"അബിയുടെ വീട്ടിൽ ഇപ്പോഴത്തെ ആ പ്രമുഖ നടൻ ആഭിചാരം ചെയ്‌ത് തകർത്തു, അയാൾ കോടികളുടെ കടക്കാരനായി"
മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ അഭിനേതാക്കൾ മലയാളത്തിൽ ഒട്ടേറെയുണ്ട്. അതിപ്പോൾ ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല വില്ലൻ വേഷവും സ്വഭാവ വേഷവും നായകരായും ഒക്കെ അങ്ങനെ തിളങ്ങിയവർ ഏറെയുണ്ട്. ജയറാം, ദിലീപ് അടക്കമുള്ളവർ സൂപ്പർതാര പദവിയിൽ എത്തിയതും ജയസൂര്യ അടക്കമുള്ള അഭിനേതാക്കൾ മുൻനിരയിലേക്ക് വന്നതും എല്ലാം മിമിക്രിയിലൂടെ തന്നെയാണ്. സിദ്ദിഖ്-ലാലിനെ പോലെയുള്ള സംവിധായ പ്രതിഭകളുടെയും തുടക്കം മിമിക്രിയിലൂടെ ആയിരുന്നു.
അതിന് പ്രധാനമായി വഴിമരുന്നിട്ടത് ചില ട്രൂപ്പുകളാണ്. കൊച്ചിയിൽ ആബേലച്ചൻ നേതൃത്വം നൽകിയ കലാഭവനിലൂടെ ആയിരുന്നു പലരുടെയും തുടക്കം. കൊച്ചിൻ ഗിന്നസ്, ഹരിശ്രീ എന്നിവയും സമാനമായി നിരവധി നടന്മാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരുന്നു. അവരിൽ പ്രമുഖനായിരുന്നു അബി. ദിലീപിന്റെ സമകാലികനായ അബി സൈന്യം എന്ന ജോഷി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റുകയും പിന്നീട് നിരവധി വേഷങ്ങളിൽ തിളങ്ങുകയും ചെയ്‌തിരുന്നു.

എന്നാൽ പല കാരണങ്ങൾ കൊണ്ടും അബിയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ഒപ്പം വന്ന ദിലീപ് ആവട്ടെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അബിയുടെ തകർച്ചയ്ക്ക് കാരണം എന്തെന്ന് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. അബിയെ തകർക്കാൻ സുഹൃത്തായ മലയാളത്തിലെ വലിയൊരു നടൻ ആഭിചാരം ചെയ്‌തുവെന്നാണ് സുനിൽ പറയുന്നത്. ഡിഎൻഎ മലയാളത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു വെളിപ്പെടുത്തൽ.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
നാടകമൊക്കെ ആണല്ലോ ഒരു കലാകാരനെ പാകപ്പെടുത്തി എടുക്കുന്നത്. ഒരിക്കൽ എന്റെ ഇരുപത്തിയാറാമത്തെ വയസിൽ ഞാനൊരു നാടകം എഴുതി. പ്രഫഷണൽ നാടകമായിരുന്നു. കൊച്ചിൻ സംഗമിത്രയ്ക്ക് വേണ്ടിയാണ് എഴുതിയത്. സതീഷ് സംഗമിത്ര ആയിരുന്നു അതിന്റെ എല്ലാം. സിനിമയാണ് എന്റെ ഇഷ്‌ടം. അവിടെ ചെന്നപ്പോൾ ആ നാടകം അവതരിപ്പിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയാണ് നിങ്ങൾ സിനിമയിലേക്ക് വരൂ എന്ന് പറഞ്ഞത് സതീഷ് സംഗമിത്ര ആയിരുന്നു.
