വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി മഹേഷ് കുഞ്ഞുമോൻ; സമ്മാനങ്ങളുമായി സർപ്രൈസ് നൽകി ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി താരങ്ങളിൽ ഒരാളാണ് മഹേഷ് കുഞ്ഞുമോൻ. നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും ചാനൽ പരിപാടികളിലൂടെയും എല്ലാവർക്കും പ്രിയങ്കരനായ താരം ശബ്‌ദാനുകരണ കലയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയ ആളുകളിൽ ഒരാളാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് മഹേഷിന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂർത്തീകരിക്കപ്പെട്ടത്.
നിനച്ചിരിക്കാത്ത നേരത്ത് തന്റെ വീട്ടിലേക്ക് കടന്നുവന്ന അതിഥിയെ കണ്ട് ശരിക്കും മഹേഷ് ഞെട്ടിപ്പോയി. നടൻ ദിലീപ് ആയിരുന്നു അത്. മലയാള സിനിമയിലെ ജനപ്രിയ നായകൻ മിമിക്രി മേഖലയിലെ ജനപ്രിയനെ കാണാൻ എത്തിയത് അസുലഭ നിമിഷമായി. ഇതോടെ ദിലീപേട്ടനെ കാണാനുള്ള മഹേഷിന്റെ വലിയ ആഗ്രഹവും നിറവേറി.

കോലഞ്ചേരിയിലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തിയായിരുന്നു ദിലീപ് സർപ്രൈസ് നൽകിയത്. മഹേഷിന്റെ മിമിക്രി വീഡിയോകളുടെ സ്ഥിരം ആരാധകനായ ദിലീപ് കഴിഞ്ഞ കുറച്ചധികം നാളുകളായി താരത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഇതിനുള്ള അവസരം ഒത്തുവന്നത്.
ഇരുവരും ഒരുമിച്ചുള്ള ചിത്രം നന്ദി അറിയിച്ചുകൊണ്ട് മഹേഷ് കുഞ്ഞുമോൻ തന്നെ ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ചിത്രങ്ങളിൽ മഹേഷിന്റെ വീട്ടിൽ താരത്തിനൊപ്പം ഇരിക്കുന്ന ദിലീപിനെ കാണാം.
കൂടാതെ ദിലീപ് ഫാൻസ് അസോസിയേഷൻ ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മിമിക്രിയിൽ നിന്ന് സിനിമയിൽ എത്തി നായകനായ ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ദിലീപ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത എന്നാണ് ചില ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ജയറാം, ജയസൂര്യ തുടങ്ങിയ താരങ്ങളും മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.
അതേസമയം, ശബ്‌ദാനുകരണ വീഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായ മഹേഷ് കുഞ്ഞുമോൻ വലിയൊരു അപകടത്തിന് ശേഷമുള്ള വിശ്രമത്തിലാണ്. പ്രമുഖ മിമിക്രി താരം കൂടിയായിരുന്ന കൊല്ലം സുധി മരണപ്പെട്ട അപകടത്തിലാണ് മഹേഷ് കുഞ്ഞുമോനും സാരമായി പരിക്കേറ്റത്.
ഇരുവരെയും കൂടാതെ മറ്റൊരു പ്രധാന താരമായ ബിനു അടിമാലിയും അപകടം സംഭവിച്ച കാറിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിനും സാരമായി പരിക്കേറ്റിരുന്നു. വടകരയിൽ ഫ്‌ളവേഴ്‌സ് ചാനൽ സംഘടിപ്പിച്ച മെഗാ ഷോയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണമായ അപകടം. ഇതിന് ശേഷം വിശ്രമത്തിലായിരുന്നു മഹേഷ് കുഞ്ഞുമോൻ. വീണ്ടും പൊതുവേദികളിൽ എത്തി തുടങ്ങിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളൂ.












Click it and Unblock the Notifications