ഫഹദേ നിങ്ങളൊരു ജിന്ന് തന്നെ; നൂറ് കോടിയിലേക്ക് കുതിച്ച് ആവേശം, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മലയാള സിനിമയുടെ നല്ല കാലത്തിന് തുടക്കമിട്ടു കൊണ്ടാണ് ഈ വർഷം ആരംഭിച്ചതെന്ന് വേണമെങ്കിൽ പറയാം. എബ്രഹാം ഓസ്‌ലറിൽ തുടങ്ങിയ ഹിറ്റ് മേളം മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും ഭ്രമയുഗവും ആടുജീവിതവും വർഷങ്ങൾക്ക് ശേഷവും കടന്ന് ആവേശം വരെ എത്തി നിൽക്കുകയാണ്. അതിനിടയിൽ പല കളക്ഷൻ റെക്കോർഡുകളും കടപുഴകി വീഴുന്ന കാഴ്‌ചയ്ക്കും നാം സാക്ഷ്യം വഹിച്ചു.
ഇപ്പോഴിതാ മലയാളത്തിലെ അടുത്ത നൂറു കോടി ചിത്രം എന്ന ഖ്യാതി നേടാനായി മറ്റൊരു ചിത്രം കൂടി കുതിപ്പ് തുടരുകയാണ്. മറ്റാരുടേയുമല്ല, നമ്മുടെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഫഹദ് ഫാസിൽ അഭിനയിച്ച ആവേശം എന്ന ചിത്രമാണ് കളക്ഷൻ റെക്കോർഡുകളിൽ വമ്പൻ നേട്ടവുമായി കുതിച്ചുയരുന്നത്.

ഇപ്പോൾ തന്നെ ഫഹദിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി സിനിമ മാറിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത (പുഷ്‌പ പ്രതിനായക വേഷമായിരുന്നു). നിലവിൽ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയ തുക എത്രയെന്ന് കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഏകദേശം 90 കോടി രൂപ കടന്നാണ് ചിത്രം മുന്നോട്ട് പോവുന്നതെന്നാണ് ഏറ്റവും ഒടുവിൽ ട്രേഡ് അനലിസ്‌റ്റുകൾ നൽകുന്ന റിപ്പോർട്ട്.
കേവലം അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ഈ ചിത്രം അന്ന് അൻപത് കോടി എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ 100 കോടി എന്ന മോളിവുഡിലെ എലൈറ്റ് ക്ലബ്ബിലേക്ക് ഫഹദ് കൂടി വന്നെത്തുമെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ നൽകുന്ന സൂചന. ഈ നിലയിൽ തിയേറ്ററിൽ പ്രദർശനം തുടരുകയാണെങ്കിൽ ഈ നേട്ടത്തിന് അധികം ദിവസം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ട്.
മുൻപ് ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ വളരെ മുൻപ് തന്നെ ഫഹദ് അൻപത് കോടി ക്ലബിൽ കടന്നിരുന്നു. എന്നാൽ ഇടക്കാലത്ത് ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും ചെയ്‌ത വേഷങ്ങൾ ഫഹദിനെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നതായിരുന്നു. തെലുഗിൽ പുഷ്‌പയും, തമിഴിൽ വിക്രമും വമ്പൻ കളക്ഷൻ നേടിയെങ്കിലും ഇവയൊന്നും ഫഹദ് നായകനായ ചിത്രങ്ങൾ ആയിരുന്നില്ല.
അതേസമയം, ജിത്തു മാധവൻ രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം സംവിധാനം സിനിമയാണ് ആവേശം. ഫഹദിന്റെ പ്രത്യേക ഗെറ്റപ്പും ഭാഷാശൈലിയും ഒക്കെയായി വേറിട്ട് ആഖ്യാന രീതിയുമായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇതോടെ ചെറുപ്പക്കാർ സിനിമ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിന് പുറത്തെ തമിഴ്‌നാട്ടിൽ ഉൾപ്പെടെ ചിത്രത്തിന് നല്ല റിപ്പോർട്ടാണ് ലഭിക്കുന്നത്.
ഫഹദിന് പുറമെ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, മിഥുന്‍ ജെഎസ്, ഹിപ്സ്റ്റര്‍, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍ എന്നിവർ ഉൾപ്പെടെയാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സുഷിൻ ശ്യാം ഒരുക്കിയ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും വലിയ കൈയ്യടി ലഭിച്ചിരുന്നു. അൻവർ റഷീദാണ് ചിത്രത്തിന്റെ നിർമ്മാണം.












Click it and Unblock the Notifications