ഞാൻ ആ നാടകം ഹരിശ്രീ എന്ന് പറയുന്ന നാടക സംഘത്തിന് കൊടുത്തു. കെഎൻ ധർമ്മൻ എന്ന് പറയുന്നൊരാൾ ആണ് അന്ന് അത് ചെയ്‌തത്. അന്ന് അറിയപ്പെടുന്ന സമിതിയാണ്. ഞാൻ ഒരിക്കൽ അവിടെ ചെന്നപ്പോൾ അന്നത്തെ മിമിക്‌സിൽ ഉണ്ടായിരുന്നവരിൽ എൻഎഫ് വർഗീസ്, സിദ്ദിഖ്, ലാൽ, ഹരിശ്രീ അശോകൻ എന്നിവർ ആയിരുന്നു. അവർ എന്നെ പരിചയപ്പെട്ടു, നാടകത്തെ കുറിച്ചൊക്കെ കാര്യമായി സംസാരിച്ചു.
അന്ന് പരിചയം നിലനിർത്തിയത് എൻഎഫ് വർഗീസുമായി ആയിരുന്നു. അദ്ദേഹം എന്നോട് സിനിമ എഴുതണം എന്നൊക്കെ പറഞ്ഞിരുന്നു. അതിൽ സിദ്ദിഖ് മരിച്ചു, എൻഎഫ് വർഗീസ് മരിച്ചു. ഞാൻ ഇത് പറയാൻ കാരണം, എന്റെ വിവാഹമൊക്കെ കഴിഞ്ഞ് ഞാനൊരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. അങ്ങനെ ഇരിക്കെ ഒരുദിവസം ഉച്ച സമയം ആയപ്പോൾ ഒരാൾ അവിടേക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ആളെ മനസിലായി.
അന്നത്തെ ഏഷ്യാനെറ്റിൽ ആമിനതാത്ത എന്ന് പറയുന്ന പരിപാടി അവതരിപ്പിക്കുന്ന അബി ആയിരുന്നു അത്. അസാധ്യ കഴിവുള്ള കലാകാരൻ ആയിരുന്നു അബി. അദ്ദേഹം ചെയ്‌തുവച്ച പലതുമാണ് പിന്നീട് ചിലരൊക്കെ എടുത്ത് അവതരിപ്പിച്ചത്, പക്ഷേ അത്രത്തോളം അവരുടേത് ഒന്നും നന്നായിരുന്നില്ല. ആലപ്പി അഷ്റഫിന് ശേഷം ഏറ്റവും കഴിവുള്ള ആളായിരുന്നു അദ്ദേഹം.
മുഖവുര ഇല്ലാതെ എന്റെ അടുത്ത് വന്ന് സംസാരിച്ചു. ഞാൻ അതിഭീകരമായ സാമ്പത്തിക അവസ്ഥയിലാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് ചുറ്റും ഒരു കറുത്ത പാടുണ്ടായിരുന്നു. ആഭിചാര ദോഷം ഉള്ളവർക്ക് അങ്ങനെ വരും. എന്റടുത്ത് പറഞ്ഞു എനിക്ക് സംസാരിക്കണം. ഞാൻ എല്ലാവരെയും സ്നേഹിച്ചു, ഒരുപാട് വിശ്വസിച്ചു. ഞാനിന്ന് കോടിക്കണക്കിന് രൂപയുടെ കടക്കാരൻ ആണ്.
എന്റെയൊരു സുഹൃത്ത് പിന്നീട് മലയാള സിനിമയിൽ പ്രശസ്‌തനായ ആ സുഹൃത്ത് എന്റെ വീട്ടിൽ ആഭിചാരം ചെയ്‌തു എന്നെ തകർത്തു. അയാൾ പിന്നീട് മലയാളത്തിലെ വലിയ നടനായി, പേരൊന്നും ഞാൻ പറയുന്നില്ല. ഇന്ന് എനിക്ക് കടബാധ്യതയാണ്. ഒരു കോടി രൂപയ്ക്ക് എന്റെ വീട് സുനിൽ എടുക്കണമെന്നാണ് എന്നോട് പറഞ്ഞത്. ഇത് എത്രയോ വർഷങ്ങൾക്ക് മുൻപാണ്. അവിടെ മുഴുവൻ ബന്ധനമാണ് എന്ന് ഞാൻ പറഞ്ഞു.












Click it and Unblock the Notifications