ഇടവേള ബാബു വെറും കണക്കപ്പിള്ള; സിപിഎം കളഞ്ഞ പേപ്പറില്‍ ബൈലോ അടിച്ച് തന്നു: തെളിവുമായി അനൂപ് ചന്ദ്രന്‍
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിഞ്ഞ ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രന്‍. 25 വർഷം ജനറല്‍ സെക്രട്ടറിയായി ഇരുന്നിട്ടും സംഘടനയുടെ ബൈലോ പോലും കൃത്യമായി അറിയാത്തായാളാണ് ഇടവേള ബാബു. അദ്ദേഹം ഇത്രയും കാലം പ്രവർത്തിച്ചിട്ടുണ്ടെങ്കില്‍ അതിന് കൃത്യമായ ശമ്പളവും ലഭിച്ചിട്ടുണ്ടെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.
വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ബൈലോ ചോദിച്ചപ്പോള്‍ സിപിഎം എറണാകുളം ജില്ലാക്കമ്മിറ്റി എവിടെയോ ഉപേക്ഷിച്ച പേപ്പർ എടുത്തുകൊണ്ട് വന്ന് അതിലാണ് കോപ്പിയെടുത്ത് തന്നതെന്നും അനൂപ് ചന്ദ്രന്‍ വെളിപ്പെടുത്തുന്നുണ്ട്.

'അമ്മയെന്നാല്‍ ഇടവേള ബാബു എന്നാണ് ഇടവേള ബാബു വിചാരിച്ചിരുന്നത്. ഇടവേള ബാബുവിന് കൃത്യമായി ശമ്പളം കിട്ടുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം സുഭിക്ഷമായി ജീവിക്കുകയും ചെയ്തു. അയാള്‍ അമ്മയെന്നും പറഞ്ഞ് നടന്നതിന്റെ ബുദ്ധിമുട്ടി തീർന്നു. ഇടവേള ബാബു ഇല്ലെങ്കിലും സംഘടന മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് വരാന്‍ പോകുന്ന കമ്മിറ്റി കാണിച്ച് തരും.' എന്നും അനൂപ് വ്യക്തമാക്കുന്നു.
ഇരുപത്തിയഞ്ച് വർഷത്തോളം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ഇടവേള ബാബു. എന്നാല്‍ സംഘടനയുടെ നിയമാവലിയുമായിട്ടോ കമ്മിറ്റിയുമായി ബന്ധപ്പെട്ടോ എന്തെങ്കിലും ചോദിച്ചാല്‍ ഒരു ചുക്കും അദ്ദേഹത്തിന് അറിയാന്‍ പാടില്ല. കാര്യം ചോദിക്കുമ്പോള്‍ പിന്നെ എപ്പോഴെങ്കിലും പറയാം, പഠിച്ചിട്ട് പറയാം എന്നാണ് പറയുന്നത്. അഞ്ഞൂറ് അംഗങ്ങള്‍ മാത്രമുള്ള ഒരു സംഘടനയുടെ നിയമം പോലും അറിയില്ലെങ്കില്‍ 25 വർഷമായി ആ കസേരയില്‍ ഇരുന്നത് എന്തിനാണ്.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും തൂക്കിവിറ്റ പേപ്പർ സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിച്ച്, അതിന്റെ പുറത്ത് അമ്മയുടെ ബൈലോയുടെ ഫോട്ടോ കോപ്പി എടുത്ത് തന്ന ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. ആ പേപ്പർ ഇപ്പോഴും എന്റെ പക്കലുണ്ട്.
ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ നിയമാവലിയുമായി ബന്ധപ്പെട്ട ഒരു തരത്തിലുമുള്ള ഉറച്ച നിലപാടുകളും അദ്ദേഹം പറഞ്ഞിട്ടില്ല. ഇന്നസെന്റ് എന്ന് പറയുന്ന ഒരു മഹാമനുഷ്യന്‍ ഉള്ളതുകൊണ്ട് മാത്രം സംഘടന മുന്നോട്ട് പോയി. ഇടവേള ബാബു എന്ന് പറയുന്നത് വെറും ഒരു കണക്കപ്പിള്ള മാത്രമാണെന്നും അനൂപ് ചന്ദ്രന്‍ ആരോപിക്കുന്നു.

എന്ത് മര്യാദകേടാണ് ഇപ്രാവശ്യം കാണിച്ചത്. അമ്മ അസോസിയേഷന്റെ സംഘടന മീറ്റിങ് മുഴുവന്‍ ലൈവ് കൊടുത്തിരിക്കുകയായിരുന്നു. യോഗങ്ങളിലൊക്കെ മാധ്യമങ്ങളെ ആദ്യം ഒന്ന് വന്ന് ഫോട്ടോയും വീഡിയോയും എടുക്കാന്‍ അനുവദിച്ചിട്ട് ഒഴിവാക്കും. സമ്മേളന നടപടി ആരംഭിച്ചാല്‍ ഏതെങ്കിലും ഒരുത്തന് വീഡിയോ എടുക്കാന്‍ സാധിക്കുമോ? നമ്മള്‍ കൊടുക്കുന്ന ദൃശ്യങ്ങള്‍ മാത്രമേ പിന്നെ പുറത്ത് പോവൂ.
എന്നാല്‍ ഇത്തവണ ഇടവേള ബാബു തന്റെ ഏറ്റവും അടുത്ത സുഹൃത്തിന് മുഴുവന്‍ ലൈവ് കൊടുത്തിരിക്കുകയായിരുന്നു. ഇരുപത് ലക്ഷം രൂപ അമ്മയ്ക്ക് കൊടുത്തെന്നാണ് പറയുന്നത്. എന്നുവെച്ച് എല്ലാം ഇങ്ങനെ അവർ മാത്രം ഒപ്പിക്കൊണ്ടുപോകുന്നത് മര്യാദകെട്ട പരിപാടിയാണ്. അഞ്ഞൂറിലേപ്പേരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായിരുന്നില്ലേ അതെന്നും വണ്‍ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications