പൈസ നൽകിയപ്പോൾ പൃഥ്വിരാജും എആർ റഹ്മാനും പറഞ്ഞത് അതായിരുന്നു; നജീബ് പറയുന്നു
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആണ് ആടുജീവിതം തിയറ്ററുകളിൽ എത്തിയത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലാണ് സംവിധായകൻ ബ്ലെസി സിനിമയാക്കിയത്. പൃഥ്വിരാജ് സുകുമാരാനാണ് നജീബ് ആയി എത്തിയത്. നജീബായി മാറാൻ പൃഥ്വിരാജ് ഒരുപാട് തയ്യാറെടപ്പുകൾ നടത്തിയിരുന്നു. ഭക്ഷണം ഉപേക്ഷിച്ചാണ് അദ്ദേഹം ശരീരഭാരം കുറച്ചത്.
അതിനുള്ള ഫലവും പൃഥ്വിയ്ക്ക് ലഭിച്ചു. മികച്ച അഭിപ്രായമാണ് പൃഥ്വിയുടെ അഭിനയത്തിന് ലഭിച്ചത്. റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായമാണ് സിനിമ സ്വന്തമാക്കിയത്. വളരെ വേഗത്തിൽ 100 കോടി ക്ലബിൽ സിനിമ ഇടംപിടിക്കുകയും ചെയ്തു. ആദ്യ ദിവസം തന്നെ യഥാർത്ഥ നജീബ് സിനിമ കാണാൻ തിയറ്ററിൽ എത്തുകയും ചെയ്തിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് നജീബ് സിനിമ കണ്ടിറങ്ങിയത്.

സിനിമ സൂപ്പർ ഹിറ്റായി ഓടുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച ആരംഭിച്ചിരുന്നു. സിനിമകൾ കോടികൾ സ്വന്തമാക്കിയപ്പോൾ യഥാർത്ഥ നജീബിന് എന്താണ് ആടുജീവിതം സിനിമ ടീം നൽകിയത്? സാമ്പത്തികമായി നജീബിനെ സഹായിച്ചോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയർന്നത്. ഇതേ സംബന്ധിച്ച് ഒരു അഭിമുഖത്തിൽ ബ്ലെസിയും ബെന്യാമിനും സംസാരിച്ചിരുന്നു.
നോവലിന്റെ റൈറ്റ്സിന് വേണ്ടി താൻ ബ്ലെസിക്ക് കൊടുത്തതിന്റെ പത്തിരട്ടി നജീബിന് ഒരാൾ കൊടുത്തു. തനിക്കും ബെന്യാമിനും നജീബിനും അടുത്തറിയുന്ന ഒരാളാണ് കൊടുത്തത്. വേറെയാരു അത് അറിയരുത് എന്ന് കൊടുത്ത ആൾക്ക് നിർബന്ധം ഉണ്ടായിരുന്നുവെന്നാണ് ബ്ലെസി പറഞ്ഞത്. ഇപ്പോൾ നജീബ് തന്നെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ്. പൃഥ്വിരാജും എ ആർ റഹ്മാനും തന്നെ സാമ്പത്തികമായി സഹായിച്ചെന്നാണ് നജീബ് പറഞ്ഞത്.
'പൃഥ്വിരാജും എ ആർ റഹ്മാനും എനിക്ക് പൈസ തന്ന് സഹായിച്ചിട്ടുണ്ട്. ഞാനായിട്ട് ഇതുവരെ ആരുടെയും അടുത്തും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്. നജീബിന് എന്തുകാെടുത്തു എന്നാണ് ഇവർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാൻ ചോദിക്കുകയും ചെയ്തു.
ബ്ലെസി സാറിനും അത് പോലെ ശല്യം ആയതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞത്. എനിക്ക് പൈസ തന്ന പൃഥ്വിരാജും റഹ്മാനും പറഞ്ഞിരുന്നു, ഒരു കാരണവശാലും ഇത് പുറത്തറിയരുത് എന്ന്. അത് കൊണ്ട് ഞാൻ ഇക്കാര്യം ആരോടം ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു, നജീബ് പറയുന്നു.












Click it and Unblock the Notifications