3 വര്‍ഷത്തില്‍ പൊട്ടിയത് 7 പടങ്ങള്‍, നഷ്ടം 800 കോടി; ഈ സൂപ്പര്‍ താരം വാങ്ങുന്നത് 165 കോടി
മുംബൈ: ബോളിവുഡിന് കൊവിഡിന് ശേഷം ശരിക്കും കഷ്ടകാലമാണ്. വലിയ വിജയങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അതുപോലെ തന്നെ വമ്പന്‍ ഫ്‌ളോപ്പുകളെ അവരെ തേടിയെത്തുന്നുണ്ട്. പല ബിഗ് ബജറ്റ് ചിത്രങ്ങളും മൂക്കും കുത്തിയാണ് വീണത്. സല്‍മാന്‍ ഖാന്‍ മുതല്‍ ആമിര്‍ ഖാന്‍ വരെയുള്ളവര്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പൊട്ടിത്തകര്‍ന്ന് നില്‍ക്കുകയാണ്.
എന്നാല്‍ ഇവരൊന്നുമല്ല കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പടങ്ങള്‍ പരാജയപ്പെട്ട നടന്‍. അത് മറ്റൊരു സൂപ്പര്‍ താരമാണ്. പക്ഷേ ഇപ്പോഴും ഈ താരം പ്രതിഫലം കുറച്ചിട്ടില്ല. അക്ഷയ് കുമാറാണ് കൊവിഡിന് ശേഷം നിരവധി പടങ്ങള്‍ പരാജയപ്പെട്ട താരം. രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ താരത്തിന്റേതായി വിജയിച്ചത്.

അക്ഷയ് കുമാറിന്റെ ചിത്രങ്ങളില്‍ വിജയിച്ചത് സൂര്യവംശിയും ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗവും മാത്രമാണ്. അടുത്തിടെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രം ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ വരെ ബോക്‌സോഫീസില്‍ തകര്‍ന്ന് തരിപ്പണമായി. ടൈഗര്‍ ഷ്‌റോഫും ഒപ്പമുണ്ടായിട്ടും ഈ ചിത്രം വിജയിപ്പിക്കാനായില്ല.
350 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. കൊവിഡിന് മുമ്പ് വരെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള നടനായിരുന്നു അക്ഷയ് കുമാര്‍. 40 ഹിറ്റുകളാണ് മൂന്ന് ദശാബ്ദം നീളുന്ന കരിയറില്‍ അക്ഷയ് കുമാറിനുള്ളത്. ഷാരൂഖ് ഖാന് പോലും ഇത്തരത്തില്‍ ഹിറ്റുകളില്ല. എല്ലാ വര്‍ഷവും അക്ഷയിയുടെ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റ്‌ലിസ്റ്റുകളില്‍ ഉണ്ടാവാറുണ്ട്.
നിലവില്‍ പല സൂപ്പര്‍ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലവും അക്ഷയ് കുമാര്‍ വാങ്ങുന്നുണ്ട്. ഇതും ചിത്രങ്ങളുടെ പരാജയത്തിന് കാരണമായി മാറുന്നുണ്ട്. തുടര്‍ച്ചയായി ഏഴ് ഫ്‌ളോപ്പുകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അക്ഷയ് കുമാറിനുണ്ടായിരിക്കുന്നത്. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, രാംസേതു, സെല്‍ഫി, റാണിഗഞ്ച്, ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്നിങ്ങനെയാണ് പരാജയപ്പെട്ട ചിത്രങ്ങള്‍. എല്ലാം ഡിസാസ്റ്ററുകളായിരുന്നു.
ഇതില്‍ ബഡേ മിയാനും സാമ്രാട്ട് പൃഥ്വിരാജ് അക്ഷയുടെ മാത്രമല്ല ഇന്ത്യ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറുകയും ചെയ്തു. വലിയ നഷ്ടങ്ങളാണ് നിര്‍മാതാക്കള്‍ക്ക് അക്ഷയ് ചിത്രങ്ങളുടെ പരാജയം സമ്മാനിച്ചിരിക്കുന്നത്.
ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അക്ഷയ് കുമാറിന്റെ ചിത്രങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ക്കുണ്ടായത് 800 കോടിയുടെ നഷ്ടമാണ്. ഏഴ് ചിത്രങ്ങളില്‍ പലതും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു. എന്നാല്‍ പടങ്ങള്‍ പലതും പരാജയപ്പെട്ടിട്ടും അക്ഷയ് കുമാറിന്റെ താരമൂല്യം ഇടിഞ്ഞിട്ടില്ല. വരാനിരിക്കുന്ന പത്തോളം ചിത്രങ്ങളാണ് സൂററൈ പോട്രിന്റെ റീമേക്കായ സര്‍ഫിറയാണ് അടുത്തതായി അക്ഷയിയുടെ റിലീസാവാനുള്ള ചിത്രം.
സിംഗം എഗെയിന്‍, സ്‌കൈ ഫോഴ്‌സ്, ഖേല്‍ ഖേല്‍ മേം, തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ഈ വര്‍ഷം താരത്തിന്റേതായി വരാനുണ്ട്. ഹേരാ ഫേരി 3, ജോളി എല്‍എല്‍ബി 3, വെല്‍ക്കം ടു ജംഗിള്‍, എന്നിവ അടുത്ത വര്‍ഷത്തിലും വരാനുണ്ട്. തെലുങ്ക് ചിത്രം കണ്ണപ്പയില്‍ ശിവനായും താരംഅഭിനയിക്കുന്നുണ്ട്. 165 കോടിയാണ് താരം ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം. ഇത് ലാഭവിഹിതത്തിലൂടെയും താരം വാങ്ങാറുണ്ട്.












Click it and Unblock the Notifications