാക്കുകയാണ്. സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നുകയറാനാണ് ശ്രമം. അത് അംഗീകരിക്കാനാകില്ല. നേരത്തെയും സമാനമായ പേരുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും പ്രതിഷേധം ഉയര്‍ന്നിട്ടില്ലെന്നും നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷക്കെതിരെ കടുത്ത ഭാഷയിലാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പിപി ജോസഫ് ആവശ്യപ്പെട്ടു. ഈശോ സിനിമക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ആമേന്‍ എന്ന സിനിമ വന്നിരുന്നു എങ്കിലും തങ്ങള്‍ എതിര്‍ത്തിരുന്നില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.
ഈശോ ക്രൈസ്തവര്‍ക്ക് ദൈവമാണ്. ആ പേരില്‍ സിനിമ ഇറക്കരുത്. തോക്കും രക്തവും ആണ് ഈശോയുടെ ട്രെയിലര്‍ പുറത്തിറക്കിയപ്പോള്‍ കാണുന്നത്. വിശ്വാസികളെ അവഹേളിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് വിഷയമല്ല. പേരിനെതിരെയാണ് പ്രതിഷേധം. സിനിമയില്‍ പറയുന്നത് നല്ല കാര്യങ്ങളാണെങ്കിലും ആ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നാദിര്‍ഷയുടെ പിന്നില്‍ ചിലരുണ്ടെന്ന സംശയവും കത്തോലിക്കാ കോണ്‍ഗ്രസ് പങ്കുവെക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ധര്‍ണ നടത്താന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ക്രൈസ്തവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ഇവരെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഒരു തിയ്യറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications