എടാ മോനേ വിഷു നമ്മൾ തൂക്കി; ബോക്‌സ് ഓഫീസ് സുനാമി, കളക്ഷനിൽ ഫഹദോ പ്രണവോ, ആരാണ് മുൻപിൽ?
ഒരു മലയാള സിനിമാ പ്രേമി എന്ന നിലയിൽ എല്ലാവർക്കും അകമഴിഞ്ഞ് സന്തോഷിക്കാൻ വകുപ്പ് നൽകിയ ഈ വർഷം അത് വീണ്ടും തുടരുകയാണ്. ഈദ്-വിഷു സീസൺ ലക്ഷ്യമിട്ട് തിയേറ്ററുകളിൽ എത്തിയ രണ്ട് വമ്പൻ ചിത്രങ്ങൾ പകിട്ടിനൊത്ത പെരുമ കാട്ടി ബോക്‌സ് ഓഫീസും പ്രേക്ഷകരും മനസും ഒരുപോലെ കീഴടക്കുമ്പോൾ മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷമാണ്.
ഇന്നലെ തിയേറ്ററുകളിൽ എത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശവും, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത വർഷങ്ങൾക്ക് ശേഷവും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. റമദാൻ കഴിഞ്ഞതോടെ അതുവരെ തിയേറ്ററുകളിൽ നിന്ന് അകലം പാലിച്ചിരുന്ന വലിയൊരു വിഭാഗം കൂടി കളത്തിൽ ഇറങ്ങിയതോടെ കളക്ഷൻ റെക്കോർഡുകൾ വീണ്ടും പിറക്കാനുള്ള സാധ്യതയാണ് ഉയരുന്നത്.

കുറഞ്ഞ അഭിനേതാക്കളുമായി ജിത്തു മാധവൻ ഒരുക്കിയ ഫഹദ് സ്‌റ്റാറർ ആവേശം തന്നെയാണ് കളക്ഷൻ റെക്കോഡുകളിൽ മുൻപിലെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്‌റ്റുകൾ പറയുന്നത് പ്രകാരം ഒന്നാം ദിനം ചിത്രത്തിന് ലഭിച്ച ട്രാക്ക്ഡ് കളക്ഷൻ ഏതാണ്ട് 3.26 കോടി രൂപയാണെന്നാണ് സൂചന.
എന്നാൽ വമ്പൻ താരനിരയുമായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ആദ്യം ദിനം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 2.47 കോടി നെറ്റ് കളക്ഷൻ നേടിയെന്നുമാണ് അനലിസ്‌റ്റുകൾ വ്യക്തമാക്കുന്നത്. ഇരു ചിത്രങ്ങൾക്കും ആദ്യ ദിനം തന്നെ വമ്പൻ പോസിറ്റീവ് റെസ്പോൺസ് ആണ് ലഭ്യമാവുന്നത് എന്നതിനാൽ തന്നെ ഈ അവധിക്കാലത്ത് ലോങ്ങ് റൺ ലഭിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
ആദ്യ ദിന കളക്ഷനിൽ ഫഹദ് ചിത്രം മുന്നിട്ട് നിൽക്കുന്നുവെങ്കിലും പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ അണിനിരന്ന വർഷങ്ങൾക്ക് ശേഷം എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇന്ന് മുതൽ ഈ വീക്കെൻഡിൽ ചിത്രം കുതിച്ചുകയറാനാണ് സാധ്യത. പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങൾ എല്ലാം തന്നെ ഈ ചിത്രത്തിൽ ഉണ്ടെന്നത് കൂടുതൽ ഗുണമാവും.
എന്നാൽ ഈ കടുത്ത പോരാട്ടത്തിന് ഇടയിലും ഉണ്ണി മുകുന്ദൻ ചിത്രമായ ജയ് ഗണേഷും ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. ചിത്രം ആദ്യ ദിനം 50 ലക്ഷം രൂപയിൽ അധികം സ്വന്തമാക്കി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ വർഷം ആദ്യം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വേട്ടയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. യുവതാര ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തിളങ്ങിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയുഗവും മികച്ച കളക്ഷനുമായി കട്ടയ്ക്ക് നിന്നു. പിന്നീട് പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതത്തിന്റെ ഊഴമായിരുന്നു. ഇപ്പോഴിതാ ബാറ്റൺ ആവേശത്തിനും വർഷങ്ങൾക്ക് ശേഷത്തിനുമായി കൈമാറിയിരിക്കുകയാണ്.












Click it and Unblock the Notifications