'4 കുട്ടികളുടെ അച്ഛനോട് കുടുംബാസൂത്രണത്തെ പറ്റി ചോദിക്കരുത്'; രസകരമായ മറുപടിയുമായി അജു വർഗീസ്
മലയാളത്തിലെ പ്രിയ താരങ്ങളിൽ ഒരാളാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്ത് വച്ച അജു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനം കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ അജു മുഖ്യ വേഷത്തിൽ എത്തുന്ന 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
അതിൽ അവതാരകന്റെ ചോദ്യത്തോട് അജുവിന്റെ പ്രതികരണം ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. കുടുംബാസൂത്രണം മുഖ്യ വിഷയമായി എത്തുന്ന ചിത്രത്തിനെ കുറിച്ച് ചോദിക്കുന്നതിനിടയിലാണ് അജു വർഗീസിന്റെ രസകരമായ മറുപടി വന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത് നടന്നത്.

കുടുംബാസൂത്രണം കേരളത്തിൽ കൂടുതൽ പേർ ബോധവാന്മാരായ വിഷയം അല്ലേ, അതിന് എത്രത്തോളം പ്രസക്തി നമ്മുടെ നാട്ടിലുണ്ട്? എന്ന അവതാരകാരന്റെ ചോദ്യത്തിന് ഇതിനെ കുറിച്ച് സംസാരിക്കാൻ ഒട്ടും അർഹത ഇല്ലാത്ത ആളാണ് താൻ എന്നായിരുന്നു അജുവിന്റെ മറുപടി.
'ഇതിനെ കുറിച്ച് ഉത്തരം പറയാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണ് ഞാൻ. ഇതിന്റെ മറ്റൊരു വശം എനിക്കും അറിയില്ല. ഒരു ഭാര്യയും ഭർത്താവും, അവരിൽ രണ്ട് പേർക്കും ജോലി ഉള്ളവർ ഉണ്ടാകാം. നമ്മൾ ഒരാളെ കൂടി കുടുംബത്തിലേക്ക് കൊണ്ട് വരികയാണ്. അപ്പോൾ ആ വ്യക്തിക്ക് നൽകാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നമുക്ക് കഴിവുണ്ടോ എന്നാണ് നോക്കേണ്ടത്' അജു പറഞ്ഞു.
ഒരു സിനിമ തിരഞ്ഞെടുക്കാൻ അവസരങ്ങൾ അധികം ലഭിക്കാറില്ലെന്നും അജു വർഗീസ് തന്റെ കരിയറിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി. 'സിനിമ തിരഞ്ഞെടുക്കാൻ അധികം ഓപ്‌ഷനുകൾ ഒന്നും ലഭിക്കാറില്ല. അടുത്തേക്ക് വരുന്നതിൽ മിക്കതും ഞാൻ ചെയ്യാറുണ്ട്. റിപ്പീറ്ററ്റീവ് ആയിട്ടുള്ളത് വേണ്ട എന്ന തീരുമാനം എടുക്കാറുണ്ട്. പ്രേക്ഷകർക്ക് ഒരു രീതിയിലുമുള്ള ആസ്വാദനം നൽകാൻ കഴിയുന്നില്ലെന്ന് ഉറപ്പുള്ളത് മാത്രംഒഴിവാക്കും' അജു വ്യക്തമാക്കി.
'പൊതുവേ കഥ കേൾക്കുമ്പോൾ ഉറങ്ങിപോവുന്ന പതിവുണ്ട് എനിക്ക്. വെള്ളിമൂങ്ങയുടെ കഥ പറയുമ്പോഴും ഞാൻ ഉറങ്ങിപോയിട്ടുണ്ട്. അതിലും വലിയത് വേണ്ടല്ലോ.ഞാൻ അവരോട് പറയാറുള്ളത് നിങ്ങളെ വിശ്വസിക്കുന്നു എന്നാണ്. ഒരു നടന്റെ ഉത്തരവാദിത്തമല്ല മുഴുവൻ സിനിമ. അത് സംവിധായകന്റെയും നിർമാതാവിന്റെയും തിരക്കഥാകൃത്തിന്റെയും ഒക്കെയാണ്' അജു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications