'ആ കാര്യത്തിൽ മമ്മൂക്ക തന്നെ മന്നൻ, വെല്ലാൻ മറ്റാരുമില്ല..'; തുറന്ന് പറഞ്ഞ് ബൈജു സന്തോഷ്
മലയാളികളുടെ പ്രിയ താരമാണ് ബൈജു സന്തോഷ്. ബാലതാരമായി തന്നെ സിനിമയിൽ എത്തിയ ബൈജു കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി എല്ലാ മുൻനിര നായകന്മാർക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുള്ള താരം ബൈജു സന്തോഷ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പ്രത്യേകതയെ കുറിച്ച് മനസ് തുറക്കുകയാണ് ബൈജു.
കൂടെ അഭിനയിച്ച നടന്മാരിൽ ഡബ്ബിങ്ങിൽ തന്നെ വിസ്‌മയിപ്പിച്ച താരത്തെ പറ്റി മനസ് തുറക്കവേയാണ് ബൈജു മമ്മൂട്ടിയുടെ ആ പ്രത്യേകത എടുത്തുപറഞ്ഞത്. ഒരു സീനിൽ ഡബ്ബ് ചെയ്യുന്ന കാര്യത്തിൽ മമ്മൂട്ടിക്ക് പകരം മറ്റൊരാളില്ലെന്നാണ് ബൈജു പറയുന്നത്. മമ്മൂട്ടി അക്കാര്യത്തിൽ മന്നൻ ആണെന്നും, ഓരോ സീനിന്റെയും അളവ് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും ബൈജു ചൂണ്ടിക്കാട്ടി.

ചില സിനിമകൾ നാല് ദിവസത്തോളം എടുത്താണ് മമ്മൂക്ക പൂർത്തിയാക്കാറുള്ളതെന്നും, എന്നാൽ അത് പെർഫെക്‌ട് ആയിരിക്കുമെന്നും ബൈജു പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ബൈജു സന്തോഷിന്റെ പ്രതികരണം.
'ഡബ്ബിങിന്റെ കാര്യത്തിൽ ഞാൻ കണ്ടതിൽ അതിന്റെ മന്നൻ മമ്മൂക്കയാണ്. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമായിരിക്കും. ഒരു സീനിന്റെ എങ്ങനെ ശബ്‌ദം കൊടുക്കണം, എന്തൊക്കെ മോഡുലേഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടെന്നതാണ് പ്രത്യേകത' ബൈജു വ്യക്തമാക്കുന്നു.
'ആ കാര്യത്തിൽ മലയാളത്തിലെ ഏറ്റവും മിടുക്കൻ മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഡബ്ബിങ് ഒരു പ്രത്യേക രീതിയാണ്. ചിലപ്പോൾ മൂന്ന്-നാല് ദിവസമൊക്കെ എടുത്താണ് അദ്ദേഹം ഡബ്ബിങ് തീർക്കാറുള്ളത്. പക്ഷേ അതൊക്കെ വളരെ കറക്റ്റായിരിക്കും' ബൈജു കൂട്ടിച്ചേർത്തു.
നേരത്തെ മമ്മൂട്ടിയുടെ ഏത് വേഷത്തിലേക്കും മാറാനുള്ള കഴിവിനെയും ബൈജു പുകഴ്‌ത്തിയിരുന്നു. 'മമ്മൂക്കയെ കുറിച്ച് ചോദിച്ചാൽ ഭൂതമാണെന്ന് പറയും. കുടത്തിൽ ഒളിച്ചിരിക്കുന്ന ഒരു ഭൂതത്തിന് എങ്ങനെ വേണമെങ്കിലും. ഏത് രൂപത്തിലും വരാൻ പറ്റും. അത് പോലെയാണ് മമ്മൂക്ക. ഏത് വേഷത്തിലും വരും. ഏത് ഭാവത്തിലും വരും' എന്നായിരുന്നു ബൈജുവിന്റെ പ്രതികരണം.
അതേസമയം, മലയാളത്തിലെ വമ്പൻ ഹിറ്റായി മാറിയ ആർഡിഎക്‌സ് ആണ് ബൈജു അഭിനയിച്ച് അവസാനമായി തിയേറ്ററുകളിൽ എത്തിയ സിനിമ. 80 കോടി കളക്ഷനൊടെ ചിത്രം ബോക്‌സ് ഓഫീസിൽ ഗംഭീരമായി മുന്നേറിയിരുന്നു. നിലവിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ എൽ2: എമ്പുരാനിലും ബൈജു അഭിനയിക്കുന്നുണ്ട്.












Click it and Unblock the Notifications