'മലയാള സിനിമയിലെ ആ തെറ്റിദ്ധാരണ മാറാൻ കാരണം സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി'; അജു വർഗീസ് പറയുന്നു
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ യുവതാരങ്ങളെ വച്ച് ഒരുക്കിയ ചിത്രമായ മലർവാടി ആർട്‌സ് ക്ലബിലൂടെ ആയിരുന്നു അജുവിന്റെ താരോദയം. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ ഏറ്റവും തിരക്കേറിയ നടന്മാരുടെ നിരയിലേക്കും താരം ഉയർന്നുകഴിഞ്ഞു.
മുൻപ് അജു വർഗീസ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് പറഞ്ഞ ചില അഭിപ്രായങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ നൽകിയ അഭിമുഖത്തിൽ വീണ്ടും ഒരിക്കൽ കൂടി ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് അജു വർഗീസ് വ്യക്തമാക്കുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

സിനിമ എന്നത് എല്ലാവർക്കും സാധ്യമായ ഒരു കാര്യമാണെന്ന് തെളിയിച്ചത് സന്തോഷ് പണ്ഡിറ്റ് തന്നെയാണെന്നാണ് അജു വർഗീസ് പറയുന്നത്. രണ്ട് വർഷം മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും, ഇപ്പോൾ എന്താണ് തോന്നുന്നതെന്നുമുള്ള അവതാരകന്റെ ചോദ്യത്തോടായിരുന്നു അജുവിന്റെ പ്രതികരണം.
'ഇന്ന് ആർക്കും സിനിമ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നൽകിയതിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയെന്ന് ഞാൻ കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. തിയേറ്ററിൽ ഇറക്കി ഹിറ്റാക്കിയ ആ ധൈര്യമുണ്ട്. സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമല്ലാത്ത ഒരു കാലത്ത് അത്തരം സിനിമ ചെയ്‌ത് ഹിറ്റാക്കിയ ആളാണ് അദ്ദേഹം. ഇന്ന് ഫോണിൽ വരെ ആളുകൾ സിനിമ എടുക്കുന്നതിലേക്ക് എത്തിയതിയതിന്റെ കാരണം ഇതാണ്. പുതുമയുള്ള സബ്‌ജക്‌ട് ആണെങ്കിൽ പ്രേക്ഷകർ കാണും' താരം പറയുന്നു.
മുൻപും അജു വർഗീസ് സന്തോഷ് പണ്ഡിറ്റിനെ പുകഴ്ത്തിയിരുന്നു. സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റെന്നായിരുന്നു അന്ന് അജു വർഗീസ് പറഞ്ഞത്. തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും, അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം തെളിയിച്ചെന്നും അജു ചൂണ്ടിക്കാട്ടിയിരുന്നു.
'എന്റെ അഭിപ്രായത്തിൽ മലയാള സിനിമ എത്തിപ്പെടാൻ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്. അതിൽ ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ പുള്ളി എല്ലാവർക്കും ഒരു മാതൃക ആയി' അജു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications