സംവിധാനം ഗോവിന്ദ് വിഷ്‌ണുവെന്ന് സ്‌ക്രീനിൽ കണ്ടപ്പോൾ മനസ്സിൽ പഴയ ആ സിനിമാ ഭ്രാന്തന്റെ മുഖം തെളിഞ്ഞു: എഎ റഹീം
മലയാളത്തിൽ ഏറ്റവും അടുത്തായി റിലീസ് ചെയ്‌ത ചിത്രങ്ങളിൽ ഒന്നായിരുന്നു ദാവീദ്. ആന്റണി പെപ്പെ നായകനായ ചിത്രത്തിൽ വിജയരാഘവൻ ഉൾപ്പെടെ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രം വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ബോക്‌സിംഗ് പശ്ചാത്തലത്തിൽ മലയാളത്തിൽ ഇറങ്ങിയ ചുരുക്കം ചില സിനിമകളിൽ ഒന്ന് കൂടിയാണ് ദാവീദ്.
ചിത്രം സംവിധാനം ചെയ്‌തത് ഗോവിന്ദ് വിഷ്‌ണുവാണ്. ഇപ്പോഴിതാ ഗോവിന്ദ് വിഷ്‌ണുവിനെ കുറിച്ച് മനസ് തുറക്കുകയാണ് രാജ്യസഭാ എംപി കൂടിയായ എഎ റഹീം. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിലെ പഴയ സിനിമാ ഭ്രാന്തനെയാണ് തനിക്ക് ഓർമ്മ വരുന്നതെന്നായിരുന്നു റഹീം പറഞ്ഞത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു എഎ റഹീമിന്റെ പ്രതികരണം.

എഎ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
'ദാവീത്'
ഒരു 'സിനിമാ ഭ്രാന്തന്റെ' ഡെഡിക്കേഷന്റെ പേര് കൂടിയാണ്. സിനിമയിറങ്ങി രണ്ടാം നാൾ,ഇന്നലെ രാത്രി തിരുവനന്തപുരത്തെ കൈരളി തിയറ്റർ ഏതാണ്ട് ഫുൾ ആണ്. നിറഞ്ഞ തിയറ്ററിൽ ദാവീതിന്റെ ടൈറ്റിൽ,
സംവിധാനം-ഗോവിന്ദ് വിഷ്‌ണു-എന്ന് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ എന്റെ മനസ്സിൽ പാപ്പനംകോട് എസ് സി ടി എഞ്ചിനിയറിങ്ങ് കോളേജിലെ പഴയ ആ സിനിമാ ഭ്രാന്തന്റെ മുഖം തെളിഞ്ഞു.
ഞങ്ങളുടെ എസ് എഫ് ഐ കാലത്തെ സംഘർഷഭരിതമായ പാപ്പനംകോട് എഞ്ചിനിയറിങ്ങ് കോളേജിലെ മിടുക്കരായ ഒരുസംഘം എസ് എഫ് ഐ ക്കാർ,ഭീഷണികൾക്ക് മുന്നിൽ തോൽക്കാൻ മനസ്സില്ലാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾ.അതിലൊരാളായിരുന്നു കൊല്ലം ജില്ലയിലെ ചവറയിൽ നിന്നും വന്ന ഗോവിന്ദ് വിഷ്ണു.ബയോടെനോളജി ക്‌ളാസിൽ പഠിക്കുമ്പോഴും അവന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.
ദീർഘമായ കാലം ആ സ്വപ്നം കൈവിടാതെ ലക്ഷ്യത്തിലേയ്ക്ക് ഗോവിന്ദ് യാത്ര ചെയ്തു. അവരുടെ പഠനകാലം കഴിഞ്ഞു പതുക്കെപ്പതുക്കെ അവനുമായുള്ള തുടർച്ചയായ ബന്ധങ്ങൾ ഇല്ലാതെയായി.ഇക്കഴിഞ്ഞ കേരളീയം തിരുവന്തപുരത്തു നടക്കുമ്പോൾ ഫുഡ് ഫെസ്റ്റിവലിന്റെ ചുമതല നിർവഹിക്കുന്നതിനിടയിൽ ഫുഡ്ബ്രാന്റിങ്ന് വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിന് സമയം വൈകിയപ്പോൾ ഉദ്യോഗസ്ഥരോട് നിശ്ചയിച്ച സമയത്തിനുള്ളിൽ പരസ്യം ചിത്രീകരിച്ചേ മതിയാകൂ എന്ന് കർശനമായി നിർദേശിച്ചു.
അന്ന് പി ആർ ഡിയിലെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു, സർ ഉദ്ദേശിച്ച ക്വാളിറ്റിയിൽ കൃത്യ സമയത്തിനുള്ളിൽ ഷൂട്ടിങ് പൂർത്തീകരിക്കാൻ കഴിവുള്ള ആളെ ചുമതലപ്പെടുത്തിയിട്ടുണ്ട്, അടുത്ത ദിവസം ഓൺലൈൻ മീറ്റിംഗ് വിളിച്ചു, മീറ്റിങ്ങിൽ ഒരാൾ ഗോവിന്ദ് വിഷ്ണു. വർഷങ്ങൾക്ക് ശേഷം ആഡ് ഫിലിം മേക്കാറായി ഞാൻ കൂടി പങ്കെടുക്കുന്ന ഔദ്യോഗികമായ യോഗത്തിൽ അവനെ വീണ്ടും കണ്ടുമുട്ടി.
പറഞ്ഞപോലെ നിശ്ചയിച്ച ദിവസം മനോഹരമായ പരസ്യ ചിത്രങ്ങൾ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ പ്രദർശനം നടന്നു.ചടങ്ങ് കഴിഞ്ഞു ഒരുമിച്ചിരുന്നപ്പോൾ ഗോവിന്ദ് എന്നോട് പറഞ്ഞു, ലക്ഷ്യത്തിലേക്ക് എത്താറായിരിക്കുന്നുവെന്ന്. ദാവീതിനെ കുറിച്ച്,ആന്റണി
പെപ്പയെ വച്ചു ബോക്‌സിങ് പ്രമേയമായി ഒരു സിനിമ.ചിത്രീകരണം ഉടൻ തുടങ്ങാൻ പോകുന്നു, അന്ന് അത് പറയുമ്പോൾ അവനിലെ ആത്മ വിശ്വാസം ഇന്നലെ തിയറ്ററിൽ നിർത്താതെയുയർന്ന കയ്യടികളിൽ ഞാൻ വീണ്ടുമോർത്തു.












Click it and Unblock the Notifications