'ശ്രീനിവാസനോട് ആ തൂപ്പുകാരൻ നിങ്ങളൊരു നടനാണോ എന്ന് ചോദിച്ചു, അദ്ദേഹം പണം അനാവശ്യമായി വാങ്ങിക്കില്ല'; ശാന്തിവിള
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസൻ. അഭിനയം മാത്രമല്ല അദ്ദേഹത്തിന് വഴങ്ങാത്ത ശാഖകൾ ഒന്നുമില്ല. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒക്കെ നിർവഹിക്കാൻ ശേഷിയുള്ള അദ്ദേഹത്തെ സിനിമയിൽ എല്ലാവർക്കും ബഹുമാനവും അതിലേറെ സ്നേഹവുമാണ്. നാല് പതിറ്റാണ്ടിൽ അധികം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ശ്രീനിവാസനോളം ജനകീയനായ വ്യക്തിത്വങ്ങൾ വളരെ വിരളമാണ്.
ആരോഗ്യ പ്രശ്‌നങ്ങൾ കാരണം നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും ശ്രീനിവാസൻ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപത്രങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും. അധികം വൈകാതെ തന്നെ ശ്രീനിവാസൻ സിനിമയിലേക്ക് ആരോഗ്യ പ്രശ്‌നങ്ങളെ മറികടന്നുകൊണ്ട് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം പ്രേക്ഷകരും.

ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശ്രീനിവാസനെ പോലെ ജെന്റിൽമാനായ ഒരു വ്യക്തി മലയാള സിനിമയിൽ മറ്റാരുമില്ലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അനാവശ്യമായി ഒരു രൂപ പോലും ശ്രീനിച്ചേട്ടൻ ഒരാളിൽ നിന്നും വാങ്ങില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
വളരെ ജെന്റിൽമാനായ ഒരു വ്യക്തിയാണ് ശ്രീനിവാസൻ. ഞാൻ അങ്ങനെയേ പറയൂ. കാരണം മലയാള സിനിമയിൽ സ്ക്രിപ്റ്റ് എഴുതുന്നതിനും അതിന് വീട്ടിൽ നിന്ന് വരുന്നതിനും വരെ പ്രൊഡ്യൂസറോട് പൈസ വാങ്ങുന്ന, അണ്ടർ വെയറിന് വരെ പൈസ വാങ്ങുന്ന ആളുകളുണ്ട്. ശ്രീനിവാസൻ ഒരിക്കലും അങ്ങനെയല്ല. സ്വയംവര പന്തൽ തന്നെ എടുക്കൂ. ശ്രീനിവാസൻ കണ്ണൂരിൽ നിന്ന് കാർ ഓടിച്ച് തിരുവനന്തപുരത്തേക്ക് വന്നു, വഴുതക്കാട്. അവിടെ മുത്തൂറ്റിലാണ് ഫ്ലാറ്റ് റെഡി ആക്കിയിരിക്കുന്നത്.
ഹോട്ടൽ ഒന്നും വേണ്ടെന്ന് പറഞ്ഞു. കാരണം ഹോട്ടലിൽ ആയാൽ എഴുത്ത് നടക്കില്ലെന്ന് പറഞ്ഞു. ആഘോഷക്കമ്മിറ്റിക്കാർ വന്ന് കറങ്ങി നടക്കും. അങ്ങനെ ഒരു ഫ്ലാറ്റ് റെഡിയാക്കി ഒരു കുക്കിനെയും വച്ചു. കൊണ്ടാക്കി കഴിഞ്ഞാൽ പിന്നെ ഡ്രൈവറും കാറും എവിടെ എന്ന് നമുക്ക് അറിയാൻ കഴിയില്ല. അയാൾ ഏതെങ്കിലും ഒരു ഹോട്ടലിൽ റൂമെടുത്ത് താമസിച്ചോളും. അതും ശ്രീനിവാസന്റെ ചിലവിൽ, ഒരു നയാപൈസ പോലും അതിന് വാങ്ങില്ല.
ആർക്കും വേണ്ടാത്ത ചില കൂട്ടങ്ങളുണ്ട്, അവരൊക്കെ ആയിട്ടാണ് ശ്രീനിവാസന് എപ്പോഴും കൂട്ട്. ഏഴെട്ട് ദിവസം കഴിഞ്ഞിട്ടും കഥ ഒന്നും ആയിട്ടില്ല. കഞ്ഞിവെപ്പും ആഹാരം കഴിക്കലും മാത്രമേ നടന്നുള്ളൂ. അങ്ങനെയാണ് കാറും എടുത്ത് പുള്ളി മദ്രാസിലേക്ക് പോവുന്നത്. അവിടെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. അങ്ങനെ അവിടേക്കും കാർ എടുത്താണ് പോവുന്നത്.
മദ്രാസിലേക്ക് പോവണമെങ്കിൽ എത്ര ഡീസൽ വേണമെന്ന് ആലോചിച്ചു നോക്കിക്കേ. അവിടെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തൂപ്പുകാരൻ ശ്രീനിവാസനോട് ചോദിച്ചു. നീങ്കള് നടികർ താനേ? അപ്പൊ ശ്രീനിവാസൻ അതെയെന്ന് മറുപടി പറഞ്ഞു, ആരാണ് ചോദിച്ചതെന്നും ആരാഞ്ഞു. അപ്പുറത്ത് ഒരു മലയാളി ഫാമിലി ഉണ്ട്, അവരാണ് പറഞ്ഞത് നീങ്കള് നടികർ എന്ന്. എപ്പടി ഇന്ത മാതിരി മൂഞ്ചി ഇരുന്താൽ നടികർ ആവറുത് ഓക്കേ താനാ എന്ന് ചോദിച്ചു.
അവിടെ നിന്ന് വീണ്ടും വിളിക്കുന്നു. ഇവിടെ നിന്നാൽ ഇനി എഴുത്ത് ശരിയാവില്ലെന്ന് പറഞ്ഞുകൊണ്ട്. അങ്ങനെയാണ് മദ്രാസിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയി. അതാണ് ശ്രീനിവാസൻ. അനാവശ്യമായി ഒരു രൂപ പോലും വാങ്ങില്ല. അതാണ് ആ മനുഷ്യന്റെ പ്രത്യേകത. സ്വയംവര പന്തലിന്റെ തിരക്കഥയ്ക്കും അഭിനയത്തിനും ചേർത്ത് 10 ലക്ഷമാണ് പറഞ്ഞത്. അന്ന് 25 ചോദിച്ചാലും കൊടുക്കാൻ ആളുണ്ടായിരുന്നു.












Click it and Unblock the Notifications