നാളെയെന്താ പരിപാടി.. വിജയാഘോഷം തന്നെ... തോമസ് ഐസക് മാസ്സല്ല കൊലമാസ്സാണ്!
പറഞ്ഞ വാക്ക് പാലിക്കണമെങ്കില്‍ പത്ത് പതിനയ്യായിരം വൃക്ഷതൈകള്‍ കൂടി നടെണ്ടി വരും. ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഒരു വൃക്ഷത്തൈ നടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പതിനായിരം പ്ലാവുകള്‍ ഇപ്പോള്‍ തന്നെ നട്ട് കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വരണാധികാരിയുടെ നിരോധനം മൂലം സൂക്ഷിച്ചു വച്ചിരുന്ന പ്ലാവിന്‍ തൈകളെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നട്ട് തുടങ്ങി. ബാക്കി ഞാറ്റുവേലയ്ക്ക് നടാനാണ് തീരുമാനം.
ആലപ്പുഴയിലെ സി പി എം സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മേല്‍പ്പറഞ്ഞത്. ഇത്രയ്ക്കും ആത്മവിശ്വാസത്തോടെ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേദിവസം ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ ഉത്തരം പറയാന്‍ പറ്റൂ. അതാണ് ഡോ. തോമസ് ഐസക്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ തോമസ് ഐസക് മാസ്സല്ല കൊലമാസ്സാണ്.

മെയ് 19 ന് 12 മണിക്ക് വിജയാഹ്ലാദ പര്യടനം ആരംഭിക്കുമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലെക്‌സുകള്‍ എല്ലാം ഏറ്റുവാങ്ങിക്കൊണ്ടായിരിക്കും തോമസ് ഐസകിന്റെ സ്വീകരണ ചടങ്ങുകള്‍. ഫ്‌ലെക്‌സുകള്‍ മാത്രമേ സ്വീകരിക്കൂ. ഫ്രെയിമുകള്‍ മേഖല കമ്മിറ്റികള്‍ക്ക്. 17 മേഖല കമ്മിറ്റികളും തോമസ് ഐസക് സന്ദര്‍ശിക്കും.
കഴിഞ്ഞ രണ്ട് മാസക്കാലമായി ഇടതടവില്ലാതെ പ്രവര്‍ത്തിച്ച ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് തോമസ് ഐസക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എല്ലാ വോട്ടര്‍മാരോടും നന്ദിയുണ്ട്. രേഖാമൂലം നല്‍കിയ ആലപ്പുഴ മണ്ഡലം വികസന പരിപാടി സമയ ബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പും തോമ്‌സ് ഐസക് നല്‍കുന്നു. പതിനൊന്നായിരത്തില്‍പ്പരം പേരാണ് രണ്ട് മണിക്കൂര്‍ കൊണ്ട് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. രണ്ടായിരത്തില്‍പ്പരം ഷെയറുകളും കമന്റുകളും വേറെ.












Click it and Unblock the Notifications