ദൃശ്യം 3ൽ ജോർജുകുട്ടിയെ വീഴ്ത്താൻ കൂമനിലെ ഗിരി എത്തുമോ? ജീത്തു ജോസഫിനോട് ചോദിച്ചെന്ന് ആസിഫ് അലി
മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രങ്ങൾ ഒരുക്കിയ ജീത്തു ജോസഫ് ചിത്രങ്ങളായ ദൃശ്യം 2- കൂമൻ ക്രോസ് ഓവറിനെ കുറിച്ച് മനസ് തുറന്ന് നടൻ ആസിഫ് അലി. തന്റെ ഏറ്റവും പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ വിശേഷങ്ങളുമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലിയുടെ നിർണായക വെളിപ്പെടുത്തൽ.
കൂമനിൽ ആസിഫ് അലി അവതരിപ്പിച്ച കൂർമ്മ ബുദ്ധിക്കാരനായ ഗിരി എന്ന പോലീസുകാരൻ ദൃശ്യത്തിലെ വരുണിന്റെ കൊലപാതകം അന്വേഷിക്കാൻ വരുന്നതിനെ കുറിച്ച് താനൊരിക്കൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് സംവിധായകൻ ജീത്തു ജോസഫിനോട് നേരിട്ട് ചോദിച്ചുവെന്നാണ് ആസിഫ് അലി അഭിമുഖത്തിൽ പറയുന്നത്.

'ഒരിക്കൽ ഞാൻ ജീത്തു സാറിനോട് എങ്ങനെയെങ്കിലും ഗിരി ദൃശ്യത്തിലെ കേസ് അന്വേഷിക്കാൻ വന്നാലോ എന്ന് ചോദിച്ചിട്ടുണ്ട്. അത് നല്ലൊരു ക്രോസ് ആവുമായിരുന്നു. ജീത്തു സാറിനൊരു പ്രത്യേകതയുണ്ട്. അദ്ദേഹം ഒരു സാധ്യതയും വെറുതെ തള്ളിക്കളയില്ല. സാർ അധികമൊന്നും വിട്ടുപറയില്ല' എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.
മോളിവുഡിലെ ത്രില്ലർ ചിത്രങ്ങളുടെ തമ്പുരാനെന്നാണ് ജീത്തു ജോസഫിനെ വിശേഷിപ്പിക്കുന്നത്. ജീത്തു ത്രില്ലർ ചിത്രങ്ങൾ സംവിധാനം ചെയ്‌തപ്പോൾ ഒക്കെയും അത് മലയാള സിനിമയിലെ വമ്പൻ വിജയങ്ങളായിരുന്നു. അത്തരത്തിൽ ജീത്തുവിന്റെ ഏറ്റവും വലിയ ചിത്രങ്ങളാണ് ദൃശ്യം സീരീസും കൂമനും. അതിൽ ദൃശ്യം സീരീസിൽ മോഹൻലാലും കൂമനിൽ ആസിഫ് അലിയും ആയിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
ദൃശ്യത്തിൽ മോഹൻലാൽ ജോർജുകുട്ടി എന്ന സാധാരണക്കാരനായ കേബിൾ ഓപ്പറേറ്ററുടെ വേഷമാണ് അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യ അൻപത് കോടി ചിത്രം എന്ന ഖ്യാതി നേടിയ ദൃശ്യം രണ്ടാം ഭാഗവും ഏറെ സ്വീകാര്യത നേടിയിരുന്നു. ഇതിന്റെ മൂന്നാം ഭാഗത്തിലാണ് കൂമനിലെ ആസിഫ് അലി അവതരിപ്പിച്ച ഗിരി എന്ന പോലീസുകാരൻ വന്നുപെട്ടാൽ എന്താവുമെന്ന ചോദ്യം ആസിഫ് അലിയും ഉന്നയിക്കുന്നത്.
കൂമൻ റിലീസ് ചെയ്‌തതിന് പിന്നാലെ ഇത്തരമൊരു സാധ്യത ചൂണ്ടിക്കാട്ടി നിരവധി എഡിറ്റഡ് വിഡിയോകൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. വരുൺ കൊലക്കേസ് അന്വേഷിക്കാൻ വരുന്ന പോലീസുകാരനായി കൂമനിലെ ഗിരിയെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ വീഡിയോകളിൽ ഭൂരിഭാഗവും.
കെആർ കൃഷ്‌ണകുമാർ തിരക്കഥയെഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു കൂമൻ. ആസിഫ് അലിയുടെ പോലീസ് വേഷം കൊണ്ടും ചിത്രത്തിന്റെ തിരക്കഥയുടെ പേരിലും ഏറെ സ്വീകാര്യത നേടിയ ചിത്രം കൂടിയായിരുന്നു കൂമൻ. ദൃശ്യമാവട്ടെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് ജീത്തു ജോസഫ് തന്നെ ചില സൂചനകൾ നൽകിയിരുന്നു.ഇതോടെ രണ്ടു കഥാപാത്രങ്ങളും ഒരു സിനിമയിലൂടെ എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications