അമേരിക്കയിലേക്ക് മാറാൻ കാരണമെന്ത്? താനൊരു ഈശ്വര വിശ്വാസി, കുടുംബത്തെ കുറിച്ചും ബാബു ആന്റണി
തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന നായക നടനായിരുന്നു ബാബു ആന്റണി. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ പെട്ടെന്നാണ് അദ്ദേഹം സിനിമാ ജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് തന്റെ ജീവിതം പറിച്ചുനട്ടത്. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടെ അമേരിക്കയിൽ തന്നെയാണ് കഴിയുന്നത്. അങ്ങനെ അവിടേക്ക് കുടിയേറാൻ ഉണ്ടായ കാരണത്തെ പറ്റി മനസ് തുറക്കുകയാണ് നടൻ ഇപ്പോൾ.
ഒൻപത് വർഷത്തോളം ഭാര്യയും കുടുംബവും നാട്ടിൽ ഉണ്ടായിരുന്നുവെന്ന് ബാബു ആന്റണി പറയുന്നു. പൊൻകുന്നത്തെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ പിന്നീട് അമേരിക്കയിൽ തന്നെ സെറ്റിൽ ചെയ്യുകയായിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. താൻ ഇവിടെ ഇല്ലെങ്കിൽ കുടുംബത്തിന് ഇവിടെ സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് അദ്ദേഹം അതിന് കാരണമായി പറഞ്ഞത്.

'ഒൻപത് വർഷത്തോളം അവർ പൊൻകുന്നത്തെ ഈ വീട്ടിലുണ്ടായിരുന്നു. ആദ്യമൊന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് ഞാൻ തന്നെ അവരെ യുഎസിലേക്ക് മാറ്റി സെറ്റിൽ ചെയ്യാൻ തീരുമാനിച്ചതാണ്. പുള്ളിക്കാരി അപ്പോഴൊന്നും പറഞ്ഞിരുന്നില്ല. പിന്നെ അവിടെ എത്തിയപ്പോഴാണ് പറഞ്ഞത് ഡിപ്രഷൻ വന്ന് തുടങ്ങിയിരുന്നു എന്ന്' ബാബു ആന്റണി പറഞ്ഞു.
'ഇവിടെ സംസാരിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. ഒന്ന് പുറത്തേക്ക് ഷോപിംഗിന് പോവാമെന്ന് വിചാരിച്ചാലും ഒട്ടും പ്രൈവസി കിട്ടുമായിരുന്നില്ല. അങ്ങനെ അവർ ഇങ്ങോട്ട് പറയുന്നതിന് മുൻപ് തന്നെ ഞാൻ അങ്ങോട്ട് കാര്യം പറഞ്ഞു. ഇപ്പോൾ ഞാൻ ഇവിടെ ആവുമ്പോൾ അവരെ ഒക്കെ മിസ് ചെയ്യുന്നു എന്നതാണ് ഏക പ്രശ്‌നം' ബാബു ആന്റണി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താനൊരു ഈശ്വര വിശ്വാസി ആണെന്നും ബാബു ആന്റണി പറഞ്ഞു. തന്റെ മകൻ കടുത്ത ദൈവ വിശ്വാസി ആണെന്നും അവൻ പള്ളീലച്ചൻ ആവുമോ എന്നുള്ള പേടിയാണ് തനിക്കുള്ളതെന്നും തമാശയായി ബാബു ആന്റണി പറയുകയുണ്ടായി. 'ഈശ്വര വിശ്വാസിയാണ്, കാരണം ഈശ്വരൻ ഇല്ലെന്ന് തെളിയിക്കാൻ പറ്റുമോ? ഇല്ല. ഉണ്ടെന്ന് തെളിയിക്കാൻ പറ്റുമോ എന്ന് പലരും ചോദിക്കും, അപ്പോൾ ഇല്ലെന്ന് തെളിയിക്കാൻ പറ്റുമോന്ന് നമ്മളും ചോദിക്കണം' ബാബു ആന്റണി പറഞ്ഞു.
'ഈശ്വര വിശ്വാസം ഇല്ലെന്ന് പറയുന്നത് ഒരുതരം അന്ധവിശ്വാസമല്ലേ. ഈശ്വരൻ ഇല്ലെന്നത് അന്ധമായ വിശ്വാസമാണ്. നമുക്ക് ഈ തന്നിരിക്കുന്ന പ്രകൃതിയുടെ ഒക്കെ ആളുണ്ടെന്ന് വിശ്വസിച്ച് അങ്ങ് ജീവിക്കുക. മറ്റുള്ളവരെ ഉപദ്രവിക്കാതെ മുന്നോട്ട് പോവുക.' ബാബു ആന്റണി കൂട്ടിച്ചേർത്തു.
റഷ്യൻ അമേരിക്കക്കാരിയായ എവ്‌ജെനിയയെയാണ് ബാബു ആന്റണി വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ആർതർ ആന്റണി, അലക്‌സ് ആന്റണി എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഉള്ളത്. ഇവർ അമേരിക്കയിലാണ് കഴിയുന്നത്. അടുത്തിടെ മലയാളത്തിലെ ഹിറ്റ് ചിത്രമായ ആർഡിഎക്‌സിലെയും.ലോകേഷ് കനകരാജ് ചിത്രം ലിയോയിലെയും ബാബു ആന്റണിയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications